ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഇന്ത്യ വീണ്ടും ടെസ്റ്റ് ക്രിക്കറ്റ് കളത്തിലേക്കെത്തുകയാണ്. രണ്ട് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ബംഗ്ലാദേശാണ് എതിരാളി. നാളെ രാവിലെ 9.30ന് ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ മത്സരം ആരംഭിക്കും. ഗൗതം ഗംഭീര്‍ പരിശീലകനായ ശേഷമുള്ള ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പരയും കഴിഞ്ഞ ആറ് മാസത്തിനിടെ ഇന്ത്യ കളിക്കുന്ന ആദ്യ ടെസ്റ്റ് പരമ്പരയുമാണിത്. ബംഗ്ലാദേശിനെതിരെ ടെസ്റ്റില്‍ ഗംഭീര റെക്കോഡാണ് ഇന്ത്യക്കുള്ളത്. ടെസ്റ്റില്‍ ബംഗ്ലാദേശിനോട് ഇതുവരെ ഇന്ത്യ തോല്‍വിയറിഞ്ഞിട്ടില്ല. 13 ടെസ്റ്റുകളിലാണ് ഇരുടീമുകളും ഇതിനകം ഏറ്റുമുട്ടിയത്. ഇതില്‍ 11ലും ഇന്ത്യക്കായിരുന്നു വിജയം. രണ്ടു ടെസ്റ്റുകള്‍ സമനിലയിലും കലാശിക്കുകയായിരുന്നു. ഈ വർഷം മാർച്ചിൽ ഇംഗ്ലണ്ടിനെതിരെ ധർമ്മശാലയിലായിരുന്നു ഇന്ത്യയുടെ അവസാന ടെസ്റ്റ് മത്സരം. അന്ന് അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര 4–1നാണ് ഇന്ത്യ സ്വന്തമാക്കിയത്. ബംഗ്ലാദേശാകട്ടെ പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര 2–0 ത്തിന് നേടിയതിന്റെ ആത്മവിശ്വാസവുമായാണ് ഇന്ത്യയെ നേരിടുന്നത്.
കഴിഞ്ഞ ഒരു ദശകത്തിനിടെ നാട്ടില്‍ കളിച്ച ടെസ്റ്റുകളില്‍ 40 എണ്ണം ഇന്ത്യ ജയിച്ചപ്പോള്‍ നാലെണ്ണം മാത്രമാണ് തോറ്റത്. വിരാട് കോലിയും രോഹിത് ശര്‍മ്മയും കെ എല്‍ രാഹുലും റിഷഭ് പന്തും ജസ്പ്രീത് ബുംറയും അടക്കം മുന്‍നിര താരങ്ങളെല്ലാം ഗ്രൗണ്ടിലിറങ്ങുമ്പോൾ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഫൈനല്‍ സാധ്യത ഉയര്‍ത്തുക എന്നത് കൂടി ഇന്ത്യയുടെ ലക്ഷ്യമാണ്. ചെന്നൈയിലെ സ്പിന്‍ പിച്ചില്‍ മൂന്ന് സ്പിന്നര്‍മാരുമായി ഇറങ്ങി എതിരാളികളെ പൂട്ടാനായിരിക്കും ഇന്ത്യ ശ്രമിക്കുക. ഷാക്കിബ് അല്‍ ഹസനും മെഹ്ദി ഹസന്‍ മിറാസും അടക്കമുള്ള സ്പിന്നര്‍മാര്‍ ബംഗ്ലാദേശ് നിരയിലുമുണ്ടെന്നത് ഇന്ത്യക്ക് തലവേദനയാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.