25 December 2024, Wednesday
KSFE Galaxy Chits Banner 2

അന്ധത നടിക്കുന്ന ഭരണകൂടം

Janayugom Webdesk
January 28, 2024 5:00 am

“നമ്മൾ, ഭാരതത്തിലെ ജനങ്ങൾ, ഇന്ത്യയെ ഒരു പരമാധികാര‑സ്ഥിതിസമത്വ‑മതനിരപേക്ഷ‑ജനാധിപത്യ‑റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി, ചിന്ത, ആശയാവിഷ്കാരം, വിശ്വാസം, ഭക്തി, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം, സ്ഥാനമാനങ്ങൾ, അവസരങ്ങൾ എന്നിവയിലുള്ള സമത്വം, എന്നിവ ഉറപ്പുവരുത്തുന്നതിനും വ്യക്തിയുടെ അന്തസും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്ന സാഹോദര്യം എല്ലാവരിലും വളർത്തുന്നതിനും ദൃഢനിശ്ചയം ചെയ്തുകൊണ്ട് നമ്മുടെ ഭരണഘടനാസഭയിൽ വച്ച്, 1949 നവംബറിന്റെ ഈ ഇരുപത്തിയാറാം ദിവസം, ഈ ഭരണഘടനയെ അംഗീകരിക്കുകയും നിയമമാക്കുകയും നമുക്കായിത്തന്നെ സമർപ്പിക്കുകയും ചെയ്യുന്നു”. ഗൗരവമേറിയ ഈ വാക്കുകളോടെ ഇരുപത്തിരണ്ടു ഭാഗങ്ങളും 395 അനുച്ഛേദങ്ങളും അടങ്ങുന്ന ലോകത്തിലേക്കും വച്ച് ഏറ്റവും വലിയ ഭരണഘടന എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യൻ ഭരണ ഘടന 1949 നവംബർ 26ന് അംഗീകരിക്കപ്പെട്ടു. 1950 ജനുവരി 26ന് പ്രാബല്യത്തിൽ വന്നു. ഏകീകൃത സ്വഭാവവും ഫെഡറൽ ഘടനയുമുള്ള പാർലമെന്ററി ഭരണസംവിധാനവും ഭരണഘടന സാധ്യമാക്കി. സാമ്രാജ്യത്തിനെതിരെയുള്ള സ്വാതന്ത്ര്യസമര സേനാനികളുടെ നിരന്തരമായ പോരാട്ടത്തിന്റെ ഫലവുമാണ് ഭരണഘടന. ബ്രിട്ടീഷ് സാമ്രാജ്യത്വം സ്വന്തം സമ്പദ്‌വ്യവസ്ഥയുടെ വളർച്ച മാത്രം കരുതി ഭരണതന്ത്രങ്ങൾ മെനഞ്ഞു. ഇന്ത്യൻ ജനതയുടെ അധ്വാനത്തിന്റെ ഫലം കവർന്നെടുക്കുകയും അവരെ ചൂഷണം ചെയ്യുകയും ചെയ്തു. തങ്ങളുടെ വളർച്ചയ്ക്കുതകുന്ന രീതിയിൽ ആവിയും ശാസ്ത്രവും ഉപയോഗിച്ച് ബ്രിട്ടീഷ് സാമ്രാജ്യത്വം ഇന്ത്യയിൽ വ്യവസായവൽക്കരണം നടപ്പിലാക്കി. കനത്ത നികുതി ഏർപ്പെടുത്തി. മുഴുവൻ പ്രക്രിയയുടെയും അടിസ്ഥാനം ഇന്ത്യയിൽ നിന്ന് ബ്രിട്ടനിലേക്കുള്ള ‘സമ്പത്തിന്റെ ചോർച്ച’ വർധിപ്പിക്കുക എന്നതിൽ അടിസ്ഥാനമാക്കിയുള്ളതായിരുന്നു.

സ്വാതന്ത്ര്യം, നീതി, സാഹോദര്യം, പരമാധികാരം, ജനാധിപത്യം, സോഷ്യലിസം, സമത്വം എന്നിവയുള്ള ഒരു റിപ്പബ്ലിക് വാഗ്ദാനം ചെയ്യുന്ന ജനാധിപത്യത്തിന്റെ ജീവനാഡിയായ ഭരണഘടന ഇന്ന് ഉടഞ്ഞ നിലയിലാണ്. ഭരണഘടന ഉറപ്പാക്കുന്ന സ്വാതന്ത്ര്യങ്ങളെ തകർക്കാനും ഇല്ലാതാക്കാനും ശ്രമിക്കുന്ന ശക്തികളുടെ ഭരണത്തിലാണ് രാജ്യം. ജനാധിപത്യ മൂല്യങ്ങൾക്കെതിരെ ഭരണ വലതുപക്ഷത്തിന്റെ വ്യവസ്ഥാപിതവും കർക്കശവുമായ ആക്രമണം ദൃശ്യമാണ്. അംഗങ്ങളെ പുറത്താക്കിയതോടെ പാർലമെന്റ് അസാധുവായി. രാജ്യത്തിന്റെ സംയോജിത സംസ്കാരം ശിഥിലമാകുകയാണ്. സാമ്രാജ്യത്വ ഭരണകാലത്ത് പ്രയോഗിച്ചിരുന്ന ഭിന്നിപ്പിച്ച് ഭരിക്കുന്ന രാഷ്ട്രീയത്തിന്റെ പുതിയ പ്രത്യയശാസ്ത്രമായ വർഗീയത ഉപയോഗിച്ച് അധികാരം ഉറപ്പാക്കാൻ ശ്രമിക്കുന്ന ഭരണകൂടം. രാജ്യത്തിന്റെ ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമം തുടരുന്നു. ഭരണഘടന തിരുത്തിയെഴുതാനുള്ള ആഹ്വാനമാണ് ഏറ്റവും പുതിയ സൂചകം. 1923ൽ വി ഡി സവർക്കർ എഴുതിയത് മാത്രം ഓർമ്മിപ്പിക്കാനുള്ള ശ്രമം മാത്രം ബിജെപി സർക്കാർ നടത്തുന്നു. “ഇന്ത്യ മുഴുവൻ ഹിന്ദുക്കൾക്ക് വേണ്ടിയുള്ളതാണ്, അല്ലാതെ മുസ്ലിങ്ങൾക്കോ ക്രിസ്ത്യാനികൾക്കോ അല്ല, “എല്ലാ ഹിന്ദുക്കളും തങ്ങളുടെ സിരകളിൽ വൈദിക പിതാക്കന്മാരിൽ ഉൾപ്പെട്ടതും അവരിൽ നിന്ന് ഉത്ഭവിച്ചതുമായ ശക്തരായ വംശത്തിന്റെ രക്തം ഒഴുകുന്നുവെന്ന് അവകാശപ്പെടുന്നവരുമാണ്. ”, “ഹിന്ദുക്കൾ ഒന്നാണ്, കാരണം ഒരു രാഷ്ട്രവും വംശവും ഒരു പൊതു സംസ്കൃതിയും സ്വന്തമാക്കിയിരിക്കുന്നു. ” ബഹുസ്വരതയിൽ ഏകത്വം എന്ന രാജ്യത്തിന്റെ ഏറ്റവും മനോഹരമായ സാംസ്കാരിക പൈതൃകത്തെ സവർക്കർ ഒരിക്കലും പരാമർശിച്ചിട്ടില്ല. ബ്രിട്ടീഷ് സാമ്രാജ്യത്വം ചെയ്ത അനീതികൾ മറച്ച് ആ രോഷത്തെ അതേ തീവ്രതയോടെ മുസ്ലിം സമുദായത്തിനെതിരായി ഉപയോഗിക്കുന്ന തന്ത്രം മെനഞ്ഞാണ് ഹിന്ദു ദേശീയത എന്ന ആശയം ഉയർത്തിയത്. അത് ബ്രിട്ടീഷ് അധികാരികൾക്ക് വിഭജന നയം പിന്തുടരാൻ ആവേശമായി.


ഇതുകൂടി വായിക്കൂ:അയോധ്യയില്‍ നടന്നത് മതരാഷ്ട്ര പ്രതിഷ്ഠ


ഹിന്ദുത്വ സങ്കൽപ്പത്തിന് ഊന്നൽ നൽകി. അതിന്റെ പ്രത്യേകതയെ ചാർത്തി വർധിപ്പിക്കുകയും മറ്റെല്ലാവരും, പ്രത്യേകിച്ച് മുസ്ലിങ്ങൾ, വെറുക്കപ്പെടേണ്ടവരായി നിർത്തുകയും ചെയ്തു. സവർക്കറെ സംബന്ധിച്ചിടത്തോളം, ഹിന്ദുത്വ എന്ന പദം ഹിന്ദുക്കളെ വേറിട്ടൊരു ദേശീയതയായി സംഘടിപ്പിക്കാൻ ശ്രമിച്ച രാഷ്ട്രീയ ബോധമുള്ള തീവ്ര ഹിന്ദുത്വത്തെ പ്രതിനിധീകരിക്കുന്നു. ഇന്ത്യയിലെ മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഈ രാഷ്ട്ര ദർശനത്തിന്റെ ഭാഗമല്ല. ” മുഹമ്മദ് ഗസ്നി സിന്ധു കടന്നതിന് ശേഷം” “ജീവനും മരണവും തമ്മിലുള്ള സംഘർഷം” ആരംഭിച്ചുവെന്ന് അദ്ദേഹം ആവർത്തിക്കുന്നു. ഈ വാചകം ഹിന്ദുക്കളെ മുസ്ലീങ്ങൾക്കെതിരെ നിരത്താനുള്ള പ്രവണതയായിരുന്നു. മതേതരത്വം, സാഹോദര്യം, ആവിഷ്കാര സ്വാതന്ത്ര്യം, സമത്വം, സംയോജിത സംസ്കാരം, സോഷ്യലിസ്റ്റ് മൂല്യങ്ങൾ തുടങ്ങി നമ്മുടെ രാഷ്ട്രനിർമ്മാണ പ്രക്രിയയിൽ ഉൾപ്പെടുത്തേണ്ട നിരവധി ആശയങ്ങൾ ഭരണഘടന പ്രോത്സാഹിപ്പിക്കുന്നു, കാരണം ഇവ രാജ്യത്തിന്റെ ജീവിതത്തിന്റെ ധാർമ്മികതയാണ്. ഭരണഘടനാ അസംബ്ലി അംഗീകരിച്ച ഭരണഘടനയുടെ പുനരവലോകനത്തിനായി ആസൂത്രണം ചെയ്ത കാര്യങ്ങളുടെ പദ്ധതിയിൽ ഈ ചേരുവകൾ ആക്രമിക്കപ്പെടുന്നു.

ജനാധിപത്യ രാഷ്ട്രമെന്ന നിലയിൽ പരിഗണിക്കുമ്പോൾ വർത്തമാനകാലത്ത് ഓരോ ഇന്ത്യക്കാരന്റെയും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ അവകാശങ്ങൾ അപകടാവസ്ഥയിലായിരിക്കുന്നു. സാമൂഹിക നീതിയും മതസൗഹാർദവും ദുർബല വിഭാഗങ്ങളുടെ അവകാശങ്ങളും ഇല്ലാതാകുന്നു. എട്ട് മണിക്കൂർ എന്ന നിലയിൽ ക്രമീകരിച്ച തൊഴിലാളികളുടെ തൊഴിൽ സമയം അട്ടിമറിക്കപ്പെട്ടിരിക്കുന്നു. ജോലി സമയം പന്ത്രണ്ട് മണിക്കൂറായി ഉയർന്നു. ഏറെ സമരങ്ങൾക്കൊടുവിൽ നേടിയ തൊഴിൽ നിയമങ്ങൾ പരിഷ്കരിച്ച് കേവലം നാല് കോഡുകളായി ഒതുങ്ങി. നിരവധി തവണ സമരങ്ങൾ ആരംഭിച്ചിട്ടും നൂറുകണക്കിന് പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടും കർഷകർക്ക് താങ്ങുവില നിഷേധിക്കപ്പെടുന്നു. ഡൽഹി അതിർത്തിയിൽ നടന്ന കിസാൻ ധർണയിൽ എഴുനൂറിലധികം പേർ രക്തസാക്ഷികളായി. ഭരണകൂടം അന്ധത നടിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.