ഒരിക്കൽ കൂടി സിംഗപ്പൂർവഴി വിയറ്റ്നാമിന്റെ മണ്ണിൽ കാലു കുത്തുമ്പോൾ സ്വതന്ത്ര വിയറ്റ്നാമിന്റെ ആദ്യ പ്രസിഡന്റും പ്രധാനമന്ത്രിയും രാഷ്ട്രപിതാവും ഒക്കെയായിരുന്നു വിപ്ലവ പോരാളി ഹോ ചിമിന്റെ ഭൗതികശരീരം കാണുക കൂടിയായിരുന്നു പ്രധാനലക്ഷ്യം. കഴിഞ്ഞ യാത്രയിൽ തെക്കൻ വിയറ്റ്നാമിലെ സൈഗോൺ നഗരത്തിലൂടെ ആയിരുന്നു എന്റെ യാത്ര. അന്നത്തെ യാത്രയിൽ സൈഗോണിൽ നിന്നും വിമാനമാർഗം ഹാനോയിയിൽ എത്തി ഹോ ചിമിന്റെ ഭൗതിക ശരീരം കാണാൻ ശ്രമിച്ചിരുന്നു. എന്നാൽ അന്ന് മൃതദേഹം പരിപാലിക്കുന്നതിനുമായി ബന്ധപ്പെട്ടു റഷ്യയിലെ മോസ്കോയിൽ ലെനിൻ മുസോളിയത്തിൽ കൊണ്ടുപോയിരുന്നു. ഇക്കുറി ഹാനോയിയിൽ വിമാനമിറങ്ങിയ തൊട്ടടുത്ത ദിവസം ആദ്യം മുസോളിയം സന്ദർശിക്കാൻ തീരുമാനിച്ചിരുന്നു.
കർശന സുരക്ഷാ പരിശോധനയും നീണ്ട ക്യൂവും തരണം ചെയ്താൽ മാത്രമേ പ്രവേശിക്കാനാകൂ. 70 അടി ഉയരമുള്ള മുസോളിയത്തിന്റെ താഴത്തെ നിലയിലെ ശീതീകരിച്ച ഇരുണ്ട വെളിച്ചമുള്ള മുറിയിൽ കഴിഞ്ഞ 54 വർഷക്കാലമായി ആ വിപ്ലവകാരിയുടെ ഭൗതികശരീരം അതേപടി ഔദ്യോഗികപദവിയോടെ ചുറ്റും തോക്കേന്തിയ പട്ടാളക്കാരുടെ കാവലിൽ വിശ്രമിക്കുന്നു. ഇതിന്റെ കാവൽ പട്ടാളത്തിനാണ്. പരേഡ് ചെയ്തതാണ് ഡ്യൂട്ടി അവർ ഏറ്റെടുക്കുന്നത്. ആയിരങ്ങൾ സ്വദേശികളും വിദേശികളും ആ പോരാളിയെ കണ്ടു മടങ്ങുമ്പോൾ തന്നെ നിശബ്ദതയാണ് എങ്ങും. ഭൗതികശരീരം ഫോട്ടോയെടുക്കാൻ അനുവാദമില്ല. തലയിൽ തൊപ്പിയോ, മൊബൈൽ ഫോൺ ഉപയോഗമോ
ഒന്നും ഇവിടെ പാടില്ല. നടന്നുകണ്ടു മടങ്ങണം. ഭൗതിക ശരീരത്തിന് ചുറ്റുമായി പട്ടാളം കാവൽ നിൽപ്പുണ്ട്. മുസോളിയത്തിൽ നിന്നും പുറത്തിറങ്ങിയാൽ ആ ചത്വരത്തിൽ ഹോ ചിമിന്റെ ഓഫീസും താമസിച്ച മുറിയും അതിഥികളുമായി ഭക്ഷണം കഴിച്ചിരുന്ന ഹാളും ഒക്കെ കാണാം. പ്രസിഡണ്ട്, പ്രധാന മന്ത്രി പദവി അലങ്കരിച്ചപ്പോൾ ഉപയോഗിച്ച് കാറുകൾ അമൂല്യമായി തന്നെ സൂക്ഷിച്ചിട്ടുണ്ട്. വളരെ ലളിതമായ ജീവിതശൈലി ആയിരുന്നു ആ വിപ്ലവകാരി നയിച്ചിരുന്നത് എന്നത് അദ്ദേഹത്തിന്റെ കിടപ്പുമുറിയും എഴുത്തു മുറിയുമൊക്കെ കാണുമ്പോൾ വ്യക്തമാകും. സ്വദേശികളും വിദേശികളുമായി ആയിരക്കണക്കിനാളുകളാണ് അദ്ദേഹത്തിന്റെ ഭവനവും മറ്റും ദിനംപ്രതി സന്ദർശിക്കുന്നത്.
തലസ്ഥാനവും വളരെ തിരക്കേറിയ ഒരു നഗരമാണ് ഹാനോയ് അന്താരാഷ്ട്രവിമാനത്താവളമായ നോയ് ബാൻ വൃത്തിയും ഭംഗിയുള്ളതുമായൊരു എയർപോർട്ടാണ്. ഹോ ചിമിൻ സിറ്റിയിലെ താൻ സാൻ നാത് വിമാന ത്താവളത്തോളം വലുതല്ല ഹാനോയ് അന്താരാഷ്ട്ര വിമാനത്താവളം. ഹോചിമിൻ സിറ്റിയുമായി താരതമ്യം ചെയ്യുമ്പോൾ ഹാനോയ് ചെറിയൊരു നഗരമാണ്. ഹോചിമിൻ സിറ്റിയോളം തിരക്കുമില്ല നഗരം ചുറ്റി കാണാൻ എളുപ്പമാർഗം റെഡ് ബസിലെ യാത്രയാണ്. 24മണിക്കൂർ സഞ്ചരിക്കാവുന്ന യാത്രാ ടിക്കറ്റിന് നമ്മുടെ 1500 രൂപ മുടക്കിയാൽ മതി. നഗരത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളും ഹാനോയ് നഗരം ചുറ്റി കാണാനും ഇതാണ് സൗകര്യം. നഗരത്തിലെ ഓപ്പറ ഹൗസ് ഹോം കിം തടാകം യുദ്ധസ്മാരകം, ഹോചിമിൻ മുസോളിയം പോസ്റ്റ് ഓഫീസ്, പൊലീസ് മ്യൂസിയം തുടങ്ങിയ പ്രധാന കേന്ദ്രങ്ങൾ കയറി സഞ്ചരിക്കാൻ പാകത്തിൽ അരമണിക്കൂർ ഇടവേളകളിൽ ബസ് ടൂറിസ്റ്റ് കേന്ദ്രങ്ങളിലൂടെ കടന്നു പോകുമ്പോൾ ഒരു സഞ്ചാരിക്ക് സൗകര്യപ്രദമായി കയറിയിറങ്ങി ഇവയെല്ലാം കണ്ടു മടങ്ങാം. പൊതുവേ നല്ല ചൂടുള്ള കാലാവസ്ഥയാണ് ഹാനോയിയിൽ. അതിനാൽ യാത്ര തെല്ലു ദുഷ്കരവും ആണ്.
ഹാനോയ് മറ്റൊരാകർഷണം ഇവിടത്തെ ട്രെയിൻ തെരുവാണ് കച്ചവടകേന്ദ്രങ്ങൾക്കിടയിലൂടെ തൊട്ടുരുമി എന്നമട്ടിലാണ് ട്രെയിൻ പോകുന്നത്. ടിക്കറ്റ് ഒന്നുമില്ല. എന്നാൽ ടൂറിസത്തിന് വിദഗ്ധമായ ഒരു കൗശലം ഇവിടെ വിജയകരമായി നടപ്പാക്കുന്നുണ്ട്. ട്രെയിൻ തെരുവിൽ കയറണമെങ്കിൽ ഇരുവശത്തുമുള്ള കടകളിൽ ഒന്നിൽ നിന്ന് ശീതളപാനീയങ്ങൾ ഓർഡർ നൽകണം. അല്ലെങ്കിൽ തെരുവിലുള്ള ബ്യൂട്ടിപാർലർ കയറി ഒന്നു മിനുങ്ങിയാലും മതി. ആദ്യ കടയുടെ അകത്തുകൂടി ട്രെയിൻ തെരുവിൽ പ്രവേശിക്കാം. കടയുടെ പ്രതിനിധികൾ ടൂറിസ്റ്റുകളെ റാഞ്ചാൻ മത്സരിക്കുകയും ചെയ്യുന്നുണ്ട്. പലരും ദീർഘനേരത്തെ ട്രെയിൻ കാത്തിരിപ്പിൽ പലതവണ ജ്യൂസും മറ്റും ഓർഡർ നൽകും. കച്ചവടം മൂന്നിരട്ടി ആകും. ഒരു തെരുവിനെ മുൻനിർത്തി എത്ര കുടുംബങ്ങളാണ് ഇവിടെ ടൂറിസത്തിന്റെ അനന്തസാധ്യതകൾ മുതലാക്കി മാന്യമായി ജീവിക്കുന്ന കാഴ്ച. ഇത്തരം വേറിട്ട ടൂറിസം ഒരു നാടിന്റെയും അവിടത്തെ ജനതയുടെയും വികസന കുതിപ്പിന്റെ നേർക്കാഴ്ചയായി ട്രെയിൻ സ്ട്രീറ്റ് മാറുന്നു. എത്ര ഭംഗിയായി ഒരു തെരുവിനെ അവർ വിപണനം ചെയ്യുന്നു. വിയറ്റ്നാമിലെ സ്ത്രീകൾ പൊതുവെ അധ്വാനശീലർ ആണ്. തെക്കൻ വിയറ്റ്നാമിലൂടെ സഞ്ചരിച്ചപ്പോഴും അതനുഭവിച്ചതാണ്. അതിരാവിലെ തന്നെ തെരുവുകളിൽ വിൽപ്പനക്കായി പഴവർഗങ്ങളും മറ്റുമായി പ്രത്യേകതരം കുട്ടകളിൽ തോളിലും സൈക്കിളിലും മറ്റുമായി സ്ത്രീകൾ തെരുവിലൂടെ കടന്നു പോകുന്ന കാഴ്ചയും വ്യത്യസ്തമാണ്.
ഹാനോയിയിൽ നിന്നും വളരെ ദൂരെയല്ലാതെ സ്ഥിതിചെയ്യുന്ന രണ്ട് ടൂറിസ്റ്റ് ആകർഷണങ്ങളാണ് തെക്കുകിഴക്കായി 98 കിലോമീറ്റർ സഞ്ചരിച്ചാൽ എത്താവുന്ന പുരാതന വിയറ്റ്നാമിന്റെ തലസ്ഥാനമായിരുന്ന നിൻ ബിന്ഹ പ്രവിശ്യ. ടാം കോക് നദിയിലൂടെ യന്ത്രവൽകൃതമല്ലാത്ത ബോട്ടിലൂടെ കൃഷിയിടങ്ങൾക്കിടയിലൂടെ രണ്ടുമണിക്കൂർ നീളുന്ന യാത്ര ഒട്ടും വിരസതയാവില്ല. മലമടക്കുകളും കൃഷിയിടങ്ങൾക്കിടയിലൂടെ നദിയിലൂടെയുള്ള യാത്ര ഒരു സഞ്ചാരിയെ നിരാശപ്പെടുത്തില്ല. വടക്കുകിഴക്കായി 160 കിലോമീറ്റർ യാത്ര ചെയ്താൽ കിഴക്കൻ കടൽതീരത്തെ ഹാലോങ്ങ് ബെയിൽ എത്താം. പാറക്കെട്ടുകൾക്കിടയിലൂടെയുള്ള ബോട്ട് യാത്രയും അവിസ്മരണീയം തന്നെ. ഈ രണ്ടു സ്ഥലവും യുനെസ്കോയുടെയുടെ പൈതൃക പട്ടികയിൽ ഇടംപിടിച്ച പ്രദേശങ്ങളാണ്. ഹാനോയ് നഗരത്തിൽ എത്തിയിട്ട് നമ്മുടെ ബഡ്ജറ്റിനു അനുസൃതമായ ടൂർ പാക്കേജുകൾ തെരഞ്ഞെടുക്കാവുന്നതാണ് ഉചിതം. ഒട്ടേറെ ടൂർ ഓപ്പറേറ്റർമാർ ഒരേ സ്ഥലത്തേക്ക് പല നിരകളാണ് ഈടാക്കുന്നത്. യുക്തവും ചെലവ് കുറഞ്ഞതുമായ ടൂർ തെരഞ്ഞെടുത്താൽ വലിയ തുക ചിലവില്ലാതെ കണ്ടു മടങ്ങാം.
കടുത്ത ചൂടായിരുന്നു യാത്രയിൽ വില്ലനായത്. ഭാഷാ പ്രശ്നവും സങ്കീർണമാണ്. ഇംഗ്ലീഷ് ഭാഷയോടു യാതൊരു മമതയും ഹാനോയിയിൽ പ്രതീക്ഷിക്കേണ്ട. ഗൂഗിൾ ട്രാൻസ്ലേറ്റ് ഉപയോഗിക്കാതെ മുന്നോട്ടുപോകാൻ സാധിക്കില്ല. പാക്കേജ് ടൂറിൽ എത്തുന്ന സഞ്ചാരികൾക്ക് ഗൈഡുകൾ നയിക്കുമ്പോൾ ഇത്തരം പ്രതിസന്ധികൾ ഒന്നും നേരിടേണ്ടി വരുന്നില്ല. ഒറ്റയ്ക്ക് എത്തുന്ന സഞ്ചാരികൾക്ക് ഒട്ടേറെ പ്രതിസന്ധികൾ മുന്നിലുണ്ട് താനും. . കഴിഞ്ഞ ഡിസംബറിൽ ബാലി ദ്വീപ് യാത്രയിൽ ഡെൻപസർ വിമാനത്താവളത്തിൽ കടുത്ത എമിഗ്രേഷൻ നടപടികൾ നേരിട്ടപ്പോൾ ഹാനോയിയിൽ അത്രയ്ക്ക് ദുഷ്കരം അല്ലായിരുന്നു. ഒറ്റയ്ക്ക് എത്തുന്ന സഞ്ചാരി ആദ്യം ചെയ്യേണ്ടത് ഗ്രാബ് വിയറ്റ്നാം എന്ന മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക എന്നതാണ്. മോട്ടോർബൈക്ക്, കാർ ടാക്സി എന്നിവ മിതമായ നിരക്കിൽ ഇതിൽ ലഭ്യമാകും ഒറ്റയ്ക്കാണെങ്കിൽ നഗരത്തിൽ എവിടെയും എത്താൻ എളുപ്പം ചെലവുകുറഞ്ഞത് ഗ്രാബ് ടാക്സി തന്നെയാണ്. അല്ലാതെ വിളിച്ചാൽ മൂന്നിരട്ടി തുകയെങ്കിലും ചോദിച്ചെന്നിരിക്കും. ഹാനോയിയിലെ ഗ്രാബ് ഡ്രൈവർമാർ സത്യസന്ധരും സൗഹൃദരുമാണ്. ഭാഷയാണ് ഏക തടസം. ട്രാഫിക് നിയമങ്ങൾ നിയമങ്ങൾ പാലിക്കുന്നതിൽ ഇന്ത്യക്കാരെ കടത്തിവെട്ടും ഒരു പക്ഷെ വിയറ്റ്നാമിലെ ഹാനോയ് വാസികൾ. സിഗ്നൽ ഒന്നും നോക്കാതെ ബൈക്ക് ടാക്സികാർ തലങ്ങും വിലങ്ങും ഓടുന്നതാണ് കാഴ്ച. ഒരു സഞ്ചാരിയെ വലയ്ക്കുന്ന ഒട്ടേറെ ചെറു വഴികളും ഈ നഗരത്തിലുണ്ട്
എട്ട് ദിവസത്തെ യാത്ര അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാൻ നോയ് ബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുമ്പോൾ ഈ നഗരത്തോട് എന്നെന്നേക്കുമായി വിട പറയുക ആയിരുന്നില്ല. തൽക്കാലം അനിവാര്യമായ ഒരു യാത്ര പറച്ചിൽ. സൗഹൃദരായ ഒരു ജനത, മരത്തണലുകൾ നിറഞ്ഞ തെരുവുകൾ എല്ലാം ഓർമയിൽ കടന്നു വരുമ്പോൾ ഈ നഗരത്തോട് ഇനിയില്ല ഇവിടേയ്ക്ക് എന്ന് പറയാൻ സാധിക്കില്ല. ഹോചിമിന്റെ വിശ്രമിക്കുന്ന ഈ നഗരത്തിൽ ഇനിയും ഞാനെത്തും. ഇവിടത്തെ സൗഹൃദമായ ജനതയെ ഇനിയും കാണും എന്ന് ഉറപ്പിച്ചായിരുന്നു എന്റെ മടക്കയാത്ര.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.