22 January 2026, Thursday

Related news

January 22, 2026
January 21, 2026
January 21, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

സാഫ് ഫുട്‌ബോളിന് ഇന്ന് ബംഗളൂരുവില്‍ തുടക്കം ; ഇന്ത്യക്ക് എതിരാളി പാകിസ്ഥാന്‍

സുരേഷ് എടപ്പാള്‍
June 21, 2023 10:51 am

ഫിഫ റാങ്കിങ്ങില്‍ ഒരുപടി മുന്നിലായ ലെബനനെ വീഴ്ത്തി ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് സ്വന്തമാക്കിയ ഇന്ത്യക്ക് ഇനി സാഫ് പരീക്ഷണം. ഇന്നു മുതല്‍ ബംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ സാഫ് കപ്പിന് പന്തുരുളുമ്പോള്‍ വര്‍ധിച്ച ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. ഇന്ന് ആദ്യ മത്സരത്തില്‍ അയല്‍ക്കാരായ പാകിസ്ഥാനാണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയുടെ എതിരാളികള്‍. എട്ടു ടീമുകള്‍ രണ്ട് ഗ്രൂപ്പുകളിലായാണ് ടൂര്‍ണമെന്റില്‍ ബലപരീക്ഷണത്തിനിറങ്ങുന്നത്.

ഇന്ത്യക്കും പാക്കിസ്ഥാനും പുറമെ കുവൈറ്റും നേപ്പാളും എ ഗ്രൂപ്പിലുണ്ട്. ബി ഗ്രൂപ്പില്‍ ലെബനന്‍, മാലിദ്വീപ്, ഭൂട്ടാന്‍, ബംഗ്ലാദേശ് ടീമുകളാണുള്ളത്. ഗ്രൂപ്പുകളില്‍ നിന്ന് കൂടതല്‍ പോയിന്റ് നേടുന്ന രണ്ട് ടീമുകള്‍ സെമിയിലേക്ക് മുന്നേറുമെന്നതിനാല്‍ മൂന്നുമത്സരങ്ങളും ടീമുകള്‍ക്ക് നിര്‍ണായകമാണ്. പങ്കെടുക്കുന്ന ടീമുകളില്‍ ഉയര്‍ന്ന ഫിഫ റാങ്കിങ് ലബനനാണ് (99). ഇന്ത്യ രണ്ടാംസ്ഥാനത്തുണ്ട് (101), കുവൈറ്റ് (143), നേപ്പാള്‍ (174), പാകിസ്ഥാന്‍ (195), ബംഗ്ലാദേശ് (192), ഭൂട്ടാന്‍ (185), മാലിദ്വീപ് (154) എന്നിങ്ങനെയാണ് മറ്റു ടീമുകളുടെ ഫിഫ റാങ്ക് പട്ടിക. ഇന്ന് പകല്‍ 3.30ന് ഉദ്ഘാടന മത്സരത്തില്‍ കുവൈറ്റ് നേപ്പാളിനെയും രാത്രി 7.30ന് ഇന്ത്യ പാകിസ്ഥാനെയും നേരിടും. ജുലൈ ഒന്നിന് രണ്ട് സെമിഫൈനല്‍ മത്സരങ്ങളും നാലിന് ഫൈനലും നടക്കും.

മൗറീഷ്യസില്‍ ടൂര്‍ണമെന്റ് കളിച്ച ടീമിന് നിശ്ചയിച്ചപ്രകാരം പുറപ്പെടാനാകാത്തതുകാരണം പാകിസ്ഥാന്‍ ടീമിന്റെ വരവ് വൈകിയെങ്കിലും പ്രശ്നം പരിഹരിച്ചതായി സംഘാടകര്‍ അറിയിച്ചു. നിലവില്‍ ടീം ഇന്ത്യ തന്നെയാണ് മികച്ച ഫോമില്‍ കളിക്കുന്നതെന്നതുകൊണ്ട് തന്നെ കിരീട സാധ്യതയും ആതിഥേയര്‍ക്കാണ് കൂടുതല്‍. പക്ഷേ എതിരാളികള്‍ തങ്ങളുടേതായ ദിവസങ്ങളില്‍ അട്ടിമറികള്‍ക്ക് കെല്‍പ്പുള്ളവരായതിനാല്‍ ആദ്യമത്സരം മുതല്‍ വിജയിച്ചു തുടങ്ങാനാണ് നായകന്‍ സുനില്‍ ഛേത്രിയും സംഘവും ശ്രമിക്കുക.

ഭുവനേശ്വറില്‍ നടന്ന ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ ഒരു ഗോളു പോലും വഴങ്ങാതെയാണ് ഇന്ത്യ കപ്പടിച്ചതെന്നും ശ്രദ്ധേയമാണ്. ഇന്ത്യന്‍ പ്രതിരോധനിരയിലെ സന്ദേശ് ജിങ്കാനായിരുന്നു ടൂര്‍ണമെന്റിലെ താരം. ഛേത്രി, ചാങ്‌തെ, ഇഷാന്‍ പണ്ഡിത, റഹീം അലി, ലിസറ്റന്‍ കൊളോസൊ, ആഷിഖ് കുരുണിയന്‍, സഹല്‍ അബ്ദുള്‍സമദ് തുടങ്ങിയ മികവുറ്റ താരങ്ങളുടെ ബലത്തില്‍ സാഫില്‍ ജയിച്ചു കയറാമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഇന്ത്യ.

ഇന്ത്യ‑പാക് ഏറ്റുമുട്ടല്‍ അഞ്ചുവര്‍ഷത്തിനുശേഷം

ഫുട്ബോളില്‍ ഏകദേശം അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ — പാക് ടീമുകള്‍ പരസ്പരം പോരടിക്കാന്‍ എത്തുന്നത്. നേരത്തെ 2018 സെപ്റ്റംബറില്‍ നടന്ന സാഫ് കപ്പിന്റെ സെമിയിലായിരുന്നു ഇരു ടീമുകളും തമ്മില്‍ മത്സരിച്ചത്. അന്ന് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പാകിസ്ഥാനെതിരെ ഇന്ത്യ വിജയം നേടിയിരുന്നു. ബലാബലത്തില്‍ പാകിസ്ഥാന്‍ ടീമിനെതിരെ ഇന്ത്യക്ക് വ്യക്തമായ ആധിപത്യമുണ്ട്. ഇതേവരെ ഔദ്യോഗികമായി 20ലധികം അന്താരാഷ്ട്ര മത്സരങ്ങളാണ് ഇന്ത്യയും പാകിസ്ഥാനും കളിച്ചിട്ടുള്ളത്. ഇതില്‍ ഒരു ഡസനിലധികം കളികളും വിജയിച്ചത് ഇന്ത്യയാണ്.

ഇന്ത്യ എട്ടുതവണ ജേതാക്കള്‍

ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ ടൂര്‍ണമെന്റായ സാഫ് കപ്പില്‍ ഇന്ത്യ എട്ടുതവണ ജേതാക്കളായിട്ടുണ്ട്. 1993 ലെ ആദ്യ ടൂര്‍ണമെന്റില്‍ കപ്പടിച്ച ഇന്ത്യക്കുവേണ്ടി മൂന്നുഗോളുകള്‍ നേടി മലയാളി താരം ഐ എം വിജയന്‍ മികച്ച ഗോളടിക്കാരനായി. 2021ല്‍ നടന്ന അവസാന ടൂര്‍ണമെന്റില്‍ നേപ്പാളിനെ മൂന്ന് ഗോളിന് തോല്‍പ്പിച്ചാണ് കിരീടം. ഇത്തവണ ടൂര്‍ണമെന്റിന്റെ പതിനാലാം പതിപ്പ് ആവേശകരമാക്കാന്‍ കുവൈറ്റിനെയും ലെബനനെയും അതിഥി ടീമുകളായി പങ്കെടുപ്പിക്കുന്നുണ്ട്.

Eng­lish Sum­ma­ry: India vs Pakistan
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.