
ഉഭയകക്ഷി വ്യാപാര ചര്‍ച്ചകള്‍ക്കായി ഈ മാസം 25ന് ഇന്ത്യ സന്ദര്‍ശിക്കാനിരുന്ന അമേരിക്കന്‍ സംഘത്തിന്റെ യാത്ര റദ്ദാക്കി. കാര്‍ഷിക, ക്ഷീര മേഖലകളില്‍ അമേരിക്കയ്ക്ക് കൂടുതല്‍ സ്വാധീനം വേണമെന്ന നിബന്ധനയോട് ഇന്ത്യ മുഖം തിരിച്ചതാണ് സന്ദര്‍ശനം റദ്ദാക്കാന്‍ കാരണമെന്നാണ് സൂചന. ഇതോടെ തീരുവയുദ്ധത്തിന് ഉടന്‍ അവസാനമാകില്ലെന്നും വ്യക്തമായി.
ആറാം വട്ട ചര്‍ച്ചകള്‍ക്കായാണ് അമേരിക്കന്‍ സംഘം ഈ മാസം 25ന് ഇന്ത്യ സന്ദര്‍ശിക്കാനിരുന്നത്. ഈ മാസം 25 മുതല്‍ 29 വരെയാണ് ഇന്തോ അമേരിക്ക വാണിജ്യ ചര്‍ച്ചകള്‍ നിശ്ചയിച്ചിരുന്നത്. സംഘത്തിന്റെ ഇന്ത്യ സന്ദര്‍ശനം സംബന്ധിച്ച പുതിയ തീയതി പിന്നീട് അറിയിക്കുമെന്നാണ് യുഎസ് അറിയിച്ചിരിക്കുന്നത്.
ഇന്ത്യയ്ക്ക് മേല്‍ 50 ശതമാനം നികുതി ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് വാണിജ്യ ചര്‍ച്ചകളും ഉപേക്ഷിച്ചിരിക്കുന്നത്. കൃഷി, ക്ഷീരമേഖലകളില്‍ അമേരിക്കയ്ക്ക് കൂടുതല്‍ സ്വാധീനം വേണമെന്നൊരു നിലപാട് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. ചെറുകിട കർഷകരുടെ ഉപജീവനമാർഗത്തെയടക്കം ബാധിക്കുമെന്നതിനാൽ ഈ മേഖലകളിൽ കൂടുതൽ പങ്കാളിത്തം ആവശ്യപ്പെടുന്ന യുഎസ് നിലപാടിനെ ഇന്ത്യക്ക് അംഗീകരിക്കാനാവില്ല.
2025 സെപ്റ്റംബര്‍-ഒക്‌ടോബറോടെ ആദ്യഘട്ട ഉഭയകക്ഷി വാണിജ്യ കരാറിലെത്തുമെന്നായിരുന്നു അമേരിക്കയും ഇന്ത്യയും നേരത്തെ പ്രഖ്യാപിച്ചിരുന്നത്. നിലവില്‍ 19100 കോടി ഡോളറായ ഉഭയകക്ഷി വ്യാപാരം 2030 ഓടെ 50000 കോടി അമേരിക്കന്‍ ഡോളറിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
അതിനിടെയാണ് ഓഗസ്റ്റ് ഏഴുമുതല്‍ ഇന്ത്യന്‍ ചരക്കുകള്‍ക്ക് മേല്‍ അമേരിക്ക 25 ശതമാനം അധിക നികുതി ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ 25 ശതമാനം നികുതി കൂടി ഏര്‍പ്പെടുത്തി. ഇത് ഈ മാസം 27ന് നിലവില്‍ വരും. എന്നാൽ കഴിഞ്ഞ ദിവസം റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യക്കുമേലുള്ള അധികതീരുവ ഒഴിവാക്കുമെന്ന സൂചന നൽകിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.