28 December 2025, Sunday

Related news

December 27, 2025
December 27, 2025
December 24, 2025
December 21, 2025
December 21, 2025
December 21, 2025
December 19, 2025
December 17, 2025
December 15, 2025
December 12, 2025

ചിറകറ്റു വീണ പൂങ്കുയിൽ

ജി ഷഹീദ്
November 23, 2025 7:15 am

ലയാള സിനിമയിൽ ഒരു കാലഘട്ടത്തിന്റെ മനസ് കീഴടക്കിയ ‘നീലക്കുയിൽ’ ആയിരുന്നു മിസ് കുമാരി. ബ്ലാക്ക് ആന്റ് വൈറ്റ് യുഗത്തിലെ തരംഗമായിരുന്ന ആ നായിക കഥാവശേഷയായിട്ട് ആറു പതിറ്റാണ്ടാവുമ്പോഴും വെള്ളിത്തിരയിലെ ആ പാട്ടും നൃത്തവുമൊക്കെ മലയാളികൾക്ക് മധുര സ്മൃതികളാണ്. പ്രേക്ഷകരെ പോലെ നേർത്ത ഓർമ്മ മാത്രമാണ് മിസ് കുമാരിയെക്കുറിച്ച് മകൻ ബാബു തളിയത്തിനുമുള്ളത്. 37-ാം വയസിൽ അമ്മ വിട പറയുമ്പോൾ ബാബുവിന് മൂന്നുവയസ് തികഞ്ഞിട്ടില്ല. ഓർമ്മ വച്ച നാൾ മുതൽ അമ്മയുടെ ആത്മാവ് തേടിയുള്ള യാത്രയിലാണ് ഈ മകൻ. ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ ബാബുവിന്റെ മനസ് ഇന്നും അമ്മയെ തേടിയുള്ള യാത്രയിലാണ്. അമ്മയുടെ പഴയ സിനിമകൾ കണ്ട് സന്തോഷിക്കും.…ഇടയ്ക്ക് സങ്കടം വരുമ്പോൾ കണ്ണു തുടയ്ക്കും. നാട്ടിലുള്ളപ്പോൾ ഭരണങ്ങാനം പള്ളിയിൽ അമ്മയുടെ ശവകുടീരത്തിനടുത്തെത്തി ബാഷ്പാഞ്ജലിയർപ്പിക്കും. സത്യനോടൊപ്പം മിസ്‌കുമാരി അഭിനയിച്ച ചിത്രമായ ‘നീലക്കുയില്‍’ പ്രേക്ഷക മനസുകള്‍ കീഴടക്കി. 1954ല്‍ ചിത്രം ആദ്യമായി രാഷ്ട്രപതിയുടെ വെള്ളിമെഡല്‍ നേടിയതോടെ മലയാള സിനിമ ദേശീയ തലത്തില്‍ പ്രശസ്തമായി. മലയാളത്തിലെ ആദ്യത്തെ ലേഡി സൂപ്പര്‍സ്റ്റാറായി മിസ് കുമാരിയുടെ ഉയര്‍ച്ച പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചു. പ്രേംനസീറിനോടൊപ്പവും അഭിനയിച്ചു. നിരവധി ചിത്രങ്ങളിലൂടെ വിജയഗാഥ തുടര്‍ന്നുവെങ്കിലും ജീവിതത്തില്‍ നിന്നും സിനിമയില്‍ നിന്നും പാതി വഴിക്ക് വെച്ച് മിസ്‌കുമാരി എന്ന പൂങ്കുയില്‍ ചിറകറ്റ് വീണു. അമ്മയെന്ന നഷ്ടസ്വര്‍ഗത്തിന്റെ ഒരു സിനിമയേക്കാള്‍ ആഴത്തിലുള്ള ഹൃദയസ്പര്‍ശിയായ രംഗങ്ങള്‍ പ്രൊഫ. ബാബു തളിയത്തിന്റെ ജീവിതത്തില്‍ നിറഞ്ഞു നില്‍ക്കുന്നു.

ഭരണങ്ങാനത്തെ പ്രശസ്തമായ കൊല്ലംപറമ്പില്‍ കെ സി തോമസിന്റെ മകള്‍ ത്രേസ്യാമ്മ എന്ന മിസ്‌കുമാരി മലയാള മണ്ണില്‍ ഇപ്പോഴും അനശ്വരയായി നിലകൊള്ളുന്നു. കൊച്ചിയിലെ പ്രമുഖ ബിസിനസുകാരനായ ടി കെ പരീക്കുട്ടി ചന്ദ്രതാര പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച ‘നീലക്കുയില്‍’ മലയാളി സിനിമക്ക് നല്‍കിയ നവ്യമായ മാനം ചരിത്രത്തിന്റെ ഭാഗമാണ്. പി ഭാസ്‌കരനും രാമുകാര്യാട്ടുമായിരുന്നു സംവിധാനം ചെയ്തത്. 1965ല്‍ രാമുകാര്യാട്ടിന്റെ ‘ചെമ്മീന്‍’ ആദ്യമായി മലയാള സിനിമയ്ക്ക് സ്വര്‍ണമെഡല്‍ നേടിക്കൊടുത്തു പുതിയ ചരിത്രവും സൃഷ്ടിച്ചു. ആ ചിത്രം രണ്ട് തവണ മിസ്‌കുമാരി കണ്ടു. വീട്ടിലുള്ള ഗ്രാമഫോണ്‍ റിക്കാര്‍ഡില്‍ നിന്ന് എത്രയോ തവണ ചെമ്മീനിലെ പാട്ടുകള്‍ ആസ്വദിച്ചു. 1963 ലാണ് എഫ്എസിടിയില്‍ എഞ്ചിനീയറായ ഹോര്‍മിസ് തളിയത്തിനെ മിസ്‌കുമാരി വിവാഹം കഴിച്ചത്. അതോടെ അഭിനയം നിര്‍ത്തി. ‘അരക്കില്ലമായിരുന്നു അവസാന ചിത്രം. ഇളയമകനാണ് ബാബു തളിയത്ത്. രണ്ട് മൂത്ത സഹോദരമാരുണ്ട്. 1969ല്‍ അമ്മ മരിച്ചപ്പോള്‍ മൂന്ന് കുട്ടികളെയും അപ്പൂപ്പനായ കെ സി തോമസ് ഭരണങ്ങാനത്ത് കൊണ്ടുപോയി. കുട്ടികള്‍ അവിടെ വളര്‍ന്നു.

ഹോര്‍മിസ് തളിയത്ത് വീണ്ടും വിവാഹിതനായി. അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ അറിയില്ല. വീട്ടിലെ ആല്‍ബത്തിലെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളിലാണ് അമ്മയുടെ മുഖം ആദ്യമായി കണ്ടതെന്ന് പ്രൊഫ. ബാബു തളിയത്ത് പറയുന്നു. അപ്പൂപ്പനും അമ്മൂമ്മയും ഏലിയും ചേര്‍ന്ന് കുട്ടികളെ ചിത്രം കാണിച്ചു. അമ്മ എവിടെ? ആകാംക്ഷയോടെ ബാബു തളിയത്ത് ചോദിക്കും. വികാരാധീനനായി അമ്മൂമ്മ പറയും ”അമ്മ സ്വര്‍ഗത്തിലാണ്.” ശുഭവസ്ത്രമണിഞ്ഞ് ചിറകുകള്‍ വിടര്‍ത്തി മാലാഖയെപ്പോലെ അമ്മയെ അപ്പോള്‍ ബാബു തളിയത്ത് സ്വപ്‌നത്തിലെന്ന പോലെ കാണും. കണ്ണുനീര്‍ ത്തുള്ളികള്‍ കവിള്‍ത്തടങ്ങളിലൂടെ അടര്‍ന്ന് വീഴുമ്പോള്‍ അത് അമ്മൂമ്മ തുടച്ചു നീക്കും. അദൃശ്യയായ അമ്മയെ ഓര്‍ത്ത് മകന്‍ കരഞ്ഞു. ”ഏഴ് വയസുള്ളപ്പോള്‍ അമ്മയുടെ തെളിഞ്ഞ മുഖം ആദ്യമായികണ്ടു. അമ്മയുടെ ശബ്ദം ആദ്യമായി കേട്ടു. ഞാന്‍ കോരിത്തരിച്ചു പോയി. ജീവിതത്തില്‍ അത് മറക്കാനാവാത്ത അനുഭവമായി മാറി. പ്രൊഫ. ബാബുതളിയത്ത് ഓര്‍മ്മിച്ചു. അന്നാണ് വീട്ടുവളപ്പില്‍ അപ്പൂപ്പന്‍ മുന്‍കൈ എടുത്ത് നിര്‍മ്മിച്ച മിനി തിയേറ്ററില്‍ ‘നീലക്കുയില്‍’ പ്രദര്‍ശിപ്പിച്ചത്. ചിത്രം കാണാന്‍ പള്ളിപ്പെരുന്നാളിന്റെ പ്രതീതിയില്‍ നാട്ടുകാര്‍നിരന്നു. ‘നീലക്കുയില്‍’ അനശ്വരനായ സത്യനോടൊപ്പം അമ്മ അഭിനയിക്കുന്നു. പാട്ടുകള്‍ പാടുന്നു. ഒരു നാടന്‍ പെണ്ണിന്റെ ശാലീനത അമ്മയ്ക്കുണ്ട്. നിഷ്‌കളങ്കമായ ചിരി. മണിമുത്തുകള്‍ പോലെ അത് അമ്മയുടെ ചുണ്ടുകളിലൂടെ അടര്‍ന്ന് വീഴുന്നു ഹൃദയതാളം പോലെ സംഗീതം മനസിന്റെ ആഴങ്ങളില്‍ പതിച്ചു. ‘മാനെന്നും വിളിക്കില്ല…’ എന്ന പാട്ട് കേട്ടുള്ള അമ്മയുടെ ഭാവങ്ങളും, ‘എല്ലാരും ചൊല്ലണ്…’ എന്ന പാട്ട് അമ്മ പാടിയപ്പോഴും അതിന്റെ മാസ്മരിക വലയത്തിലായിരുന്നു മകനും. അപ്പൂപ്പനെയും അമ്മൂമ്മയെയും കൊച്ചുമകന്‍ തിയേറ്ററിലിരുന്ന് വാരിപ്പുണര്‍ന്ന് ആഹ്ലാദിച്ചു. എന്നാല്‍ ചിത്രത്തിന്റെ അവസാനഭാഗമായപ്പോള്‍ മകന്‍ ഭയന്ന് നിലവിളിച്ചു. ഇരമ്പി ഓടി വരുന്ന ഒരു ട്രെയിന്‍. പാളത്തില്‍ അമ്മയുടെ മൃതദേഹം. നാട്ടുകാര്‍ ഓടിക്കൂടിയ സ്തബ്ധരായി നോക്കി നില്‍ക്കി നില്‍ക്കുന്നു. ഒരു ചോരക്കുഞ്ഞിനെ പാളത്തിന് സമീപത്ത് നിന്ന് ഒരാള്‍വാരിയെടുക്കുന്നു. അമ്മ പ്രസവിച്ചു ആണ്‍കുഞ്ഞ്. തുടര്‍ന്ന് നാടകീയ രംഗങ്ങള്‍. അമ്മ കൊല്ലപ്പെട്ടു എന്ന് അറിഞ്ഞ ഏഴ് വയസുകാരനായ മകന്‍ അപ്പൂപ്പന്റെ മടിയിലേക്ക് പൊട്ടിക്കരഞ്ഞുകൊണ്ട് വീണു. ഭയന്ന് വിറയ്ക്കുന്നുണ്ടായിരുന്നു. അപ്പൂപ്പന്റെ സാന്ത്വന സ്പര്‍ശത്തിലും പേരക്കുട്ടി വിറങ്ങലിച്ചുകിടന്നു. വീട്ടില്‍ തിരിച്ചെത്തിയപ്പോഴും പേരക്കുട്ടിയെ ദുഃസ്വപ്‌നങ്ങള്‍ വേട്ടയാടി. ”അമ്മയെ തേടിയുള്ള യാത്രയില്‍ അങ്ങനെ എത്രയോ അനുഭവങ്ങള്‍ ഞാന്‍ പിന്നിട്ടു കഴിഞ്ഞിരിക്കുന്നു.” പ്രൊഫ. ബാബു തളിയത്ത് പറഞ്ഞു. കൺമുന്നിൽ

‘നീലക്കുയിലിലെ’ മകൻ

2025 ആഗസ്റ്റ് 18. അമ്മയെ തേടിയുള്ള യാത്രയില്‍ പ്രൊഫ. ബാബു തളിയത്തിന് ആദിവസം വലിയൊരു വഴിത്തിരിവായിരുന്നു. പൂണൈയിലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ് ‘നീലക്കുയിലിന്റെ’ പുതിയ ഡിജിറ്റല്‍ പ്രിന്റ് നൂതന സാങ്കേതിക വിദ്യകള്‍ പ്രയോഗിച്ച് തയ്യാറാക്കിയിരുന്നു. ‘നീലക്കുയിലിന്’ അതൊരു പുനര്‍ജന്മം. പ്രദര്‍ശിപ്പിച്ചപ്പോള്‍ നിലാവ് പോലെ തെളിഞ്ഞ ചിത്രം. ശബ്ദത്തിന് ഹൃദ്യതയും മുഴക്കവും. കൊച്ചി ചാവറ കള്‍ച്ചറള്‍ സെന്ററില്‍ ഡിജിറ്റല്‍ പ്രിന്റ് ആദ്യമായി പ്രദര്‍ശിപ്പിച്ചത് കൊച്ചി ഫിലിം സൊസൈറ്റിയും നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സും മുന്‍കൈ എടുത്തായിരുന്നു. നിറഞ്ഞ സദസില്‍ മൂന്ന് മണിക്കൂര്‍ നീണ്ടു നിന്ന് പ്രദര്‍ശനം തലമുറകളെ തമ്മില്‍ ബന്ധിപ്പിച്ച കണ്ണികൂടിയായി. ചിത്രം കാണാന്‍ യുവാക്കളും മധ്യവയസ്‌കരും മുതിര്‍ന്ന പൗരന്മാരും ഉണ്ടായിരുന്നു. പ്രദര്‍ശനം കഴിഞ്ഞിട്ടും സദസ് പിരിഞ്ഞു പോകാതെ നിന്നു. വിസ്മയത്തോടെ ആസ്വാദകര്‍ ഒരു വ്യക്തി സംസാരിക്കുന്നത് കാതോര്‍ത്തു. അതായിരുന്നു മിസ്‌കുമാരിയുടെ മകന്‍ പ്രൊഫ. ബാബു തളിയത്ത്. നീലക്കുയിലിന്റെ ഡിജിറ്റല്‍ പ്രിന്റില്‍ അമ്മയുടെ വിവിധ മുഖഭാവങ്ങളും ചടുലതയും പാട്ടുപാടുമ്പോള്‍ കാണിച്ച കുസൃതിച്ചിരിയും ആര്‍ദ്രതയും ശാലീനതയും അദ്ദേഹത്തെ അക്ഷരാര്‍ത്ഥത്തില്‍ വിസ്മയിപ്പിച്ചു. ചിത്രം കണ്ടപ്പോള്‍ അദ്ദേഹം കാലത്തിന്റെ പിറകിലേക്ക് തിരിഞ്ഞു. വെള്ളിത്തിരയില്‍ അന്ന് പ്രത്യകക്ഷമായ അമ്മയ്ക്ക് പ്രായം 23. തനിക്ക് ഇപ്പോള്‍ വയസ്സ് 58 കഴിഞ്ഞു. മറ്റൊരു അത്യപൂര്‍വമായ രംഗവും പ്രേക്ഷകര്‍ കണ്ട് കോരിത്തരിച്ചു. ബാബുതളിയത്തിന് സമീപം നിന്നത് മിസ്‌കുമാരിയുടെ ‘നീലക്കുയിലിലെ’ മകനായിരുന്നു. നാല് വയസുള്ളപ്പോള്‍ ചിത്രത്തില്‍ അഭിനയിച്ച ബാലതാരമായ വിപിന്‍ മോഹന്‍. അദ്ദേഹവും ചിത്രത്തെക്കുറിച്ച് ഓര്‍മ്മകള്‍ പുതുക്കി സംസാരിച്ചു. വിപിന്‍മോഹനന് ഇപ്പോള്‍ വയസ് 75. ബാബുതളിയത്തും വിപിന്‍മോഹനനും ജീവിതത്തില്‍ ആദ്യമായിട്ടാണ് മുഖാമുഖം കണ്ടതും. ഈ അത്യപൂര്‍വ ഒത്തുചേരല്‍ അങ്ങനെ അവിസ്മരണീയമായി. വിദ്യാഭ്യാസം കഴിഞ്ഞ ശേഷം വിപിന്‍മോഹന്‍ മലയാള സിനിമയില്‍ പ്രശസ്തനായ ക്യാമറമാനും പിന്നീട് സംവിധായകനുമായി. ഭാര്യ കലാമണ്ഡലം ഗിരിജയോടൊപ്പം അദ്ദേഹം ചടങ്ങിനെത്തി. ബാബു തളിയത്തിനോടൊപ്പം ഭാര്യ ജീല്‍മേരിയും ഉണ്ടായിരുന്നു. മിസ് കുമാരിയുടെ രണ്ട് ‘മക്കളും’ അടുത്തടുത്തിരുന്ന് നീലക്കുയിന്റെ പുതിയ ഡിജിറ്റല്‍ പ്രിന്റ് കണ്ട് ആസ്വദിച്ചത് സദസിനും വൈകാരിക അനുഭവം പകര്‍ന്നു. പിതാവ് തോമസില്‍ നിന്ന് കിട്ടിയതാണ് മിസ് കുമാരിക്ക് കലാവാസന. നാടകത്തിലും റോഡിയോ നാടകത്തിലും അഭിനയിച്ച ശേഷമാണ് സിനിമയില്‍ പ്രവേശിച്ചത്. പിതാവ് വേണ്ടത്ര പ്രോത്സാഹിപ്പിച്ചു. ‘വെള്ളിനക്ഷത്ര’മായിരുന്നു ആദ്യ സിനിമ. ചെറിയൊരു റോള്‍ മാത്രം. കുഞ്ചാക്കോയാണ് നിര്‍മ്മിച്ചത്. നീലിക്കുയിലിലൂടെ മിസ് കുമാരി പ്രശസ്തിയിലേക്ക് ഉയര്‍ന്നു. തുടര്‍ന്ന് പാടാത്ത പൈങ്കിളി, പൂത്താലി, ആനവളര്‍ത്തിയ വാനമ്പാടി, ക്രിസ്മസ് രാത്രി, അനിയത്തി, ബാല്യസഖി, രണ്ടിടങ്ങഴി, സ്‌നാപകയോഹന്നാന്‍, ജയില്‍പ്പുള്ളി, ഹരിശ്ചന്ദ്ര എന്നിങ്ങനെ 50 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു. നല്ലതങ്കയില്‍ യേശുദാസിന്റെ പിതാവ് അഗസ്റ്റിന്‍ ജോസഫായിരുന്നു നായകന്‍. മിസ്‌കുമാരി നായിക. അമ്മാവന്‍മാര്‍, ചേച്ചി പെണ്ണമ്മച്ചി, അമ്മൂമ്മ കെ.സി. ഏലി, അടുത്ത ബന്ധുക്കള്‍, ഭരണങ്ങാനത്തെ സേക്രട്ട്ഹാര്‍ട്ട് ഗേള്‍സ് ഹൈസ്‌കൂളിലും പാല സെന്റ് തോമസ് സ്‌കൂളിലെയും സഹപാഠികള്‍, അദ്ധ്യാപകര്‍, കന്യാസ്ത്രീകള്‍, ബന്ധുക്കള്‍ തുടങ്ങിയവരുമായി ബന്ധപ്പെട്ടുകൊണ്ടാണ് അമ്മയെ അറിയാന്‍ പ്രൊഫ. ബാബുതളിയത്ത് ശ്രമിച്ചത്. സഹനടീനടന്മാര്‍, നിര്‍മ്മാതാക്കള്‍, സംവിധായകര്‍, തിരക്കഥാകൃത്തുക്കള്‍, മറ്റ് സിനിമാ പ്രവര്‍ത്തകര്‍ എന്നിവര്‍ രസകരമായ വിവരങ്ങള്‍ മകന് നല്‍കി. പ്രൊഫ. ബാബു തളിയത്ത് അമ്മയെ കുറിച്ച് എഴുതിയപുസ്തകമാണ് ‘അമ്മ വീട് ‘.നീലക്കുയിലില്‍ നായികയായ നീലിയായി അഭിനയിക്കാന്‍ ക്ഷണിച്ചത് സംവിധായകനും ഗാനരചയിതാവുമായ പി. ഭാസ്‌കരനായിരുന്നു. അദ്ദേഹം കുടുംബസുഹൃത്തായിരുന്നു. വീട്ടുവളപ്പിലെ മിനി തിയേറ്ററില്‍ അമ്മ അഭിനയിച്ച നിരവധി ചിത്രങ്ങള്‍ കാണാന്‍ മകനും നാട്ടുകാര്‍ക്കും അവസരമുണ്ടായി. അവിടെ പ്രദര്‍ശിപ്പിച്ച അന്‍പതുകളിലെയും അറുപതുകളിലെയും ചിത്രങ്ങള്‍ മൂലം അമ്മ വീട് എന്നും ഉണര്‍ന്നിരുന്നു. നിരവധി ബന്ധുക്കളും അവിടെ എത്തി. അതിനാല്‍ ആ പ്രദേശത്തിന്റെ സാമൂഹിക സാംസ്‌കാരിക ജീവിതത്തില്‍ ‘അമ്മവീടിന്’ വലിയ സ്വാധീനമുണ്ടായിരുന്നുവെന്ന് മകന്‍ ഓര്‍മ്മിക്കുന്നു. ഭരണങ്ങാനത്തും മീനച്ചില്‍ താലൂക്കിലും മിസ് കുമാരിയെ ജനങ്ങള്‍ എന്നും ഓര്‍മ്മിച്ചു.

ത്രേസ്യാമ്മ മിസ് കുമാരിയായി

കുഞ്ചാക്കോയൊടൊപ്പം ചലച്ചിത്ര നിര്‍മ്മാതാവായിരുന്ന കെ വി കോശിയാണ് മിസ്‌കുമാരി എന്ന പേര് അമ്മയ്ക്ക് നല്‍കിയതെന്ന് പ്രൊഫ. ബാബു തളിയത്ത് പറഞ്ഞു. ആദ്യ ചിത്രത്തിലൂടെ തന്നെ ആ പേര് ജനഹൃദയങ്ങളില്‍ പ്രതിഷ്ഠ നേടി. ആലപ്പുഴയിലെ ഉദയാ സ്റ്റുഡിയോവിലാണ് അഭിനയം തുടങ്ങിയതെങ്കിലും പിന്നീട് തിരുവനന്തപുരത്ത് പി സുബ്രഹ്‌മണ്യത്തിന്റെ മെരിലാന്റ് സ്റ്റുഡിയോവിലേക്ക് മാറി. ”കുഞ്ചാക്കോയുമായി അമ്മയ്ക്ക് ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായി. അതിന്റെ കാരണം എന്താണെന്ന് എനിക്കറിയില്ല” പ്രൊഫ. ബാബു തളിയത്ത് പറഞ്ഞു. ”അഭിനയ ജീവിതത്തില്‍ അമ്മ നിരവധി ക്ലേശങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ സിനിമയിലും പിന്നീട് ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. വിവാഹത്തിന് ശേഷം എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപമാണ് മിസ്‌കുമാരിയും ഭര്‍ത്താവ് ഹോര്‍മിസ് തളിയത്തും താമസിച്ചിരുന്നത്. ഇഎസ്ഐ ആശുപത്രിക്ക് എതിര്‍വശം മിസ്‌കുമാരി വീടായിരുന്നു. ചെരിപ്പിടാതെ റോഡിലൂടെ നടന്നാണ് തൊട്ടടുത്തുള്ള സെമിത്തേരി മുക്കിലെ പള്ളിയില്‍ പോയിരുന്നത്. തിരുവനന്തപുരത്ത് താമസിക്കുമ്പോഴും മിസ്‌കുമാരി മുടങ്ങാതെ പാളയം പള്ളിയില്‍ പോയിരുന്നു .

ദുരൂഹത മായാത്ത മരണം

മിസ്‌കുമാരിയുടെ ദാമ്പത്യ ജീവിതം സുഖകരമായിരുന്നില്ല. ഭര്‍ത്താവുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. 1969 ജൂണ്‍ ഒമ്പതാം തീയതിയിലെ പത്രവാര്‍ത്ത ജനങ്ങളെ നടുക്കി. തലേന്ന് അര്‍ധരാത്രിയോടെ കലശലായ വയറിളക്കമുണ്ടായതിനാല്‍ ഏലൂരിലെ ജവഹര്‍ലാല്‍ നെഹ്‌റു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ എത്തിയപ്പോഴേക്കും മരിച്ചിരുന്നു. എഫ്എസിയുടെയും കീഴിലുള്ളതായിരുന്നു ആശുപത്രി. ഭര്‍ത്താവ് എഫ്എസിടിയില്‍ എഞ്ചിനീയറായിരുന്നു. ജൂണ്‍ ഒമ്പതിന് വൈകിട്ട് അഞ്ചിന് ഭരണങ്ങാനം ഫെറോന പള്ളിയില്‍ മൃതദേഹം സംസ്‌കരിച്ചു. ഡിസംബര്‍ രണ്ടിന് മറ്റൊരു പത്രവാര്‍ത്തയും ജനങ്ങളെ ഞെട്ടിച്ചു. പള്ളി സെമിത്തേരിയിലെ കല്ലറ പൊളിച്ച് മിസ്‌കുമാരിയുടെ മൃതദേഹം പുറത്തെടുത്തു. പോസ്റ്റ്‌മോര്‍ട്ടം നടത്തി. മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് പ്രൊഫസര്‍ മാരായ ഡോ. തങ്കവേലു, ഡോ. ജയപാലന്‍, ഡോ. ബി ഉമാദത്തന്‍ എന്നിവര്‍ പോസ്റ്റ്മാര്‍ട്ടത്തിന് നേതൃത്വം നല്‍കി. ‘ഒരു പോലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍’ എന്ന പുസ്തകത്തില്‍ ഡോ. ഉമാദത്തന്‍ ആ സംഭവം വിവരിക്കുന്നുണ്ട്. മിസ്‌ കുമാരിയുടെ മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് തോമസ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അതിനാല്‍ ചട്ടപ്രകാരം ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ മൃതദേഹം പോസ്റ്റ്മാേര്‍ട്ടത്തിന് വിധേയമാക്കി. മരിച്ചിട്ട് ആറ് മാസം കഴിഞ്ഞിരുന്നു. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കല്ലറയ്ക്ക് സമീപമായിരുന്നു മിസ് കുമാരിയുടേതും. ”മൃതദേഹത്തിന്റെ ആമാശയത്തില്‍ അപ്പോഴും രൂക്ഷഗന്ധമുള്ള കീടനാശിനിയുടെ അംശം ഉണ്ടായിരുന്നു. രാസ പരിശോധനയില്‍ അത് ഓര്‍ഗാനോ ഫോസ്ഫറസ് ഗ്രൂപ്പില്‍പ്പെട്ട കൊടിയ വിഷമായിരുന്നു എന്ന് തെളിഞ്ഞു. പൊലീസിന്റെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ കൊലപാതകമാണെന്നുള്ളതിന് സൂചനകള്‍ ലഭിച്ചില്ലെന്നാണ് എന്റെ ഓര്‍മ്മ”, ഡോ. ഉമാദത്തന്‍ പുസ്തകത്തില്‍ വ്യക്തമാക്കുന്നു. കൊലപാതകമല്ലെങ്കില്‍ ആത്മഹത്യയായിരുന്നോ? മിസ്‌കുമാരി വിഷം കഴിച്ചതാണോ? അല്ലെങ്കില്‍ ആരെങ്കിലും വിഷം കൊടുത്ത് ചതിച്ചതാണോ? അല്ലെങ്കില്‍ ഹൃദയസ്തംഭനം മൂലമാണോ മരണം? അപകടമരണമായിരുന്നോ എന്നൊക്കെ സംശയിക്കാം. എന്നാല്‍ വയറ്റില്‍ കൊടിയ വിഷമുണ്ടായിരുന്നുവെന്ന് അസന്നിഗ്ദ്ധമായി കണ്ടെത്തിയിട്ടുള്ളതിനാല്‍ വിഷം എങ്ങനെ വയറ്റില്‍ വന്നു എന്ന ചോദ്യം ഉയരുന്നെങ്കിലും ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല. നീണ്ട 56 വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ പൊലീസ് വകുപ്പില്‍ നിന്നോ ആര്‍ഡിഒ കോടതിയില്‍ നിന്നോ റിപ്പോര്‍ട്ട് കണ്ടെത്താന്‍ കഴിയില്ല. വസ്തുതകൾ അറിയാവുന്ന ഡോ. ഉമാദത്തന്‍ ഇന്ന് ജീവിച്ചിരിപ്പില്ല. അങ്ങനെ അതൊരു അടഞ്ഞ അധ്യായമായിട്ടും സംശയങ്ങള്‍ അവശേഷിക്കുന്നു. ഏലൂരിലെ ജവഹര്‍ലാല്‍ നെഹ്‌റു ആശുപത്രിയില്‍ എത്തിയപ്പോള്‍ മിസ് കുമാരിയെ പരിശോധിച്ച ഡോക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് എന്തായിരുന്നു? മരണകാരണം എന്താണെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നോ? പൊലീസിനെ അറിയിക്കാന്‍ ഡോക്ടര്‍ക്ക് ബാധ്യത ഉണ്ടായിരുന്നു. എന്നാൽ ശാസ്ത്രീയമായ ഒരന്വേഷണവും അന്ന് നടന്നില്ല.

കാലം കടന്നുപോയി. മിസ്‌കുമാരിയുടെ മകന്‍ തിരുവനന്തപുരം എഞ്ചിനീയറിങ് കോളജില്‍ പഠിച്ചു. 1985ല്‍ കോളേജ് മാഗസിന്‍ എഡിറ്ററായി. മിസ്‌കുമാരിക്ക് നിരവധി ആരാധകര്‍ കോളജിലും നഗരത്തിലും ഉണ്ടായിരുന്നു. മിസ്‌കുമാരിയുടെ മകന്‍ എന്ന നിലയയില്‍ ബാബുതളിയത്തിന് വലിയ സുഹൃദ്‌വലയവും കിട്ടി. അക്കാലത്ത് പ്രൊഫ. എം. കൃഷ്ണന്‍നായരുടെ സാഹിത്യവാരഫലം മലയാളനാട് വാരികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. ലോക സാഹിത്യത്തിലേക്കുള്ള ഒരു വാതിലാണ് അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ തുറന്ന് തന്നതെന്ന് ബാബു ഓര്‍മ്മിച്ചു. ജര്‍മ്മന്‍ സാഹിത്യവും ഫിലോസഫിയും ആകൃഷ്ടനായി. അങ്ങനെ, എഞ്ചിനീയറാകാന്‍ മോഹിച്ച ബാബു ജര്‍മ്മന്‍ സാഹിത്യം പഠിക്കാന്‍ ജര്‍മ്മനിയിലേക്ക് പോയി. പഠനത്തിന് ശേഷം ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ അദ്ധ്യാപകനായി. ഇതിനിടയില്‍ പൂണൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫിലം അഗ്രിസിയേഷന്‍ കോഴ്‌സില്‍ ചേര്‍ന്നു. അതും ഒരു വഴിത്തിരിവായി. ഫിലിം ആര്‍ക്കൈവ്‌സ് ക്യൂറേറ്റര്‍ മലയാളിയായ പി കെ നായര്‍ ആയിരുന്നു. അദ്ദേഹം ‘നീലക്കുയിലിന്റെ’ ആരാധകനായിരുന്നു. പലപ്പോഴും അദ്ദേഹവുമായി സംസാരിക്കാന്‍ കഴിഞ്ഞു. അങ്ങനെ നീലക്കുയില്‍ മാത്രമല്ല ലോകപ്രശസ്തമായ സിനിമകളും കാണാനും കഴിഞ്ഞുവെന്ന് ബാബു ഓർമ്മിക്കുന്നു. ഫിലിം ആര്‍ക്കൈവ്‌സിന്റെ ഇന്നത്തെ നേട്ടങ്ങള്‍ക്ക് അടിത്തറ പാകിയത് പി കെ നായര്‍ ആയിരുന്നു. നീലക്കുയിലിന്റെ ഇന്നത്തെ ഡിജിറ്റല്‍ പ്രിന്റിനും വഴിയൊരുക്കിയത് ഈ മഹാരഥനായ ചലച്ചിത്ര പണ്ഡിതനായിരുന്നുവെന്ന് ബാബു തളിയത്ത് ഓര്‍മ്മിക്കുന്നു.
(അടുത്ത ലക്കത്തില്‍ തുടരും)

Kerala State - Students Savings Scheme

TOP NEWS

December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.