9 January 2025, Thursday
KSFE Galaxy Chits Banner 2

തല മുതല്‍ വാല്‍ വരെ,ഇത് പുതിയ ഇന്ത്യ

Janayugom Webdesk
ജയ്പുര്‍
November 17, 2021 9:23 am

ന്യൂസിലന്‍ഡിനെതിരായ ഇന്ത്യയുടെ ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് നടക്കും. ജയ്പുരില്‍ ഇന്ന് രാത്രി 7.30നാണ് മത്സരം. ലോകകപ്പില്‍ നിരവധി തവണ വഴി മുടക്കിയ ന്യൂസിലന്‍ഡിനെതിരെ പ്രതികാരം ചെയ്യാനുറച്ചാകും ഇന്ത്യ ഇന്ന് ഇറങ്ങുക. 

ലോകകപ്പില്‍ കളിച്ച ടീമില്‍ നിന്നും അടിമുടി മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റ ശേഷമുള്ള ആദ്യ പരമ്പരയ്ക്കാണ് രാഹുൽ ദ്രാവിഡ് ഒരുങ്ങുന്നത്. വിരാട് കോലി ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിന് ശേഷം ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത രോഹിത് ശർമയ്ക്കും സ്ഥിരം ക്യാപ്റ്റനായതിന് ശേഷമുള്ള ആദ്യ പരമ്പരയാണ്. പ്രമുഖ താരങ്ങളിൽ പലർക്കും ബിസിസിഐ വിശ്രമം അനുവദിച്ചിരിക്കുന്നതിനാൽ ഒരു പുത്തൻ യുവനിരയാണ് കിവിസിനെ നേരിടാൻ കാത്തിരിക്കുന്നത്. മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ക്കു ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യയും വരുണ്‍ ചക്രവര്‍ത്തിയും ഒഴിവാക്കപ്പെട്ടു. ശ്രേയസ് അയ്യര്‍, യുസ്വേന്ദ്ര ചഹല്‍, ദീപക് ചാഹര്‍, അക്ഷര്‍ പട്ടേല്‍, മുഹമ്മദ് സിറാജ് എന്നിവര്‍ ടീമിലേക്കു തിരിച്ചെത്തി. ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍, പേസര്‍മാരായ ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍ എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍.

അതേസമയം ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണില്ലാതെയാണ് ന്യൂസിലന്‍ഡ് ഇന്ത്യയെ നേരിടാനിറങ്ങുന്നത്. ടി20 പരമ്പരയ്ക്കു പിന്നാലെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ വേണ്ടി ടി20 പരമ്പരയില്‍ നിന്നും വില്യംസണ്‍ പിന്മാറുകയായിരുന്നു. വില്യംസന്റെ അഭാവത്തില്‍ പേസര്‍ ടിം സൗത്തി ടീമിനെ നയിക്കും.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്‌ക്‌വാദ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വെങ്കിടേഷ് അയ്യര്‍, യുസ്വേന്ദ്ര ചാഹല്‍, ആര്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, ആവേശ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്
ന്യൂസിലന്‍ഡ് ടീം: കെയ്ന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍), ടോഡ് ആസില്‍, ട്രെന്റ് ബോള്‍ട്ട്, മാര്‍ക്ക് ചാപ്മാന്‍, ലോക്കി ഫെര്‍ഗൂസണ്‍, മാര്‍ട്ടിന്‍ ഗപ്റ്റില്‍, കൈല്‍ ജാമിസണ്‍, ആദം മില്‍നെ, ഡാരില്‍ മിച്ചല്‍, ജിമ്മി നീഷാം, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ സെയ്‌ഡ്‌നര്‍, മിച്ചല്‍ സാന്റ്‌നര്‍, ടിം സൗത്തി, ഇഷ് സോധി, ടിം സിഫെര്‍ട്ട്.

Eng­lish Sum­ma­ry : india vs newzealand t 20 starts today

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.