19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 16, 2024
November 14, 2024
July 19, 2024
November 26, 2023
November 10, 2023
November 5, 2023
October 26, 2023
October 8, 2023
July 25, 2023
February 14, 2023

ഇന്ത്യ ആഗോള കുത്തകകളുടെ മാലിന്യ നിക്ഷേപകേന്ദ്രമാകുന്നു

പ്രൊഫ. കെ അരവിന്ദാക്ഷൻ
February 1, 2023 4:30 am

രിസര മലിനീകരണത്തിന് ഏറ്റവും വലിയ ഭീഷണിയെന്ന നിലയിൽ ഏറെക്കാലമായി നിലനിന്നുവരുന്ന ഒരു പാഴ്‍വസ്തുവാണല്ലോ പ്ലാസ്റ്റിക്ക്. അജൈവമാലിന്യങ്ങളുടെ ഗണത്തിൽ ഏറ്റവുമധികം നാശം വിതയ്ക്കുന്ന ഉല്പന്നം പ്ലാസ്റ്റിക്ക് ആയിരിക്കും. ഈ യാഥാർത്ഥ്യം തിരിച്ചറിഞ്ഞ പരിസ്ഥിതി ശാസ്ത്രജ്ഞന്മാരും പരിസ്ഥിതി പ്രവർത്തകരും ശാസ്ത്രസാഹിത്യ പരിഷത്തുപോലുള്ള സംഘടനകളും പ്ലാസ്റ്റിക്കിന്റെ വിനിയോഗത്തിനെതിരായി പോരാട്ടം നടത്തിത്തുടങ്ങിയിട്ട് നിരവധി വർഷങ്ങളായെങ്കിലും നമ്മുടെ കേന്ദ്ര–സംസ്ഥാന–പ്രാദേശിക ഭരണകൂടങ്ങൾ ഈ വിഷയത്തിൽ കുറ്റകരമായ അനാസ്ഥയും അലംഭാവവുമാണ് പ്രകടിപ്പിച്ചുവരുന്നത്. പ്ലാസ്റ്റിക്ക് നിരോധനമടക്കമുള്ള നയങ്ങൾ വെറും പ്രഖ്യാപനങ്ങളായിത്തന്നെയാണ് ഇന്നും തുടരുന്നത്. പരിസ്ഥിതി ശാസ്ത്രജ്ഞന്മാർ അവരുടേതായ മൂന്ന് ലക്ഷ്യങ്ങളാണ് ജനങ്ങളുടെ അറിവിലേക്കായി മുന്നോട്ടുവച്ചിട്ടുള്ളത്. ഇംഗ്ലീഷ് അക്ഷരമാലയിൽ ‘ആർ’ എന്ന അക്ഷരത്തിൽ തുടങ്ങുന്ന മൂന്നു വാക്കുകൾ‑റെഡ്യൂസ് അഥവാ കുറയ്ക്കുക, ‘റീയൂസ്’ അഥവാ പുനർവിനിയോഗിക്കുക, ‘റെഫ്യൂസ്’ അല്ലെങ്കിൽ ‘റിജക്റ്റ്’ അഥവാ തള്ളിക്കളയുക, ഉപേക്ഷിക്കുക–എന്നിവയാണത്.
പല പുരോഗമന ശാസ്ത്രീയ നടപടികൾക്കും പരിഷ്കാരങ്ങൾക്കും മുൻകൈയെടുത്ത കേരളത്തിലെ കമ്മ്യൂണിസ്റ്റ്- ഇടതുപക്ഷ–പുരോഗമന ചിന്താഗതിക്കാരും ശാസ്ത്ര സംഘടനകളും പോലും ക്രമേണ ചില സമ്മർദ്ദങ്ങൾക്കും വഴങ്ങിക്കൊടുക്കുന്ന കാഴ്ചയാണിപ്പോള്‍ എന്ന് ഖേദപൂർവം പറയേണ്ടിവരുന്നു.


ഇതുകൂടി വായിക്കൂ: ശുചിത്വകേരളത്തിന് വേണ്ടത് ഫീക്കല്‍ സ്ലഡ്ജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍


പ്രമുഖ ബിസിനസ് മാധ്യമമായ ‘ബിസിനസ് സ്റ്റാൻഡേർഡ്’ കഴിഞ്ഞ ഡിസംബർ 28ന് ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ തലവാചകം ‘ഇന്ത്യ, അമേരിക്കൻ പാഴ്‍വസ്തുക്കളുടെ കുപ്പത്തൊട്ടിയായി രൂപാന്തരപ്പെടുന്നു’ എന്നായിരുന്നു. കപ്പൽ മാർഗമോ മറ്റോ അമേരിക്കയിലെ റീസൈക്ലിങ് കൂപ്പുകളിൽ നിന്നും നിയമവിരുദ്ധമായ കുന്നുകൂട്ടൽ കേന്ദ്രങ്ങളിൽ നിന്നും അധികൃതരുടെ അറിവോടെയും ഒത്താശയോടെയും മാലിന്യം ദേശീയ തലസ്ഥാനമായ ഡൽഹിയുടെ പരിസര പ്രദേശമായ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മുസാഫർ നഗർ പോലുള്ള സ്ഥലങ്ങളിലാണെത്തുന്നത്. ഇവിടങ്ങളിലെ ദരിദ്രരും നിസഹായരുമായ ജനങ്ങൾ ആരോഗ്യത്തിന് അങ്ങേയറ്റം ഹാനികരമായ ഇത്തരം പാഴ്‍വസ്തു ശേഖരങ്ങൾക്കിടയിലാണ് കഴിഞ്ഞുകൂടാൻ നിർബന്ധിതരായിരിക്കുന്നത്.
ഡൽഹിയിൽ നിന്നും 80 മൈലുകൾക്കപ്പുറമുള്ള മുസാഫർ നഗർ ഇന്ത്യൻ ഭൂപടത്തിൽ സ്ഥാനം പിടിച്ചിരിക്കുന്നത് രണ്ട് കാര്യങ്ങൾക്കാണെന്ന് ചരിത്രത്തിന്റെ ഏടുകളിൽ രേഖപ്പെടുത്തിയിട്ടുള്ളതാണ്. ഇതിലൊന്ന് ബ്രിട്ടീഷ് കോളനിവാഴ്ചയിൽ നിന്നും സാമ്രാജ്യത്വ ചൂഷണത്തിൽ നിന്നും ഇന്ത്യൻ ജനതയെ മോചിപ്പിക്കുന്നതിന് മഹാത്മാഗാന്ധി, മൗലാനാ ആസാദ്, ദാദാഭായ് നവ്റോജി തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ ത്യാഗോജ്ജ്വലമായ പോരാട്ടത്തിൽ ജാതി-മതഭേദമില്ലാതെ സ്വന്തം ജീവൻ പോലും ഉഴിഞ്ഞുവയ്ക്കാൻ തയ്യാറായി രംഗത്തുവരുന്നവരുടെ വാസസ്ഥാനം എന്ന നിലയിലാണ്. മറ്റൊന്ന്, പാവപ്പെട്ടവരുടെ നിത്യോപയോഗ വസ്തുക്കളിലൊന്നായ ശർക്കര വൻതോതിൽ ഉല്പാദിപ്പിക്കുന്നവരുടെ ആസ്ഥാനം എന്ന നിലയിലും. എന്നാൽ മുസാഫർ നഗർ ഇപ്പോൾ അറിയപ്പെടുന്നത് അമേരിക്കയിൽ നിന്നുള്ള റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക്ക് മാലിന്യം ടൺ കണക്കിന് ശേഖരിക്കുന്നതിനുള്ള ഒരു പ്രദേശം എന്ന പേരില്‍ ടൂറിസ്റ്റുകളെ ആകർഷിക്കുന്ന ഒരിടമായിട്ടാണ്.
നിരവധി കുട്ടികളാണ് ഇവിടെ ദിവസവും പാഴ്‍വസ്തുക്കള്‍ക്കിടയില്‍ ഏതെങ്കിലും കളിപ്പാട്ടങ്ങളോ വിറ്റഴിക്കാൻ സാധ്യതയുള്ള പ്ലാസ്റ്റിക്ക് പാവകളോ കുപ്പികളോ മറ്റു ഉരുപ്പടികളോ ഉണ്ടോ എന്ന് തിരയാനെത്തുന്നത്. ഇത്തരം പാഴ്‍വസ്തുക്കളിൽ ചിലതിലെങ്കിലും അവ എവിടെ നിന്നാണ് വന്നെത്തുന്നതെന്ന് തിരിച്ചറിയാൻ കഴിയുന്ന ലേബലുകളുണ്ടാകാം. എത്ര ദൂരം സഞ്ചരിച്ചതിനുശേഷമാണ് ഇന്ത്യൻ ഭൂപ്രദേശത്തെത്തിയതെന്നും അയച്ചതാരാണെന്നും മനസിലാക്കാനും കഴിഞ്ഞേക്കാം. അമേരിക്കയിലേയും കാനഡയിലേയും ഉപഭോക്താക്കൾ 7,000 മൈലുകൾക്കപ്പുറത്തു നിന്നാണ് ഉപയോഗശൂന്യമായ ആമസോൺ നിർമ്മിത പ്ലാസ്റ്റിക്ക് കവറുകൾ ഇന്ത്യയിലേക്ക് കപ്പൽ മാർഗം എത്തിക്കുന്നതെന്ന് തിരിച്ചറിയാൻ അതിബുദ്ധിയൊന്നും ആവശ്യമില്ല. ഇവയിൽ ചിലതിലെങ്കിലും “റീ സൈക്കൾ മി’ എന്ന സന്ദേശം രേഖപ്പെടുത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.


ഇതുകൂടി വായിക്കൂ: മുലപ്പാലിലും പ്ലാസ്റ്റിക് സാന്നിധ്യം


ഉപയോഗശൂന്യമായി കണ്ടെത്തുകയും റീ സൈക്ക്ലിങ്ങിന് വിധേയമാക്കപ്പെടേണ്ടതാണെന്ന് രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ള പ്ലാസ്റ്റിക്ക് ഉല്പന്നങ്ങൾ ഇന്ത്യയിലേക്കെന്നല്ല, മറ്റൊരു രാജ്യത്തേക്കും കയറ്റി അയക്കരുതെന്ന് വടക്കേഅമേരിക്കൻ രാജ്യങ്ങളിലുള്‍പ്പെടെ നിയമമുണ്ട്. 2019 മുതൽ കേന്ദ്ര ഭരണകൂടം പ്ലാസ്റ്റിക്ക് പാ‌‌ഴ്‌വസ്തുക്കൾക്ക് ഇറക്കുമതി നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ളൊരു നിയമം പാസാക്കിയിട്ടുമുണ്ട്. ഇത്തരമൊരു നിയമപശ്ചാത്തലം നിലവിലിരിക്കെ, ഇത്രയേറെ നിരോധിത പ്ലാസ്റ്റിക്ക് വസ്തുക്കൾ എങ്ങനെ മുസാഫർ നഗറിലെത്തി എന്നതാണ് ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നത്. ഇപ്പോഴും ഈ ഏർപ്പാട് തുടരുന്നതായാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. എന്തിലും ഏതിലും രാജ്യദ്രോഹം കണ്ടെത്താൻ വെപ്രാളപ്പെടുന്ന മോഡി സർക്കാരിന് ഇതെങ്ങനെ രാജ്യദ്രോഹക്കുറ്റമല്ലാതാകുന്നു എന്നതാണ് ആശ്ചര്യകരമായി തോന്നുന്നത്.
നിയമവിരുദ്ധവും ഇന്ത്യന്‍ ജനതയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്ന ഈ നടപടി ഏതുവിധേന നടക്കുന്നു എന്നത് കണ്ടെത്തേണ്ടതുണ്ട്. ബ്ലൂംബെര്‍ഗ് എന്ന ഏജന്‍സിയാണ് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അവര്‍ ചെന്നെത്തിയത് ഉത്തരേന്ത്യയിലെ ഒരു വന്‍ വ്യവസായ ശൃംഖലയിലേക്കാണ്. ഇതിനു പിന്നില്‍ സംഘടിതരായ ഇടനിലക്കാരുടെ ഒരു നീണ്ടനിരയുണ്ട്. ദേശീയ, സാര്‍വദേശീയ വ്യവസായ കോര്‍പറേറ്റുകളുടെ പരോക്ഷ പിന്തുണയും ഇവര്‍ക്കുണ്ട്. ഇക്കൂട്ടത്തില്‍ മുന്‍പന്തിയിലുള്ളത് അമേരിക്കന്‍ കുത്തകകളാണ്. ഏറ്റവും കുറഞ്ഞ ചെലവില്‍ റീസൈക്ലിങ് നടത്തിയെന്ന വ്യാജേന ശേഖരിക്കുന്ന പാഴ്‌വസ്തുക്കള്‍ക്ക് ഇന്ത്യ അനുയോജ്യ താവളമാണെന്ന് അവര്‍ക്ക് ബോധ്യമാകുന്നു. റീസൈക്ലിങ് അഥവാ പുനര്‍വിനിയോഗ പ്രക്രിയ നടത്തിയാല്‍ അതിലൂടെ പ്ലാസ്റ്റിക്ക് ഉല്പന്നങ്ങള്‍ വഴിയുള്ള മലിനീകരണം കുറയ്ക്കാന്‍ കഴിയുമെന്ന സ്ഥിരീകരണവുമുണ്ടല്ലോ. എന്നാല്‍ ഇതെല്ലാം വെറും മിഥ്യാധാരണകളാണെന്നാണ് മുസാഫര്‍ നഗറിലെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ബ്ലൂംബെര്‍ഗ് എത്തിച്ചേര്‍ന്നിരിക്കുന്ന നിഗമനം.
ഭൂമി നികത്തുന്നതിനു പുറമെ റീസൈക്ലിങ് ചെയ്ത പാഴ്‌വസ്തുക്കള്‍ക്ക് മറ്റൊരു വ്യാവസായിക വിനിയോഗം കൂടിയുണ്ട്. പേപ്പര്‍ നിര്‍മ്മാണ വ്യവസായം. ഇറക്കുമതി ചെയ്ത പാഴായ പേപ്പര്‍ ഉല്പന്നാവശിഷ്ടങ്ങള്‍ ആണ് പേപ്പര്‍ വ്യവസായ മേഖലയുടെ മുഖ്യ ആശ്രയം. കാരണം ഈ അവശിഷ്ടങ്ങള്‍ വുഡ് പള്‍പ്പിനേക്കാള്‍ ലാഭകരമാണ്. പ്രതിവര്‍ഷം ആറ് മില്യന്‍ ടണ്‍ പാഴ്‌വസ്തുക്കള്‍ വീതമാണ് പേപ്പര്‍ വ്യവസായ മേഖല പ്രധാനമായും നോര്‍ത്ത് അമേരിക്കയില്‍ നിന്നു മാത്രം ഇറക്കുമതി ചെയ്തുവരുന്നത്. കപ്പല്‍ വഴി ഇറക്കുമതി ചെയ്യപ്പെടുന്ന ടണ്‍കണക്കിന് പേപ്പര്‍ പാര്‍സലുകളോടൊപ്പം പ്രതിവര്‍ഷം അഞ്ച് ലക്ഷം ടണ്‍ വരെ പ്ലാസ്റ്റിക്ക് മാലിന്യമാണ് ഇന്ത്യയിലെത്തുന്നത്. തന്മൂലം സര്‍ക്കാര്‍ പരിസ്ഥിതി ഏജന്‍സികള്‍തന്നെ കണക്കാക്കിയിരിക്കുന്നത് അഞ്ച് ശതമാനത്തോളം പരിസ്ഥിതി നാശവും മലിനീകരണവും നടക്കുന്നുവെന്നാണ്. വേസ്റ്റ് പേപ്പര്‍ റീസൈക്ലിങ് വഴി പരമാവധി അനുവദനീയമായ മലിനീകരണം രണ്ട് ശതമാനം മാത്രമാണെന്നിരിക്കേയാണ് സര്‍ക്കാര്‍ അറിഞ്ഞോ കണ്ടില്ലെന്ന് നടിച്ചോ നിയമലംഘനവും മലിനീകരണവും നടക്കുന്നത്.


ഇതുകൂടി വായിക്കൂ: പരിസ്ഥിതി സംവേദക മേഖല; വന്‍ പ്രത്യാഘാതം


ഇതിലൊക്കെ രാഷ്ട്രീയ നേതൃത്വത്തിനും പങ്കുണ്ടെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അതില്‍ അവരെ പഴിച്ചിട്ട് കാര്യമില്ല. കേന്ദ്രതലം മുതല്‍ പ്രാദേശികതലംവരെ പരിസ്ഥിതി പ്രശ്നങ്ങള്‍ വളരെ അലംഭാവപൂര്‍വമാണ് കൈകാര്യം ചെയ്തുവരുന്നത്. ആരോഗ്യ സംരക്ഷണത്തില്‍ വലിയ നേട്ടങ്ങള്‍ കൈവരിച്ചതായി അവകാശപ്പെടുമ്പോള്‍ തന്നെ ഹോട്ടല്‍ ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് മരണമടയുന്നവരുടെ എണ്ണം അനുദിനം പെരുകിവരുന്നു. കൊതുക നിവാരണ നടപടികള്‍ വെറും കടലാസ് പദ്ധതികളായിട്ടാണ് നഗരമേഖലകളിലടക്കം നിലവിലിരിക്കുന്നത്. ഗാര്‍ഹിക മേഖലയില്‍ നിന്നുള്ള ഖരമാലിന്യ ശേഖരണം കുടുംബശ്രീ പ്രവര്‍ത്തകര്‍ വഴി ഏറെക്കുറെ സാര്‍വത്രികമായി നടന്നുവരുന്ന കൊച്ചി നഗരത്തില്‍പ്പോലും അവയുടെ സംസ്കരണം പൂര്‍ണമായും തൃപ്തികരമായിട്ടല്ല നടക്കുന്നത്. പകര്‍ച്ചവ്യാധികള്‍ വന്നുപെടുമ്പോള്‍ സടകുടഞ്ഞെണീക്കുന്നത്ര ജാഗ്രത താമസിയാതെ കെട്ടടങ്ങുന്നതാണ് പൊതുവായ അനുഭവം.
അമേരിക്കയില്‍ നിന്നും ഏഷ്യന്‍ മേഖലാ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയില്‍ കുന്നുകൂടുന്നതില്‍ അപകടസാധ്യതകളേറെയുള്ള ഇലക്ട്രിക് അ ജൈവ മാലിന്യങ്ങളും ഉള്‍പ്പെടുന്നുണ്ട് എന്നതാണ്. പ്ലാസ്റ്റിക്ക് മാലിന്യം മാത്രമെടുത്താല്‍ 2019 നും 2020നും ഇടയ്ക്ക് 2,64,000 മില്യന്‍ ടണ്ണിന്റെ ഇരട്ടിയായി വര്‍ധിച്ചുവെന്ന് ഐക്യരാഷ്ട്ര സഭയുടെ കോംട്രേഡ് ഡാറ്റ ബേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നിട്ടും നിയമാനുസൃതമായ വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പാക്കുന്നതില്‍ ഭരണകൂടങ്ങള്‍ വന്‍ പരാജയമാണ് ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.