
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ഏകദിന പരമ്പരയ്ക്ക് ഇന്ന് വഡോദരയിൽ തുടക്കം. ടി20 ലോകകപ്പിന് മുന്നോടിയായുള്ള നിർണായക പരീക്ഷണമായിട്ടാണ് ഇരു ടീമുകളും ഈ പരമ്പരയെ കാണുന്നത്. വഡോദരയിലെ കോട്ടമ്പിയിലുള്ള പുതിയ ബിസിഎ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ രാജ്യാന്തര ഏകദിനം എന്ന പ്രത്യേകതയും മത്സരത്തിനുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര വിജയത്തിന് ശേഷം ശുഭ്മാൻ ഗിൽ നയിക്കുന്ന ഇന്ത്യൻ ടീം വിജയതുടർച്ച ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. മുതിര്‍ന്ന താരങ്ങളായ വിരാട് കോലി, രോഹിത് ശർമ്മ എന്നിവരുടെ സാന്നിധ്യമാണ് ഇന്ത്യൻ നിരയിലെ പ്രധാന ആകർഷണം. ഇരുവരും മികച്ച ഫോമിലാണെന്നത് ടീമിന് വലിയ ആത്മവിശ്വാസം നൽകുന്നു. അടുത്തിടെ നടന്ന വിജയ് ഹസാരെ ട്രോഫിയിൽ കോലി ഡൽഹിക്ക് വേണ്ടി 131, 77 സ്കോറുകളോടെ തിളങ്ങിയിരുന്നു. രോഹിത് ശർമ്മ മുംബൈയ്ക്ക് വേണ്ടി 155 റൺസും അടിച്ചുകൂട്ടിയിരുന്നു.
ടി20 ലോകകപ്പ് ടീമിൽ ഇടം ലഭിക്കാത്ത ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് തന്റെ ബാറ്റിങ് കരുത്ത് തെളിയിക്കാനുള്ള അവസരമാണിത്. പരിക്കിൽ നിന്ന് മുക്തനായ ഗിൽ തിരിച്ചെത്തുന്നതോടെ കഴിഞ്ഞ കളിയിൽ സെഞ്ചുറി നേടിയ യശസ്വി ജയ്‌സ്വാളിന് പ്ലെയിങ് ഇലവനിൽ സ്ഥാനം നഷ്ടമായേക്കാം. പരിക്കിന് ശേഷം തിരിച്ചെത്തുന്ന ശ്രേയസ് അയ്യർ നാലാം നമ്പറിൽ ബാറ്റിങ്ങിന് ഇറങ്ങും. കെ എൽ രാഹുൽ വിക്കറ്റ് കീപ്പറായി തുടരുമ്പോൾ റിഷഭ് പന്ത് പകരക്കാരനായി ടീമിലുണ്ടാകും. ജസ്‌പ്രീത് ബുമ്രയ്ക്കും ഹാർദിക് പാണ്ഡ്യയ്ക്കും വിശ്രമം അനുവദിച്ച സാഹചര്യത്തിൽ മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ് എന്നിവർ പേസ് ബൗളിങ്ങിന് നേതൃത്വം നൽകും. കുൽദീപ് യാദവ്, വാഷിങ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ എന്നിവരാണ് സ്പിൻ വിഭാഗം കൈകാര്യം ചെയ്യുന്നത്.
പ്രമുഖ താരങ്ങളായ കെയ്ൻ വില്യംസൺ, മിച്ചൽ സാന്റ്‌നർ, ടോം ലാഥം എന്നിവരുടെ അഭാവത്തിലാണ് ന്യൂസിലൻഡ് എത്തുന്നത്. മൈക്കൽ ബ്രേസ്‌വെൽ ആണ് ടീമിനെ നയിക്കുന്നത്. എങ്കിലും ഡെവൻ കോൺവേ, ഡാരിൽ മിച്ചൽ തുടങ്ങിയ പരിചയസമ്പന്നരായ താരങ്ങൾ കിവി നിരയിലുണ്ട്. നിലവിലെ സാഹചര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കളിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് കിവി താരങ്ങൾ പറയുന്നു. കഴിഞ്ഞ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയെ അവരുടെ നാട്ടിൽ 3–0 ന് തകർത്തതിന്റെ ആത്മവിശ്വാസവും ന്യൂസിലൻഡിനുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.