
ഫിഫ ക്ലബ്ബ് ലോകകപ്പിന് സമനിലത്തുടക്കം. ഉദ്ഘാടന മത്സരത്തില്‍ ലയണല്‍ മെസിയുടെ ഇന്റര്‍ മിയാമിയും ഈജിപ്ഷ്യന്‍ ക്ലബ്ബ് അല്‍ അഹ്ലിയും തമ്മിലുള്ള മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. ഇതോടെ ഗ്രൂപ്പ് എയില്‍ ഇരുടീമിനും ഓരോ പോയിന്റ് വീതം ലഭിച്ചു. മത്സരത്തില്‍ ഗോള്‍കീപ്പര്‍മാരുടെ നിര്‍ണായക സേവുകളാണ് ഇരുടീമിനും ഗോള്‍ നേടുന്നതില്‍ നിന്നും തടഞ്ഞത്. ലയണല്‍ മെസിയുടെയടക്കം പല ഗോളെന്നുറപ്പിച്ച നിമിഷവും തട്ടിയകറ്റി അല്‍ അഹ്ലിയെ പരാജയത്തില്‍ നിന്നും രക്ഷിച്ചത് ഗോള്‍കീപ്പര്‍ മുഹമ്മദ് എൽ ഷെനാവിയാണ്. ആദ്യപകുതിയിൽ അൽ അഹ്ലിക്ക് പെനാൽറ്റി ലഭിച്ചു. എന്നാല്‍ ഇന്റർ മിയാമിയുടെ അർജന്റീന ഗോൾകീപ്പർ ഓസ്‌കർ ഉസാരി ഇത് തടുത്തിട്ടു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ മെസിയുടെ ഫ്രീകിക്ക് നേരിയ വ്യത്യാസത്തിലാണ് വലയിലെത്താതെ പോയത്. പിന്നാലെ മത്സരം അവസാനിക്കാൻ ഏതാനും നിമിഷം മാത്രമുള്ളപ്പോഴായിരുന്നു ഇന്റർ മിയാമിക്കായി മെസിയുടെ വിജയ ഗോൾ എന്ന് ഉറപ്പിച്ച ഷോട്ട് അൽ ഷെനാവി തന്റെ വിരൽത്തുമ്പുകൊണ്ട് തട്ടിയകറ്റിയത്.
മികച്ച പല മുന്നേറ്റങ്ങളും നടത്താന്‍ മെസിക്കായി. ലൂയിസ് സുവാരസും സെർജിയോ ബുസ്‌കറ്റ്‌സും ജോർഡി ആൽബയുമെല്ലാം കളത്തിലിറങ്ങിയിരുന്നു. എന്നാല്‍ ആഫ്രിക്കന്‍ ചാമ്പ്യന്‍സ് ലീഗില്‍ നിലവിലെ ജേതാക്കള്‍ കൂടിയായ അല്‍ അഹ്ലിക്കെതിരെ വിജയം നേടാന്‍ മെസിക്കും കൂട്ടര്‍ക്കും കഴിഞ്ഞില്ല. ഫിഫ ക്ലബ്ബ് ലോകകപ്പിന്റെ ആദ്യ മത്സരം കാണാന്‍ 61000 കാണികളാണ് ഗ്യാലറിയില്‍ തിങ്ങിനിറഞ്ഞത്. ഇതില്‍ മെസിയുടെ പങ്ക് വലുതാണ്. വ്യാഴാഴ്ച എഫ്‌സി പോര്‍ട്ടോയ്ക്കെതിരെയാണ് ഇന്റര്‍ മിയാമിയുടെ അടുത്ത മത്സരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.