
ടി20 ലോകകപ്പ് കിരീടം നിലനിർത്താനുള്ള ഇന്ത്യയുടെ അവസാന ഘട്ട തയ്യാറെടുപ്പുകൾക്ക് നാഗ്‌പൂരിൽ ഇന്ന് തുടക്കമാകും. ന്യൂസിലാൻഡിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ആരംഭിക്കുമ്പോള്‍ സഞ്ജു സാംസണിന്റെ ഓപ്പണറായുള്ള സ്ഥിരതയ്ക്കും നായകൻ സൂര്യകുമാർ യാദവിന്റെ ഫോമില്ലായ്മയ്ക്കും അന്തിമവിധിയെഴുതാനുള്ള അവസരമാണിത്. മത്സരം ഇന്ന് രാത്രി ഏഴിന് നടക്കും. മലയാളി താരം സഞ്ജു സാംസൺ ഓപ്പണറായി തന്റെ സ്ഥാനം ഉറപ്പിക്കുമോ എന്നതാണ് ആരാധകർ ഉറ്റുനോക്കുന്ന പ്രധാന കാര്യം. അഭിഷേക് ശർമ്മയ്ക്കൊപ്പം വെടിക്കെട്ട് തുടക്കം നൽകാൻ സഞ്ജുവിനായാൽ ലോകകപ്പ് ടീമിലെ താരത്തിന്റെ സ്ഥാനം ചോദ്യം ചെയ്യപ്പെടാത്തതാകും. ഓപ്പണിങ്ങിൽ ഇതിനോടകം തന്നെ മികച്ച സ്ട്രൈക്ക് റേറ്റും സെഞ്ചുറികളും സ്വന്തമാക്കിയ സഞ്ജുവിന്റെ സ്ഥിരതയാകും ഈ പരമ്പരയിൽ പരീക്ഷിക്കപ്പെടുക. ഓപ്പണറായുള്ള 18 ഇന്നിങ്സുകളിൽ നിന്ന് മൂന്ന് സെഞ്ചുറികൾ നേടിയ സഞ്ജുവിന്റെ സ്ട്രൈക്ക് റേറ്റ് 180ന് അടുത്താണ്. 190 സ്ട്രൈക്ക് റേറ്റുള്ള അഭിഷേകിനൊപ്പം സഞ്ജു ചേരുമ്പോൾ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും അപകടകാരികളായ ഓപ്പണിങ് സഖ്യമായി ഇവർ മാറും.
ടീം നായകൻ സൂര്യകുമാർ യാദവിന്റെ ഫോമില്ലായ്മയാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കഴിഞ്ഞ 21 മത്സരങ്ങളിൽ ഒന്നിൽപ്പോലും അർധസെഞ്ചുറി തികയ്ക്കാൻ കഴിയാത്ത സൂര്യക്ക്, ലോകകപ്പിന് മുമ്പ് തന്റെ പഴയ വീര്യം വീണ്ടെടുക്കാനുള്ള അവസാന വേദിയാണിത്. 13 ശരാശരിയിൽ വെറും 218 റൺസാണ് താരത്തിന്റെ സമ്പാദ്യം. നായകന്റെ ബാറ്റിൽ നിന്ന് റൺസ് പിറക്കാത്തതില്‍ ടീം മാനേജ്‌മെന്റിന് വലിയ ആശങ്ക നൽകുന്നുണ്ട്.
പരിക്കേറ്റ തിലക് വർമ്മയുടെ അഭാവത്തിൽ ഇഷാൻ കിഷന്‍ പ്ലെയിങ് ഇലവനിൽ ഇടംപിടിച്ചു. ഇക്കാര്യം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് സ്ഥിരീകരിച്ചു. നേരത്തെ അനുഭവസമ്പത്തുള്ള ശ്രേയസിനെയാകും ഇന്ത്യ പരിഗണിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവരാണ് ടീമിലെ ഓള്‍റൗണ്ടര്‍മാര്‍. ന്യൂസിലാന്‍ഡിനെതിരായ അവസാന ഏകദിന മത്സരത്തില്‍ പേസര്‍ ഹര്‍ഷിത് റാണ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവച്ചത് ഇന്ത്യക്ക് പ്രതീക്ഷയേറുന്നു. അര്‍ധസെഞ്ചുറിയുമായി താരം തിളങ്ങിയിരുന്നു. ലോകകപ്പിന് മുമ്പുള്ള ഈ അഞ്ച് മത്സരങ്ങൾ ടീം കോമ്പിനേഷൻ നിശ്ചയിക്കുന്നതിലും താരങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്നതിലും നിർണായകമാകും.
ഏകദിന പരമ്പരയില്‍ ഇന്ത്യയുടെ വില്ലനായി മാറിയ ഡാരില്‍ മിച്ചല്‍ ടി20 പരമ്പരയിലും ന്യൂസിലാന്‍ഡ് ടീമിലുണ്ട്. ഇന്ത്യക്കെതിരെ തുടര്‍ച്ചയായി സെഞ്ചുറിയുമായി തിളങ്ങാന്‍ മിച്ചലിനായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.