
തമിഴ്‌നാട്ടില്‍ ഇരുചക്രവാഹനങ്ങളിൽ ഇനി മുതല്‍ ഇടിയപ്പം വില്‍ക്കണമെങ്കില്‍ ലൈസന്‍സ് നിര്‍ബന്ധമാക്കി. ഗുണനിലവാരമില്ലാത്ത ഇടിയപ്പം കഴിച്ച് പലര്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് നടപടി. സംസ്ഥാനത്തുടനീളം സൈക്കിളുകളിലും മറ്റ് ഇരുചക്ര വാഹനങ്ങളിലും ഇടിയപ്പം വില്‍ക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഇവര്‍ ഇനി മുതല്‍ ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് എടുക്കണമെന്ന് തമിഴ്നാട് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു.
തമിഴ്നാട്ടിലെ ജനപ്രിയ പ്രഭാതഭക്ഷണമാണ് ഇടിയപ്പം. ചില സ്ഥലങ്ങളില്‍ നിലവാരമില്ലാത്തതും വൃത്തിരഹിതമായ ഇടിയപ്പം വില്‍ക്കുന്നതായി പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഭക്ഷ്യ സുരക്ഷ, ശുചിത്വം, ഗുണനിലവാരം എന്നിവ ഉറപ്പാക്കുന്നതിനാണ് ഈ നടപടിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നിര്‍ദ്ദേശിച്ചിട്ടുള്ള ഭക്ഷ്യസുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കണം ഇടിയപ്പം തയ്യാറാക്കേണ്ടതെന്നും നിര്‍ദ്ദേശമുണ്ട്. തയ്യാറാക്കുമ്പോഴും സൂക്ഷിക്കുമ്പോഴും വില്‍ക്കുമ്പോഴും ശുചിത്വം പാലിക്കാനും സുരക്ഷിതവും അംഗീകൃതവുമായ വസ്തുക്കള്‍ മാത്രമേ ഇവ തയാറാക്കാനായി ഉപയോഗിക്കാവൂവെന്നും നിര്‍ദ്ദേശം നല്‍കി.
ഇടിയപ്പം നിര്‍മ്മിക്കുന്നതിനും വില്‍ക്കുന്നതിനുമുള്ള ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് ഓണ്‍ലൈന്‍ വഴി സൗജന്യമായി ലഭിക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ലൈസന്‍സിന് ഒരു വര്‍ഷത്തേക്ക് സാധുത ഉണ്ടായിരിക്കും, പിന്നീട് അത് പുതുക്കണം. പനി, അണുബാധ പോലെ പകര്‍ച്ചവ്യാധികള്‍ ബാധിച്ച വ്യാപാരികള്‍ ഇടിയപ്പം തയ്യാറാക്കുന്നതിലോ വില്‍ക്കുന്നതിലോ ഏര്‍പ്പെടരുതെന്നും, ഇത് ഉപഭോക്താക്കള്‍ക്ക് ആരോഗ്യപരമായ അപകടങ്ങള്‍ ഉണ്ടാക്കുമെന്നും വകുപ്പ് മുന്നറിയിപ്പ് നല്‍കി. നിയമങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും വകുപ്പ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.