17 January 2026, Saturday

Related news

January 12, 2026
January 12, 2026
January 11, 2026
January 11, 2026
January 11, 2026
January 10, 2026
January 10, 2026
January 10, 2026
January 10, 2026
January 7, 2026

സ്വതന്ത്ര മാധ്യമപ്രവർത്തനം വെല്ലുവിളികൾ നേരിടുന്നു: റാണ അയൂബ്

Janayugom Webdesk
തിരുവനന്തപുരം
January 10, 2026 8:44 am

രാജ്യത്ത് സ്വതന്ത്രമായ മാധ്യമപ്രവർത്തനം കടുത്ത വെല്ലുവിളികൾ നേരിടുകയാണെന്നും ചോദ്യങ്ങൾ ചോദിക്കുന്നവരെ പ്രതിക്കൂട്ടിലാക്കുന്ന പ്രവണത വർധിച്ചുവരികയാണെന്നും പ്രമുഖ മാധ്യമപ്രവർത്തക റാണ അയൂബ്. നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ചു നടന്ന ‘കെഎൽഐബിഎഫ് ഡയലോഗ്’ സെഷനിൽ സംസാരിക്കുകയായിരുന്നു അവർ. ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങളിൽ പലതും അധികാരകേന്ദ്രങ്ങളുടെ നിലപാടുകൾ മാത്രം പ്രചരിപ്പിക്കുന്ന ഉപകരണങ്ങളായി മാറുകയാണ്. വാർത്തകൾ നൽകുന്നതിന് പകരം അധികാരകേന്ദ്രങ്ങൾക്ക് അനുകൂലമായ വിവരങ്ങൾ മാത്രം നൽകുന്ന രീതിയിലേക്ക് മാധ്യമപ്രവർത്തനം പരിമിതപ്പെടുന്നു. എൻഡിടിവി അടക്കമുള്ള സ്ഥാപനങ്ങളുടെ ഏറ്റെടുക്കലും മാധ്യമങ്ങൾക്കെതിരെ വരുന്ന നടപടികളും റാണ അയൂബ് പരാമർശിച്ചു. ഭരണപരമായ വീഴ്ചകളെ വിമർശിക്കുന്നത് രാജ്യത്തെ വിമർശിക്കുന്നതിന് തുല്യമായി ചിത്രീകരിക്കപ്പെടുന്ന വിചിത്രമായ സാഹചര്യം ജനാധിപത്യത്തിന് ആശാവഹമല്ലെന്നും റാണ കൂട്ടിച്ചേർത്തു.

യുഎൻ ഉൾപ്പെടെയുള്ള രാജ്യാന്തര വേദികളിൽ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ ‘രാജ്യവിരുദ്ധ’ ലേബൽ നൽകാനാണ് പലരും ശ്രമിക്കുന്നതെന്ന് റാണ അയൂബ് പറഞ്ഞു. അപരവൽക്കരണത്തിന്റെ രാഷ്ട്രീയം ​രാജ്യത്ത് ഹിന്ദു-മുസ്ലിം ബൈനറി സൃഷ്ടിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമം നടത്തുന്നത്. അധികാര കേന്ദ്രങ്ങൾക്ക് നേരെ ചോദ്യങ്ങൾ ഉയരേണ്ടയിടത്ത് ന്യൂനപക്ഷങ്ങളെയും ദലിതരെയും മറ്റ് പാർശ്വവൽക്കരിക്കപ്പെട്ടവരെയും ചോദ്യം ചെയ്യാനാണ് ഇന്ന് പലർക്കും താല്പര്യമെന്നും റാണ അയൂബ് കൂട്ടിച്ചേർത്തു. മാധ്യമരംഗത്തെ കോർപറേറ്റ് വൽക്കരണം പ്രാദേശിക മാധ്യമങ്ങളെയും ഇല്ലാതാക്കുകയാണെന്ന് ചർച്ച നയിച്ച സുധീർ ദേവദാസ് ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.