പഞ്ചാബില്‍ ബിജെപിക്ക് ഉറച്ച പ്രതീക്ഷയുള്ള മണ്ഡലങ്ങളുണ്ട് അതിലൊന്നാണ് ഹിന്ദു ഭൂരിപക്ഷ മേഖലയായ പഠാൻകോട്ട്. ഇവിടെ ഹിന്ദു ഭൂരിപക്ഷ മേഖലയായ മൂന്ന് നിയമസഭ മണ്ഡലങ്ങളിലും വലിയ മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കുമെന്നാണ് ബിജെപി പ്രതീക്ഷ.
അതേസമയം ആം ആദ്മിയുടെ കടന്നുകയറ്റം ബിജെപിയുടെ പ്രതീക്ഷകള്‍ അസ്ഥാനത്ത് എത്തിയിരിക്കുന്നു. ബിജെപി ഭരിക്കുന്ന ഗുരുദാസ്പൂർ ലോക്സഭ മണ്ഡലത്തിലെ 10 നിയമസഭ മണ്ഡലങ്ങളിൽ പഠാൻകോട്ടാണ് ഏറ്റവും ഉറ്റുനോക്കപ്പെടുന്ന മണ്ഡലം. ഇവിടെ നിലവിൽ കോൺഗ്രസിന്റെ അമിത് വിജ് ആണ് എം എൽ എ. 2017 ൽ 10 വർഷത്തെ ബിജെപി ആധിപത്യം അവസാനിപ്പിച്ച് 11,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജ് ഇവിടെ വിജയിച്ചത്.
ഇത്തവണ തങ്ങളുടെ ശക്തികേന്ദ്രം പിടിച്ചെടുക്കുന്നതിന് സംസ്ഥാന അധ്യക്ഷനായ അശ്വനി ശർമ്മയെ ആണ് ബി ജെ പി രംഗത്തിറക്കിയത്. എന്നാൽ കോൺഗ്രസും ബിജെപിയും നേർക്ക് നേർ ഏറ്റുമുട്ടുന്ന മണ്ഡലത്തിൽ ഇത്തവണ ആം ആദ്മിയുടെ ശക്തമായ കടന്നുവരവാണ് ബി ജെ പിക്ക് മുന്നിൽ പ്രതിസന്ധി തീർക്കുന്നത്. മുൻ കോൺഗ്രസ് നേതാവും പഠാൻകോട്ട് ഇംപ്രൂവ്മെന്റ് ട്രെസ്റ്റ് ചെയർമാനുമായിരുന്ന വിഭൂതി ശർമ്മയാണ് ഇവിടെ ആപ് സ്ഥാനർത്ഥി. തന്റെ കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് ഇക്കഴിഞ്ഞ ഒക്ടോബറിലാണ് വിഭൂതി ശർമ്മ ആം ആദ്മിയിൽ ചേർന്നത്.
മേഖലയിൽ ശക്തമായ സ്വാധീനമുള്ള നേതാവാണ് അദ്ദേഹം. 2017 ൽ 6000 വോട്ടുകളായിരുന്നു എഎപിയുടെ രാജ് കുമാറിന് ലഭിച്ചത്. ശിരോമണി അകാലിദളുമായി (എസ്എഡി) സഖ്യത്തിൽ മത്സരിക്കുന്ന ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) അഭിഭാഷകനായ ജ്യോതിപാലിനെയാണ് ഇവിടെ നിന്ന് മത്സരിപ്പിക്കുന്നത്. മണ്ഡലത്തിൽ ബിഎസ്പിക്ക് കാര്യമായ സ്വാധീനം ഇല്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിഎസ്പി സ്ഥാനാർഥി അങ്കുർ ഖജൂരിയക്ക് ഇവിടെ നിന്ന് ലഭിച്ചത് വെറും 470 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
എന്നിരുന്നാലും ഇക്കുറി ബിഎസ്പി സ്ഥാനാർത്ഥിയെ പിന്തുണച്ച് എസ്എഡി തങ്ങളുടെ മുതിർന്ന നേതാക്കളെ മണ്ഡലത്തിൽ പ്രചരണത്തിനായി നിയോഗിച്ചിട്ടുണ്ട്, ഇത് ബിജെപി സാധ്യതകളെ സ്വാധീനിച്ചേക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്.ഗുരുദാസ്പൂരിൽ നിന്നുള്ള എംപിയായ സണ്ണി ഡിയോളിന്റെ മണ്ഡലത്തിലെ അസാന്നിധ്യവും ബിജെപിക്ക് തലവേദന തീർക്കുന്നുണ്ട്. മണ്ഡലത്തിലേക്ക് തിരിഞ്ഞ് നോക്കാത്ത എംപിയ്ക്കെതിരെ മേഖലയിൽ കടുത്ത ജനരോഷം നിലനിൽക്കുന്നുണ്ട്.
അദ്ദേഹത്തിന്റെ അഭാവം പത്താൻകോട്ടിൽ മാത്രമല്ല, ഗുരുദാസ്പൂർ പാർലമെന്റ് മണ്ഡലത്തിലെ മറ്റ് മണ്ഡലങ്ങളിലും പാർട്ടിക്ക് വലിയ നഷ്ടം വരുത്തുമെന്ന് നേതാക്കൾ തന്നെ ചൂണ്ടിക്കാട്ടുന്നു. അതേസമയം കടുത്ത മത്സരം നേരിടുന്ന സാഹചര്യത്തിൽ സാക്ഷാൽ പ്രധാനമന്ത്രിയെ തന്നെ ഇറക്കി പ്രചരണം കടുപ്പിച്ചിരിക്കുകയാണ് പഠാൻകോട്ടിൽ ബിജെപി. തന്റെ പ്രസംഗത്തിലുടനീളം ആം ആദ്മിയേയും കോൺഗ്രസിനേയും കടന്നാക്രമിക്കുന്ന മോഡിയേയായിരുന്നു കഴിഞ്ഞ ദിവസം കണ്ടത്.
ആം ആദ്മിയും കോൺഗ്രസും ഒരേ തൂവൽ പക്ഷികളാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ പരിഹാസം. ദേശസുരക്ഷ ഉയർത്തിക്കൊണ്ടായിരുന്നു ഇവിടെ പ്രചരണം. സൈന്യത്തിന്റെ സേവനത്തെ കോൺഗ്രസും ആം ആദ്മിയും ഇകഴ്ത്തുകയാണെന്നും പഠാന്‍കോട്ട് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരെ പാർട്ടികൾ അപമാനിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തിയിരുന്നു.
എന്നാൽ എത്രയൊക്കെ ദേശസുരക്ഷ ഉയർത്തിയാലും നേരത്തേ ബി ജെ പിക്ക് വോട്ട് ചെയ്തവരിൽ പലരും ഇക്കുറി ആപിന് വോട്ട് നൽകുമെന്നാണ് ഗ്രാമവാസികൾ,ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ പോലും ബിജെപിക്ക് പഞ്ചാബില്‍ ലഭിച്ചത് വെറും 9 ശതമാനം വോട്ടാണ്.
ഇക്കുറി ആകട്ടെ കർഷക നിയമങ്ങളുടെ പശ്ചാത്തലത്തിൽ ബിജെപിക്കെതിരെ ശക്തമായ ജനരോഷവും നിലനിൽക്കുന്നുണ്ട്.
English Sumamry:In Punjab, despite Modi’s campaign for the BJP, farmers’ anger is unfavorable; Pathankot Aam Aadmi Party is a big headache
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.