24 January 2026, Saturday

വിവര ചോര്‍ച്ചയില്‍ ഇന്ത്യ നാലാമത്; മൂന്നരവര്‍ഷത്തിനിടെ 14 കോടി തവണ

Janayugom Webdesk
ന്യൂഡല്‍ഹി
June 15, 2023 9:46 pm

സൈബര്‍ ആക്രമണത്തിലൂടെയുള്ള വിവര ചോര്‍ച്ചയില്‍ ആഗോളതലത്തില്‍ ഇന്ത്യ നാലാമത്. 2020 മുതലുള്ള കണക്കുകളനുസരിച്ച് 14 കോടി തവണയാണ് ഇന്ത്യയില്‍ വിവര ചോര്‍ച്ചയുണ്ടായത്. അമേരിക്കയാണ് പട്ടികയില്‍ ഒന്നാമത്. മൂന്നുവര്‍ഷത്തിനിടെ 67.6 കോടി തവണ അമേരിക്കയില്‍ വിവരചോര്‍ച്ചയുണ്ടായി. റഷ്യയും ഇറാനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. റഷ്യയില്‍ 21.4, ഇറാനില്‍ 15.5 കോടി തവണയുമാണ് സൈബറിടങ്ങളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ന്നത്. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ബ്രസീല്‍, ചൈന, ഫ്രാന്‍സ്, ഇന്തോനേഷ്യ, യുകെ, ഫിലിപ്പീന്‍സ് എന്നിവയാണ് പട്ടികയിലുള്ള മറ്റ് രാജ്യങ്ങള്‍.

അതേസമയം കോവിന്‍ പോര്‍ട്ടലില്‍ നിന്ന് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്ന സംഭവം കേന്ദ്ര സൈബര്‍ സുരക്ഷാ വിഭാഗത്തിന്റെ മുഖം നഷ്ടമാക്കിയിട്ടുണ്ട്. രാജ്യത്തെ മുഴുവന്‍ പൗരന്‍മാരുടെ രേഖകള്‍ കൃത്യമായി സുക്ഷിക്കാന്‍ ചുമതലപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ പുലര്‍ത്തുന്ന മൗനം രേഖകള്‍ ചോര്‍ന്നുവെന്ന് രഹസ്യമായി സമ്മതിക്കുകയാണെന്ന് ഐടി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിന് ഇത്തരം ചോര്‍ച്ച തടയുന്നതിന് പ്രാപ്തിയില്ലെന്ന വിവരമാണ് ഡാറ്റ ചോര്‍ച്ചയിലുടെ പുറത്ത് വരുന്നതെന്നും സാങ്കേതിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കോവിന്‍ വിവരങ്ങള്‍ സര്‍ക്കര്‍ ‑സ്വകാര്യ പങ്കളിത്തോടെയാണ് ശേഖരിച്ചത്. പൗരന്റെ വ്യക്തിഗത വിവരങ്ങള്‍ ഭദ്രമായി സുക്ഷിക്കേണ്ട ബാധ്യത കേന്ദ്രം വിസ്മരിച്ചതാണ് വിവരചോര്‍ച്ചയിലേയ്ക്ക് നയിച്ചത്. രാഷ്ട്രീയ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, സെലിബ്രിറ്റികള്‍ അടക്കമുള്ളവരുടെ വിവരങ്ങള്‍ ടെലഗ്രാമില്‍ ചോര്‍ന്നിരുന്നു.

സൈബര്‍ സുരക്ഷയ്ക്കായി ബജറ്റില്‍ നീക്കി വെയ്ക്കുന്ന തുക ഗണ്യമായി കുറയുന്നത് പുത്തന്‍ സാങ്കേതിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് വിലങ്ങ് തടിയായി മാറുന്നുണ്ട്. 13 സുരക്ഷാ മതിലുകളാണ് രാജ്യത്തെ സൈബര്‍ സംവിധാനത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഇത്തരം മതിലുകള്‍ ഭേദിച്ച് ഒരു േവ്യക്തി വിവരങ്ങള്‍ ചോര്‍ത്തിയെന്ന് വരുന്നത് സുരക്ഷാ സംവിധാനത്തിലെ പാളിച്ചകളാണ് തുറന്നുകാട്ടുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.

Eng­lish Sum­ma­ry: India ranks fourth glob­al­ly in infor­ma­tion leakage
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.