ജൂലൈ 14 ന് ചാന്ദ്രരഹസ്യങ്ങള്‍ തേടിയുള്ള ചന്ദ്രയാന്‍ മൂന്ന് ദൗത്യത്തിന്റെ ആദ്യഘട്ടം മുതല്‍ 140 കോടി ഇന്ത്യക്കാര്‍ പ്രതീക്ഷിച്ചിരുന്ന സമ്പൂര്‍ണവിജയമാണ് ഇന്നലെ ശാസ്ത്രലോകം കൈവരിച്ചത്. ആദ്യ ചാന്ദ്രദൗത്യം പൂര്‍ത്തിയാക്കിയ രാജ്യങ്ങളിലൊന്നായ റഷ്യയുടെ ലൂണ‑25 പതുക്കെ ഇറക്കുന്നതില്‍ (സോഫ്‌റ്റ് ലാൻഡിങ്) പരാജയപ്പെടുകയും ഇടിച്ചിറക്കേണ്ടിവരികയും ചെയ്ത പശ്ചാത്തലത്തില്‍ ഒരു യന്ത്രപേടകത്തെ ചന്ദ്രനിൽ പതുക്കെ ഇറക്കുന്ന നാലാമത്തെ രാജ്യമെന്ന ബഹുമതിയും ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നേടുന്ന ആദ്യരാജ്യമെന്ന നേട്ടവും ഇന്ത്യയുടേതായിരിക്കുന്നു. 95 ശതമാനം വിജയം നേടുകയും ചന്ദ്രോപരിതലത്തില്‍ ഇറക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്ത ചന്ദ്രയാന്‍ 2 ന്റെ അനുഭവങ്ങളും പാളിച്ചകളും വ്യക്തമായി പഠിച്ച് പോരായ്മകളൊന്നുമുണ്ടാകാതിരിക്കുവാനുള്ള ജാഗ്രതയോടെ നടത്തിയ പ്രവര്‍ത്തനങ്ങളാണ് ചന്ദ്രയാന്‍ 3നെ വിജയത്തിലെത്തിച്ചത്. ജൂലൈ 14ന് സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് കുതിച്ചുയര്‍ന്നതിന് ശേഷമുള്ള ഓരോ ഘട്ടവും ആകാംക്ഷയും ആശങ്കകളും നിറഞ്ഞതായിരുന്നുവെങ്കിലും വിജയകരമായി കടമ്പകളെല്ലാം പിന്നിടാന്‍ ചന്ദ്രയാന്‍ 3ന് സാധിച്ചു. ജൂലൈ 15ന് ചന്ദ്രയാന്റെ ആദ്യഘട്ട ഭ്രമണപഥം ഉയര്‍ത്തല്‍, ഓഗസ്റ്റ് ഒന്നിന് ട്രാൻസ് ലൂണാര്‍ ഓര്‍ബിറ്റിലേക്ക് പേടകത്തെ എത്തിക്കല്‍, ഓഗസ്റ്റ് അഞ്ചിന് ലൂണാര്‍ ഓര്‍ബിറ്റ് ഇൻസേര്‍ഷൻ (എല്‍ഒഐ) പ്രക്രിയയിലൂടെ ചാന്ദ്ര ഭ്രമണപഥത്തിലേക്കിറങ്ങല്‍, ഓഗസ്റ്റ് 17ന് ലാന്‍ഡറും റോവറും അടങ്ങുന്ന ലാന്‍ഡിങ് മൊഡ്യൂൾ, പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപെടല്‍ എന്നിവയെല്ലാം പ്രശ്നങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കിയാണ് വിക്ഷേപിച്ച് 33 ദിവസത്തിന് ശേഷം ലാന്‍ഡർ തനിയെ ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങിയത്. പിന്നെയുള്ള ഏഴ് ദിവസങ്ങളിലെ ഭ്രമണത്തിനുശേഷം ഇന്നലെ സന്ധ്യക്ക് ചന്ദ്രയാൻ‑3 ദൗത്യത്തിന്റെ ഭാഗമായ പേടകം ചന്ദ്രനെ മൃദുവായി സ്പര്‍ശിച്ച നിമിഷത്തില്‍ ജനകോടികളുടെ ഹൃദയം അഭിമാനപൂരിതമായി, ശാസ്ത്രനേട്ടത്തിന് അവര്‍ കയ്യടിച്ചു.
ആദ്യ ചാന്ദ്രദൗത്യം ചന്ദ്രയാന്‍ ഒന്ന് 2008 ഒക്ടോബര്‍ 22നായിരുന്നു. ചന്ദ്രനിലെ ജലസാന്നിധ്യം സംബന്ധിച്ച വിവരങ്ങള്‍ ലോകത്തിന് നല്‍കിയ ഈ ദൗത്യത്തിലൂടെ ത്രിവര്‍ണ പതാക പതിച്ച പേടകത്തെ ഇടിച്ചിറക്കിയ രാജ്യമായും ഇന്ത്യ മാറി. ഇന്ത്യക്ക് ചാന്ദ്രദൗത്യത്തിലെ ആദ്യപട്ടികയില്‍ സ്ഥാനം ലഭിക്കുന്നതിന് ചന്ദ്രയാന്‍ ഒന്ന് കാരണമായി. 2019ലായിരുന്നു ചന്ദ്രയാന്‍ 2. പര്യവേക്ഷണ പേടകമായ വിക്രം ലാന്‍ഡറിനെ ഇടിച്ചിറക്കുക എന്നതിനു പകരം ദക്ഷിണധ്രുവത്തില്‍ പതുക്കെ ഇറക്കുക എന്നതായിരുന്നു ലക്ഷ്യം. ആദ്യവിക്ഷേപണം മാറ്റേണ്ടിവന്നുവെങ്കിലും രണ്ടാം വിക്ഷേപണവും തുടര്‍ന്നുള്ള ഘട്ടങ്ങളും വിജയകരമായി പൂര്‍ത്തിയാക്കി. എന്നാല്‍ സെപ്റ്റംബര്‍ ആറിന് സോഫ്‌റ്റ് ലാൻഡിങ് പരാജയമാകുകയായിരുന്നു. ചന്ദ്രയാന്‍ 2 ദൗത്യം അവസാനത്തേതും സുപ്രധാനവുമായ ഘട്ടത്തില്‍ വിജയിക്കാതെ പോയതില്‍ മനസ് നൊന്ത ഇന്ത്യക്കാര്‍ക്ക് ഇന്നലെ സന്തോഷത്തിന്റെ ദിനമായി. രാജ്യം ചാന്ദ്രദൗത്യത്തില്‍ ലോകത്തിന് മുന്നിലെത്തിയിരിക്കുന്നു.
ഇത് ശാസ്ത്രത്തിന്റെയും ബഹിരാകാശ ഗവേഷണ രംഗത്തിന്റെയും ഉജ്വല വിജയമാണ്. 1920കളില്‍ രാജ്യത്ത് ആരംഭിച്ച ബഹിരാകാശ ഗവേഷണപ്രവര്‍ത്തനങ്ങളുടെ മറ്റൊരു ഘട്ടവുമാണ്. എസ് കെ മിത്ര, സി വി രാമന്‍, മേഘനാഥ് സാഹ, ഹോമി ഭാഭ എന്നിവരിലൂടെ മുന്നേറിയ ഗവേഷണങ്ങളാണ് 1962ല്‍ ജവഹര്‍ലാല്‍ നെഹ്രുവിന്റെ കാലത്ത് വിക്രം സാരാഭായിയുടെ നേതൃത്വത്തില്‍ ബഹിരാകാശ ഗവേഷണത്തിനായുള്ള ദേശീയ സമിതി (ഇന്‍കോസ്പാര്‍) രൂപീകരണത്തിലെത്തുന്നത്. 1970കളിലാണ് ഇന്‍കോസ്പാറിന് പകരമായി ഐഎസ്ആര്‍ഒ രൂപംകൊള്ളുന്നത്. റഷ്യന്‍ ചാന്ദ്രദൗത്യമായ ലൂണയുടെ പരാജയത്തെ വല്ലാതെ ആഘോഷിക്കുന്നവര്‍ ഓര്‍ക്കേണ്ട കാര്യം, ഇന്ത്യയുടെ ആദ്യ ബഹിരാകാശ പേടകം ആര്യഭട്ട സോവിയറ്റ് റോക്കറ്റ് മുഖേനയാണ് ഭ്രമണപഥത്തിലെത്തിയത് എന്ന യാഥാര്‍ത്ഥ്യമാണ്. രോഹിണി, ഭാസ്കര എന്നിങ്ങനെ ബഹിരാകാശ പേടകങ്ങള്‍ ഇന്ത്യയുടേതായി പിന്നീട് പറന്നുയര്‍ന്നു. ഇതിന്റെയൊക്കെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ഇന്ത്യ ലോകത്തിന് മുന്നില്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ആദ്യപേടകമിറക്കുന്ന രാജ്യമായി വളര്‍ന്നിരിക്കുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പുതന്നെ സമര്‍പ്പിത സന്നദ്ധരായ ഗവേഷകര്‍ നടത്തിയ പരീക്ഷണങ്ങളുടെയും കൈവരിച്ച നേട്ടങ്ങളുടെയും അടിത്തറയിലാണ് ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ രംഗം മുന്നേറിയത്. അത് വ്യക്തികളുടെയോ ഏതെങ്കിലും വിശ്വാസ പ്രമാണത്തിന്റെയോ നേട്ടമായല്ല, ശാസ്ത്ര‑ഗവേഷകരുടെയും രാജ്യത്തിന്റെയാകെ കൂട്ടായ്മയുടെയും വിജയമായി തന്നെയാണ് പരിഗണിക്കേണ്ടത്. അതുകൊണ്ട് ഈ നേട്ടത്തിന് ആദ്യം അഭിനന്ദിക്കേണ്ടത് നമ്മുടെ ശാസ്ത്രലോകത്തെയും രണ്ടാമത് മുന്‍കാല പ്രതിഭകളെയുമാണ്. ഇനിയും വലിയ നേട്ടങ്ങളിലേക്ക് നമ്മുടെ ശാസ്ത്രലോകത്തിന് കുതിച്ചുയരാനാകട്ടെ എന്ന് ആശംസിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.