29 September 2024, Sunday
KSFE Galaxy Chits Banner 2

Related news

September 21, 2024
December 17, 2023
October 22, 2023
September 23, 2023
September 21, 2023
September 20, 2023
September 20, 2023
September 19, 2023
September 16, 2023
May 27, 2023

ഇന്ത്യ‑കാനഡ ബന്ധം വഷളാകുന്നു; വ്യാപാരചര്‍‍ച്ച നിലച്ചു

കനേഡിയൻ സംഘം ഇന്ത്യയിലേക്കില്ല
Janayugom Webdesk
ന്യൂഡല്‍ഹി
September 16, 2023 10:21 pm

നയതന്ത്ര ബന്ധത്തില്‍ രൂപം കൊണ്ട അസ്വസ്ഥതകള്‍ കാരണം ഇന്ത്യ‑കാനഡ വ്യാപാര ചര്‍ച്ചകള്‍ പാതി വഴിയില്‍ നിലച്ചു. രാഷ്ട്രീയ വിഷയങ്ങളിലെ ഭിന്നത പരിഹരിച്ചശേഷം ചര്‍ച്ച തുടരാമെന്നാണ് കാനഡയുടെ നിലപാട്.
അടുത്ത മാസം ഇരുരാജ്യങ്ങളും തമ്മില്‍ വ്യാപാര കരാര്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിക്കാനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. ഈ വര്‍ഷം ഉഭയകക്ഷി കരാര്‍ ഒപ്പുവയ്ക്കാന്‍ ഒരുങ്ങുന്നുവെന്ന് ഇരുരാജ്യങ്ങളും പ്രഖ്യാപിച്ച് മൂന്നു മാസം പിന്നിട്ട വേളയിലാണ് ചര്‍ച്ചയില്‍ നിന്നുള്ള കാനഡയുടെ പിന്മാറ്റം. ഒക്ടോബറിൽ നടത്താനിരുന്ന കനേഡിയൻ സംഘത്തിന്റെ ഇന്ത്യയിലേക്കുള്ള വ്യാപാര ദൗത്യവും മാറ്റിവച്ചിട്ടുണ്ട്. ഇന്ത്യയുമായുള്ള ചര്‍ച്ചകള്‍ മരവിപ്പിക്കുന്നതായി സെപ്റ്റംബര്‍ ആദ്യ വാരം തന്നെ കാനഡ നിലപാട് സ്വീകരിച്ചിരുന്നു.

ഖലിസ്ഥാന്‍ അടക്കം ഇന്ത്യ വിരുദ്ധ നീക്കങ്ങള്‍ക്ക് കാനഡ വേദിയാകുന്നതായി ഇന്ത്യ ആരോപിച്ചിരുന്നു. ജി20 ഉച്ചകോടിക്കെത്തിയ കനേഡിയന്‍ പ്രധാനമന്ത്രിയോട് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രതിഷേധവും അറിയിച്ചു. ഇതാണ് വ്യാപാരബന്ധം നിലയ്ക്കുന്ന സ്ഥിതിയിലേക്ക് എത്തിയിരിക്കുന്നത്. പ്രതിനിധി സംഘത്തിന്റെ ഇന്ത്യന്‍യാത്ര മാറ്റിവച്ച വിവരം കനേഡിയന്‍ വ്യാപാര മന്ത്രാലയം സ്ഥിരീകരിച്ചു.

ഇന്ത്യ കഴിഞ്ഞാല്‍ ഏറ്റവുമധികം സിഖ് വംശജര്‍ അധിവസിക്കുന്ന രാജ്യമാണ് കാനഡ. ഇന്ത്യന്‍ നയതന്ത്ര ഓഫിസുകള്‍ക്ക് നേരെ ഖാലിസ്ഥാന്‍ വാദികള്‍ ആക്രമണം നടത്തിയ നിരവധി സംഭവങ്ങള്‍ അടുത്തിടെയുണ്ടായി. ഈ വിഷയത്തിലാണ് ജി20 ഉച്ചകോടിക്കിടെ ഇന്ത്യ അതൃപ്തി അറിയിച്ചത്. ഇത് കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട പ്രസ്താവനയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. അതേസമയം സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം സംരക്ഷിക്കുമെന്നായിരുന്നു ജസ്റ്റിന്‍ ട്രൂഡോ ഡല്‍ഹിയില്‍ നടത്തിയ പ്രതികരണം.

പത്താമത്തെ വ്യാപാര പങ്കാളി
വ്യാപാര കണക്കുകളില്‍ ഇന്ത്യയുടെ പത്താമത്തെ ഏറ്റവും വലിയ പങ്കാളിയാണ് കാനഡ. 410 കോടി യുഎസ് ഡോളറിന്റെ കയറ്റുമതിയാണ് കാനഡയിലേക്ക് ഇന്ത്യ നടത്തുന്നത്. 405 കോടി ഡോളറിന്റെ ഇറക്കുമതിയും നടക്കുന്നുണ്ട്.
13 വർഷം മുമ്പ് 2010ലാണ് ഇന്ത്യയും കാനഡയും സ്വതന്ത്ര വ്യാപാര ഉടമ്പടി ചർച്ചകൾ തുടങ്ങിയത്. ഇതുവരെ അര ഡസനിലധികം ചർച്ചകൾ നടന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഏര്‍ളി പ്രോഗ്രസ് ട്രേഡ് എഗ്രിമെന്റ് ഒപ്പുവച്ചിരുന്നു. പരസ്പരമുള്ള വ്യാപാരത്തില്‍ നികുതി ഒഴിവാക്കി-ലഘൂകരിച്ച് സാധനങ്ങള്‍ ഇറക്കുമതി ചെയ്യാനും കയറ്റുമതി ചെയ്യാനും ധാരണയായിരുന്നു.

Eng­lish sum­ma­ry; India-Cana­da rela­tions dete­ri­o­rate; Trade stalled

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.