ബാറ്റര്‍മാര്‍ ഭയപ്പെടുന്ന നാസൗ കൗണ്ടി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ യുഎസിന്റെയും വെല്ലുവിളി അതിജീവിക്കാനായി ഇന്ത്യ ഇറങ്ങുന്നു. ടി20 ക്രിക്കറ്റ് ലോകകപ്പില്‍ സൂപ്പര്‍ എട്ടിലെ സ്ഥാനം ഉറപ്പിക്കാനിറങ്ങുന്ന ഇന്ത്യക്ക് ഇന്നത്തെ മത്സരത്തില്‍ വിജയിച്ചാല്‍ കാര്യങ്ങള്‍ അനുകൂലമാകും. രാത്രി എട്ടിനാണ് മത്സരം. ഗ്രൂപ്പ് എയില്‍ രണ്ടില്‍ രണ്ട് മത്സരങ്ങളും വിജയിച്ച് നാല് പോയിന്റോടെ തലപ്പത്താണ് ഇന്ത്യ. യുഎസും രണ്ട് മത്സരങ്ങളും വിജയിച്ച് നാല് പോയിന്റുമായി രണ്ടാമതാണ്. നേരത്തെ ബംഗ്ലാദേശിനെ തോല്പിച്ച് ദക്ഷിണാഫ്രിക്ക സൂപ്പര്‍ 8എല്‍ സ്ഥാനം പിടിക്കുന്ന ആദ്യ ടീമായി. ഇന്ത്യ‑യുഎസ് മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് സൂപ്പര്‍ എട്ടിലെത്തുന്ന രണ്ടാമത്തെ ടീമാകാന്‍ സാധിക്കും. മാത്രമല്ല യുഎസ് ടീമില്‍ ഏഴ് പേര്‍ ഇന്ത്യന്‍ വംശജരാണ്. അതിനാല്‍ തന്നെ ഇന്ത്യന്‍ താരങ്ങള്‍ തമ്മിലുള്ള പോര് തന്നെ കാണാന്‍ സാധിക്കും. ഏറ്റവും ഒടുവിലായി ഇരുടീമുകളും പാകിസ്ഥാനെ തോല്പിച്ചാണ് മൂന്നാം അങ്കത്തിനെത്തുന്നത്.
ഇന്ത്യ ആറ് റണ്‍സിനാണ് പാക് പടയെ തകര്‍ത്തത്. കന്നി ടി20 ലോകകപ്പ് കളിക്കുന്ന യുഎസ് ആകട്ടെ വമ്പന്മാരെ പോലും ഞെട്ടിക്കുന്ന പ്രകടനമാണ് കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. അതിനാല്‍ തന്നെ ബാറ്റര്‍മാര്‍ ഭയപ്പെടുന്ന നാസൗ സ്റ്റേഡിയത്തില്‍ യുഎസിനെതിരെ ഇന്ത്യ കരുതി തന്നെയാകും ഇറങ്ങുക. ഇന്ത്യയെ തോല്പിക്കാനായാല്‍ ഈ ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറി യുഎസിന്റെ പേരിലാകും. ആദ്യ രണ്ട് മത്സരങ്ങളിലും കളിച്ച ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ മാറ്റമുണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മധ്യനിരയില്‍ ശിവം ദുബെയും ഓപ്പണിങ് റോളില്‍ വിരാട് കോലിയും നിരാശപ്പെടുത്തിയതിനാല്‍ ഇന്ന് യുഎസിനെതിരെ മാറ്റങ്ങളോടെയാവും ഇന്ത്യ ഇറങ്ങുക എന്നാണ് സൂചന. യശസ്വി ജയ്സ്വാളിനെ ഓപ്പണറാക്കി വിരാട് കോലി മൂന്നാം നമ്പറില്‍ ഇറങ്ങുന്നതിനുള്ള സാധ്യതകള്‍ ടീം മാനേജ്മെന്റ് ആലോചിക്കുന്നുണ്ട്. എന്നാല്‍ ബാറ്റിങ് ദുഷ്കരമായ നാസൗ കൗണ്ടി സ്റ്റേഡിയത്തിലെ പിച്ചില്‍ രണ്ട് മത്സരങ്ങളിലെ പരാജയം കൊണ്ട് കോലിയെ മാറ്റേണ്ട കാര്യമില്ലെന്ന വാദവും ശക്തമാണ്.
വിരാട് കോലി ഓപ്പണര്‍ സ്ഥാനത്ത് തുടര്‍ന്നാല്‍ യശസ്വി ജയ്സ്വാള്‍ ഒരിക്കല്‍ കൂടി പുറത്തിരിക്കേണ്ടിവരും. കോലി ഓപ്പണറായി തുടരുകയും മധ്യനിരയില്‍ ശിവം ദുബെക്ക് പകരം സ്പെഷ്യലിസ്റ്റ് ബാറ്ററായി സഞ്ജു സാംസണ് അവസരം നല്‍കുകയും ചെയ്യുക എന്നതാണ് മുന്നിലുള്ള മറ്റൊരു സാധ്യത. ആദ്യ രണ്ട് കളികളിലും ഓള്‍ റൗണ്ടറായ ശിവം ദുബെ ഒരു ഓവര്‍ പോലും പന്തെറിഞ്ഞില്ല എന്നതിനാല്‍ അഞ്ചാം നമ്പറില്‍ സഞ്ജുവിനെ സ്പെഷ്യലിസ്റ്റ് ബാറ്ററായി കളിപ്പിക്കാനുള്ള സാധ്യതയും കൂടുതലാണ്. സഞ്ജുവിനെ കളിപ്പിച്ചാല്‍ ബാറ്റിങ് ഓര്‍ഡറില്‍ വലിയ മാറ്റം വരുത്തേണ്ടിവരില്ല. ബൗളിങ്ങില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധ്യത കുറവാണ്. പാകിസ്ഥാനെതിരായ മത്സരത്തില്‍ പേസ് നിരയുടെ സഹായത്തോടെയാണ് ഇന്ത്യ ആവേശ വിജയം നേടിയത്. ബുംറയുടെ തീപ്പൊരി പന്തുകളാണ് ഇതില്‍ നിര്‍ണായകമായത്. അതിനാല്‍ തന്നെ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സഖ്യം തന്നെ തുടരാനാണ് സാധ്യത.
English Summary:India to tame coup heroes; India-US fight today
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.