23 December 2024, Monday
KSFE Galaxy Chits Banner 2

ഇന്ത്യ കടക്കയത്തില്‍ :കഴിഞ്ഞ വര്‍ഷത്തെ പലിശ മാത്രം 8.1 ലക്ഷം കോടി

Janayugom Webdesk
തിരുവനന്തപുരം
January 27, 2022 10:37 pm

ഇന്ത്യ ചരിത്രത്തിലെ ഏറ്റവും വലിയ കടക്കയത്തില്‍. വിദേശത്തടക്കമുള്ള വായ്പകള്‍ക്ക് കഴിഞ്ഞ വര്‍ഷം നല്കാനുള്ള പലിശ മാത്രം 8.1 ലക്ഷം കോടിയെന്ന് കണക്കുകള്‍. അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റിനു മുന്നോടിയായാണ് വിവിധ ഏജന്‍സികള്‍ ആശങ്കാജനകമായ കണക്കുകള്‍ വെളിപ്പെടുത്തുന്നത്.
അടുത്ത സാമ്പത്തിക വര്‍ഷം‍ പലിശമാത്രം 9.3 ലക്ഷം കോടിയായി ഉയരുമെന്നും കണക്കാക്കപ്പെടുന്നു. കോവിഡിനെ പ്രതിരോധിക്കാനെന്ന മറവിലാണ് മിക്ക വിദേശവായ്പകളും ഇന്ത്യയ്ക്കകത്തുനിന്നുള്ള കടങ്ങളും വാങ്ങിക്കൂട്ടിയത്. ഇതുമൂലം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണമില്ലാതെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാനിരക്കു മുരടിക്കുന്നുവെന്നും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍വര്‍ഷവുമായി തട്ടിച്ചുനോക്കിയാല്‍ പലിശഭാരത്തില്‍ 15 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായതെന്നും അടുത്ത വര്‍ഷം അത് 16.9 ശതമാനമായി കുതിച്ചുയരുമെന്നും കേന്ദ്ര ധനവകുപ്പിലെ ഒരുന്നതന്‍ വെളിപ്പെടുത്തിയതായി പ്രമുഖ ദേശീയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
കേന്ദ്രവരുമാനത്തിന്റെ 45 ശതമാനവും പലിശയടയ്ക്കാനാണ് വിനിയോഗിക്കേണ്ടതെന്ന ‍ഞെട്ടിപ്പിക്കുന്ന വിവരം കേന്ദ്ര ബജറ്റിലും സാമ്പത്തിക സര്‍വേയിലും വെളിപ്പെടുത്താനാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഇതുവഴി നിര്‍ബന്ധിതയാവുക. കഴിഞ്ഞ ബജറ്റില്‍ 36.4 ശതമാനമായിരുന്നതാണ് ഇപ്രകാരം കുത്തനെ ഉയരുക. പണപ്പെരുപ്പം, വിലക്കയറ്റം, തൊഴിലില്ലായ്മ എന്നീ കെടുതികളിലേക്കാണ് ഈ പലിശ പ്രതിസന്ധിയും മാനംമുട്ടെ ഉയരുന്ന വായ്പകളും നയിക്കുകയെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവേഷണ റിപ്പോര്‍ട്ടിലും മുന്നറിയിപ്പു നല്കുന്നു. വിഭാവനം ചെയ്തതിനെക്കാള്‍ നികുതി വരുമാനം ഉണ്ടായത് നിര്‍ബന്ധിത ജിഎസ്‌ടിയിലൂടെയാണ്. ഇതിന്റെ അര്‍ഹമായ വിഹിതം സംസ്ഥാനങ്ങള്‍ക്ക് നല്കാതിരുന്നിട്ടും റവന്യു വരുമാനത്തെ കാര്‍ന്നുതിന്നുന്നത് ഭീമമായി ഉയരുന്ന പലിശകളാണെന്നും വിലയിരുത്തുന്നു.
ഫെബ്രുവരിയില്‍ അവസാനിക്കുന്ന നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ 8.1 ലക്ഷം കോടി പലിശ തിരിച്ചടയ്ക്കാനുള്ളതില്‍ ഇക്കഴിഞ്ഞ നവംബര്‍ അവസാനം വരെ തിരിച്ചടയ്ക്കാനായത് വെറും 4.6 ലക്ഷം കോടി രൂപ മാത്രമാണെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധയായ അതിഥി നയ്യാര്‍ ചൂണ്ടിക്കാട്ടി. ബാങ്കുകളില്‍ നിന്നും അഞ്ച് വര്‍ഷം മുമ്പ് മുതല്‍ ഇതുവരെ കടമെടുത്ത 3.1 ലക്ഷം കോടിയുടെ വായ്പയായി 19,000 കോടി രൂപയാണ് പലിശയായി തിരിച്ചടയ്ക്കാനുള്ളത്.

Eng­lish Sum­ma­ry :India indebt­ed to Rs 8.1 lakh crore last year
you may also lik this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.