23 November 2024, Saturday
KSFE Galaxy Chits Banner 2

ഇന്ത്യ ഏകോപന സമിതിയോഗം നാളെ; സീറ്റ് വിഭജനം, സംയുക്ത പ്രചരണം അജണ്ട

കൂടുതല്‍ പാര്‍ട്ടികള്‍ സഖ്യത്തിലെത്തിയേക്കും 
Janayugom Webdesk
ന്യൂഡല്‍ഹി
September 12, 2023 7:55 pm

പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ ആദ്യ ഏകോപന സമിതിയോഗം നാളെ നടക്കും. ലോക് സഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം-സംയുക്ത പ്രചരണം എന്നീവ സംബന്ധിച്ച് യോഗം ചര്‍ച്ച നടത്തും. തെരഞ്ഞടുപ്പിന് മുന്നോടിയായി സംഘടിപ്പിക്കുന്ന റാലികളെ സംബന്ധിച്ചും നാളെ ഔപചാരികമായ ചര്‍ച്ച നടക്കും.
മുംബൈയില്‍ നടന്ന ഇന്ത്യ നേതാക്കളുടെ യോഗത്തിലെ തീരുമാനം അനുസരിച്ച് ഈമാസം 30 നകം സീറ്റ് വിഭജനം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കാനാണ് സാധ്യത. 14 അംഗ ഏകോപന സമിതി യോഗത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് ആര്‍ജെഡി നേതാവ് മനോജ് ഝാ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
സംസ്ഥാന നിയമസഭയിലേയ്ക്ക് അടുത്തിടെ നടന്ന ഉപതെരഞ്ഞടുപ്പില്‍ പുറത്തുവന്ന ഫലം ഇന്ത്യയുടെ ശക്തി വര്‍ധിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ വസതിയില്‍ നടക്കുന്ന യോഗത്തില്‍ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ബിഹാര്‍ മുഖ്യമന്ത്രി നീതിഷ് കുമാര്‍ അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും.

ബിജെപിക്കെതിരെ പരമാവധി കക്ഷികളെ ഒന്നിച്ച് നിര്‍ത്തുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഇന്ത്യാ മുന്നണിയിലേക്ക് പഞ്ചാബില്‍ നിന്നുള്ള ശിരോമണി അകാലിദളിനേയും ഹരിയാനയിലെ ഇന്ത്യന്‍ നാഷണല്‍ ലോക്ദളിനെയും (ഐഎന്‍എല്‍ഡി) ക്ഷണിച്ചേക്കുമെന്ന് സൂചനയുണ്ട്.

നിതീഷ് കുമാര്‍, ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവ്, ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുള്ള എന്നിവരുള്‍പ്പെടെയുള്ള ഇന്ത്യന്‍ സഖ്യത്തിലെ ഉന്നത നേതാക്കള്‍ ശിരോമണി അകാലിദളുമായി ഈ മാസം 25 ന് ഹരിയാനയിലെ കൈതലില്‍ ഒരു വേദി പങ്കിടുന്നുണ്ട്. മുന്‍ ഉപപ്രധാനമന്ത്രി ദേവി ലാലിന്റെ ജന്മദിനത്തോട് അനുബന്ധിച്ചുള്ള പരിപാടിയിലും റാലിയിലുമാണ് നേതാക്കള്‍ പങ്കെടുക്കുക. ശിവസേന (യുബിടി) തലവന്‍ ഉദ്ധവ് താക്കറെ, തൃണമൂല്‍ കോണ്‍ഗ്രസ്, എസ് പി നേതാക്കള്‍, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ എന്നിവരും ഈ മാസം അവസാനം ഹരിയാനയില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുത്തേക്കും. പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തില്‍ ചേരാന്‍ സുഖ്ബീര്‍ സിങ് ബാദലിനോട് നിതീഷ് കുമാര്‍ അഭ്യര്‍ത്ഥിച്ചതായാണ് സൂചന.

Eng­lish sum­ma­ry; India Coor­di­na­tion Com­mit­tee meet­ing tomorrow

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.