
യശസ്വി ജയ്സ്വാളിന് പിന്നാലെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും സെഞ്ചുറി നേടിയതോടെ ഇന്ത്യ വമ്പന്‍ സ്കോറില്‍ ഒന്നാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 518 റണ്‍സിനാണ് ഇന്ത്യ ഡിക്ലയര്‍ ചെയ്തത്. 196 പന്തില്‍ 126 റണ്‍സുമായി ഗില്‍ പുറത്താകാതെ നിന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിന്‍ഡീസ് രണ്ടാം ദിനം അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സെന്ന നിലയിലാണ്. ഷായ് ഹോപ്പ് (31), തെവിന്‍ ഇംലാച്ച് (14) എന്നിവരാണ് ക്രീസില്‍. ജോണ്‍ കാംപെല്‍ (10), ടാഗെനറൈൻ ചന്ദർപോൾ (34), അലിക്ക് അത്തനാസെ (41), റോസ്റ്റണ്‍ ചേസ് (പൂജ്യം) എന്നിവരാണ് പുറത്തായവര്‍. ഇന്ത്യക്കായി രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റും കുല്‍ദീപ് യാദവ് ഒരു വിക്കറ്റും നേടി.
രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 318 റണ്‍സെന്ന നിലയിലാണ് രണ്ടാം ദിനമായ ഇന്നലെ ഇന്ത്യ ബാറ്റിങ് ആരംഭിച്ചത്. ആദ്യ ദിനത്തില്‍ 173 റണ്‍സെടുത്ത ക്രീസില്‍ നിന്ന ജയ്സ്വാള്‍ ഇന്നലെ രണ്ട് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തതിന് പിന്നാലെ പുറത്താകുകയായിരുന്നു. 258 പന്തില്‍ നിന്ന് 22 ബൗണ്ടറിയടക്കം 175 റണ്‍സെടുത്ത ജയ്സ്വാള്‍, ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലുമായുണ്ടായ ധാരണപ്പിശകിലാണ് റണ്ണൗട്ടായത്. ഗില്ലിനൊപ്പം മൂന്നാം വിക്കറ്റില്‍ 74 റണ്‍സ് ചേര്‍ത്ത ശേഷമായിരുന്നു ജയ്സ്വാളിന്റെ പുറത്താകല്‍.
പിന്നീട് നിതീഷ് കുമാര്‍ റെഡ്ഡിയാണ് ക്രീസിലെത്തിയത്. ഗില്ലും നിതീഷും ചേര്‍ന്ന് 91 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ നിതീഷ് 54 പന്തില്‍ 43 റണ്‍സെടുത്താണ് പുറത്തായത്. ജോമൽ വാരികാന്റെ പന്തിൽ ജയ്ഡൻ സീൽസ് റെഡ്ഡിയെ കയ്യിലൊതുക്കുകയായിരുന്നു. ആറാമനായി എത്തിയ ധ്രുവ് ജുറേലും ഗില്ലിനു ഉറച്ച പിന്തുണ നൽകിയതോടെ ഇന്ത്യൻ സ്കോർ 500 കടന്നു. 79 പന്തിൽ 44 റൺസെടുത്ത ജുറേൽ പുറത്തായതോടെ, ഇന്ത്യ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. ഇതിനിടയില്‍ ഗില്‍ ടെസ്റ്റ് കരിയറിലെ 10-ാം സെഞ്ചുറി നേടി. ക്യാപ്റ്റനായശേഷം ഏഴ് ടെസ്റ്റില്‍ നിന്നും ഗില്ലിന്റെ അഞ്ചാം സെഞ്ചുറിയാണിത്. ക്യാപ്റ്റനായശേഷം ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന വിരാട് കോലിയുടെ റെക്കോഡിനൊപ്പമെത്താനും ഗില്ലിനായി. 2017ലും 2018ലും കോലി ക്യാപ്റ്റനായിരിക്കെ ടെസ്റ്റില്‍ അഞ്ച് സെഞ്ചുറികള്‍ വീതം നേടിയിട്ടുണ്ട്. കെ എല്‍ രാഹുല്‍-ജയ്സ്വാള്‍ സഖ്യം ഓപ്പണിങ് കൂട്ടുകെട്ടില്‍ 58 റണ്‍സാണ് കൂട്ടിച്ചേര്‍ത്തു. 54 പന്തില്‍ 38 റണ്‍സെടുത്ത രാഹുലിനെ ജോമല്‍ വരിക്കാന്‍ പുറത്താക്കി. സായ് സുദര്‍ശന്‍ ജയ്സ്വാളിനൊപ്പം രണ്ടാം വിക്കറ്റില്‍ 193 റണ്‍സ് അടിച്ചെടുത്തു. 145 പന്തുകളിൽ നിന്ന് ജയ്സ്വാള്‍ 100 കടന്നു. ടെസ്റ്റിൽ രണ്ടാം അർധസെഞ്ചുറിയാണ് സായ് കുറിച്ചത്. അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ സായ് സുദര്‍ശന്‍ നല്‍കിയ ക്യാച്ച് വിന്‍ഡീസ് കൈവിട്ടതും സന്ദര്‍ശകര്‍ക്ക് തിരിച്ചടിയായി. ഒടുവില്‍ കന്നി സെഞ്ചുറിയിലേക്കു മുന്നേറിയ സായിയെ 87 റണ്‍സില്‍ നില്‍ക്കെ വാരിക്കന്‍ വിക്കറ്റിനു മുന്നില്‍ കുരുക്കി. ഇരുവരും മൂന്നാം സെഷനില്‍ 251ല്‍ വച്ചാണ് വേര്‍പിരിഞ്ഞത്. പിന്നീടാണ് ഗില്ലിന്റെയും ജയ്സ്വാളിന്റെയും മികച്ച കൂട്ടുകെട്ട് പിറന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.