ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ നേരിട്ട് ആക്രമിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. നരേന്ദ്ര മോഡി സർക്കാരിനോട് എതിർപ്പുള്ളവരെ ലക്ഷ്യമിട്ടാണ് ഇന്ത്യ ബിഷ്ണോയ് സംഘത്തെ ഉപയോഗപ്പെടുത്തിയതെന്ന ഗുരുതരമായ ആരോപണമാണ് ട്രൂഡോ ഉന്നയിച്ചിരിക്കുന്നത്. കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ വംശജരുടെ ക്രിമിനൽ സംഘമായ ബിഷ്ണോയ് ഗാങ്ങിനെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ വിവരശേഖരണത്തിന് ഉപയോഗിച്ചതായി കഴിഞ്ഞദിവസം റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് ആരോപിച്ചിരുന്നു. നയതന്ത്ര യുദ്ധത്തിനു പിന്നാലെ ഇന്ത്യയുടെ പ്രധാനമന്ത്രിയെയും കേന്ദ്ര സർക്കാരിനെ നേരിട്ടും പരാമർശിച്ചു കൊണ്ട് ട്രൂഡോ നടത്തിയിരിക്കുന്ന ആരോപണം കൂടുതൽ ഗുരുതരമായ പ്രത്യാഘാതങ്ങൾക്കു കാരണമായേക്കും.
ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജറുടെ കൊലപാതകത്തിൽ കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷണറെ പ്രതി ചേർക്കാനുള്ള നീക്കം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ചരിത്രത്തിലെ ഏറ്റവും വഷളായ അവസ്ഥയിലെത്തിച്ചിരുന്നു. ഹൈക്കമ്മിഷണറെ പിൻവലിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തോട് കാനഡ പ്രതികരിച്ചത് ഹൈക്കമ്മിഷണർ അടക്കം ആറ് ഇന്ത്യൻ ഉദ്യോഗസ്ഥരോട് രാജ്യം വിടാൻ നിർദേശിച്ചുകൊണ്ടായിരുന്നു. ആറ് കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിക്കൊണ്ട് ഇന്ത്യ ഇതിനു മറുപടിയും നൽകിയിരുന്നു.
അതേസമയം ആരോപണങ്ങളില്‍ കാനഡ തെളിവുകള്‍ ഹാജരാക്കിയിട്ടില്ലെന്നാണ് ഇന്ത്യ ആവര്‍ത്തിക്കുന്നത്. അതിനിടെ ഇന്ത്യയുടെ പങ്ക് ആദ്യം ഉന്നയിച്ചപ്പോള്‍ ശക്തമായ തെളിവുകളൊന്നുമുണ്ടായിരുന്നില്ലെന്ന് ട്രൂഡോ പറഞ്ഞിരുന്നു. ആദ്യ ഘട്ടത്തില്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്‍കിയ വിവരങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേസില്‍ ഇന്ത്യ സ്വീകരിച്ച സമീപനം കാനഡയുടെ ആഭ്യന്തര സുരക്ഷയെ ചോദ്യം ചെയ്യുന്ന വിധത്തിലാണ്. ഇക്കാര്യത്തിലെ അനൗചിത്യം ഉള്‍ക്കൊള്ളാന്‍ ഇന്ത്യ ഇപ്പോഴും തയ്യാറാകുന്നില്ലെന്നും ട്രൂഡോ വിമര്‍ശിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ആരോപണ‑പ്രത്യാരോപണങ്ങള്‍ തുടരുന്നതിനിടെ ഇന്ത്യയ്ക്കെതിരെ അമേരിക്കയും ന്യൂസിലൻഡും യുകെയും നിലപാട് സ്വീകരിച്ചിരുന്നു. അന്വേഷണത്തില്‍ സഹകരിക്കാൻ ഇന്ത്യ തയാറാകണമെന്നും ആവശ്യപ്പെട്ടിരുന്നു. നേരത്തെയും സമാന അഭിപ്രായം യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ രേഖപ്പെടുത്തിയിരുന്നു.
ഇന്ത്യ‑കാനഡ നയതന്ത്ര ബന്ധം വഷളായതിന്റെ ഉത്തരവാദിത്തം കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്‌ക്കെന്ന് ഇന്ത്യ. വ്യക്തമായ തെളിവുകള്‍ ഇല്ലാതെയാണ് രാജ്യത്തെ സംശയത്തിന്റെ നിഴലിലാക്കാന്‍ ശ്രമിച്ചത്. ഇന്ത്യക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടായിരുന്നില്ലെന്ന ട്രൂഡോയുടെ വെളിപ്പെടുത്തല്‍ ഇക്കാര്യത്തില്‍ തെളിവാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഈ മാസം 19ന് മുമ്പ് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ കാനഡയില്‍ നിന്ന് മടങ്ങിയെത്തിയേക്കും. ഇന്ത്യയ്ക്കും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും എതിരായി ഉന്നയിച്ച ഗുരുതര ആരോപണങ്ങളെ പിന്തുണക്കുന്ന ഒരു തെളിവും കാനഡ ഹാജരാക്കിയിട്ടില്ല. ഇന്ത്യ‑കാനഡ ബന്ധത്തിലുണ്ടായിരിക്കുന്ന വിള്ളലിന്റെ ഉത്തരവാദി ട്രൂഡോ മാത്രമാണെന്നും വിദേശകാര്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ലോറൻസ് ബിഷ്‌ണോയി സംഘവുമായി ബന്ധമുള്ള വ്യക്തികളെ കൈമാറാൻ കാനഡ വിമുഖത കാണിക്കുന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ആരോപിച്ചു. ഈ സംഘത്തിൽപ്പെട്ട 26 പേരെ ക്രിമിനൽ കൈമാറ്റ കരാർ പ്രകാരം ഇന്ത്യയിലേക്ക് അയയ്ക്കാൻ നൽകിയ അപേക്ഷകൾ പത്തു വർഷത്തിലധികമായി കാനഡ അംഗീകരിച്ചിട്ടില്ല. ഇന്ത്യ നാടുകടത്താൻ ആവശ്യപ്പെട്ട കുപ്രസിദ്ധരായ ആളുകൾ കാനഡയിൽ കുറ്റകൃത്യങ്ങൾ ചെയ്യുന്നുണ്ടെന്നാണ് ആരോപണം. അതിൽ ഇന്ത്യയെ കുറ്റപ്പെടുത്തുന്നു. എന്നാൽ അവരെ കൈമാറുന്നതിൽ മാത്രം വിമുഖത കാണിക്കുന്നുവെന്നും ജയ്‌സ്വാൾ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.