27 July 2024, Saturday
KSFE Galaxy Chits Banner 2

അയോധ്യയില്‍ നടന്നത് മതരാഷ്ട്ര പ്രതിഷ്ഠ

Janayugom Webdesk
January 23, 2024 5:00 am

താണ്ട് നാലു‍നൂറ്റാണ്ടിലേറെ ഇസ്ലാം മതവിശ്വാസികളുടെ പ്രാർത്ഥനാലയമായിരുന്ന അയോധ്യയിലെ ബാബറി മസ്ജിദ് തകർത്തതിന്റെ അവശിഷ്ടങ്ങൾക്ക് മുകളിൽ നിർമ്മിച്ചുവരുന്നതും, ഇനിയും പൂർത്തിയായിട്ടില്ലാത്തതുമായ, രാമക്ഷേത്രത്തിൽ ഇന്നലെ നടന്ന പ്രാണപ്രതിഷ്ഠ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഖേദകരമായ വഴിത്തിരിവായി സ്ഥാനംപിടിച്ചിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ആർഭാടപൂർവമായ ചടങ്ങ് രാജ്യത്തിന്റെ ഭരണഘടനയുടെയും ഭരണഘടനാ മൂല്യങ്ങളുടെയും നേരെ നാളിതുവരെ ഉയർന്നിട്ടുള്ള ഏറ്റവും കടുത്ത വെല്ലുവിളിയാണ്. അത് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തെ പ്രാണപ്രതിഷ്ഠാ പൂർവമെന്നും പ്രാണപ്രതിഷ്ഠാനന്തരമെന്നും നെടുകെ വിഭജിച്ചിരിക്കുന്നു. കനത്ത വെല്ലുവിളികളുടെ നടുവിലും രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യവും ജനതയുടെ മതവിശ്വാസങ്ങൾക്ക് അതീതമായ രാഷ്ട്രീയ സ്വാതന്ത്ര്യവും പൗരാവകാശങ്ങളും അവ ഉറപ്പുനൽകുന്ന ഭരണഘടനാ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ പരിരക്ഷിക്കപ്പെടുമെന്ന പൊതുവിശ്വാസമാണ് തകര്‍ന്നടിഞ്ഞത്. പ്രാണപ്രതിഷ്ഠാ ചടങ്ങിനുശേഷം ക്ഷണിക്കപ്പെട്ട അതിഥികളെ അഭിസംബോധനചെയ്ത പ്രധാനമന്ത്രി ഇതോടെ മതവും രാഷ്ട്രീയവും തമ്മിലുള്ള വേർതിരിവുകൾക്ക് അറുതിയായി എന്ന് സൂചിപ്പിക്കുകയുണ്ടായി. ഭൂരിപക്ഷമതം രാഷ്ട്ര വ്യവഹാരത്തിനുമേൽ ആധിപത്യം ഉറപ്പിച്ചിരിക്കുന്നുവെന്ന് അർത്ഥശങ്കക്ക് ഇടമില്ലാത്ത പ്രഖ്യാപനമായി വേണം അതിനെ നോക്കിക്കാണാൻ. വ്യക്തമായ മതരാഷ്ട്ര സ്ഥാപനമാണ് പ്രധാനമന്ത്രി നടത്തിയത്.


ഇതുകൂടി വായിക്കൂ: അയോധ്യ പ്രതിഷ്ഠയും ദളിതരും


അയോധ്യയിൽ ശ്രീരാമന്റെ ജന്മസ്ഥാനം കയ്യേറി ബാബറുടെ സേനാപതിയായിരുന്ന മിർ ബാഖി പതിനാറാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ നിർമ്മിച്ചതാണ് ബാബ്റി മസ്ജിദെന്നും അത് തിരിച്ചുപിടിച്ച് തൽസ്ഥാനത്ത് രാമക്ഷേത്രം നിർമ്മിക്കുകയാണ് ലക്ഷ്യമെന്നുമുള്ള ആഖ്യാനത്തിന്റെ അടിത്തറയിലാണ് ഹിന്ദുത്വരാഷ്ട്രീയം രാജ്യത്ത് വേരുറപ്പിക്കുന്നത്. ആ ലക്ഷ്യത്തിനുവേണ്ടി നടത്തിയ ഹിംസാത്മക പ്രചാരണ പ്രവർത്തന പരമ്പരകളുടെ സമാപ്തിയായിരുന്നു 1992 ഡിസംബർ ആറിന് നടന്ന ബാബറി മസ്ജിദ് ധ്വംസനം. ‘മഹാത്മാ ഗാന്ധി വധത്തിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തം’ എന്നാണ് അന്ന് ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന കെ ആർ നാരായണൻ അതിനോട് പ്രതികരിച്ചത്. അതിന്റെ തുടർച്ചയായി ഇന്നലെ അരങ്ങേറിയ പ്രാണപ്രതിഷ്ഠ, ചരിത്രത്തിന്റെ പ്രഹസനാത്മകവും അപമാനകാരവുമായ ആവർത്തനമാണ്. ഹിന്ദു മതാചാരങ്ങളെയും കീഴ്‌വഴക്കങ്ങളെയും അപ്പാടെ അവഗണിച്ചും അപഹസിച്ചുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രാണപ്രതിഷ്ഠയുടെ മുഖ്യയജമാനവേഷം കെട്ടിയത്. അതിനുള്ള തന്റെ അവകാശം ദൈവദത്തമാണെന്ന് അദ്ദേഹം മുൻകൂട്ടി പ്രഖ്യാപിച്ചു. പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി പതിനൊന്ന് ദിവസത്തെ വ്രതാനുഷ്ഠാനം ആരംഭിക്കുംമുമ്പ് നടത്തിയ പ്രഖ്യാപനത്തിലൂടെ മോഡി സകല ഹൈന്ദവ ആചാര്യന്മാർക്കും മീതെ സ്വയം പ്രതിഷ്ഠിക്കുകയായിരുന്നു. ശ്രീരാമ പ്രതിഷ്ഠാ കർമ്മത്തിലൂടെ മോഡി പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ അധികാരത്തിന്മേൽ തനിക്കുള്ള ദിവ്യാവകാശംകൂടി സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. പ്രതിഷ്ഠാ ചടങ്ങുകളുമായി ബന്ധപ്പെട്ട മോഡിയുടെ നാടകീയ പ്രകടനവും ശരീരഭാഷയും അവയുടെ ദൃശ്യങ്ങൾ കണ്ട സാമാന്യബുദ്ധിയും ജനാധിപത്യ പൗരബോധവുമുള്ള ആർക്കും ലജ്ജാകരവും അരോചകവുമായേ അനുഭവപ്പെട്ടിട്ടുണ്ടാവൂ.


ഇതുകൂടി വായിക്കൂ:  ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠയും മോഡിയുടെ അയോധ്യാ പ്രതിഷ്ഠയും


അയോധ്യയിൽ രാമക്ഷേത്രത്തിന്റെയും പ്രതിഷ്ഠയുടെയും പേരിൽ കേന്ദ്ര സർക്കാരിന്റെയും ഉത്തർപ്രദേശടക്കം ബിജെപി സർക്കാരുകളുടെയും ആഭിമുഖ്യത്തിൽ മത പരിവേഷത്തോടെ നടന്ന ആർഭാടപൂർണമായ ചടങ്ങ് വരാൻപോകുന്ന ലോക്‌സഭാതെരഞ്ഞെടുപ്പിനെ ലക്ഷ്യംവച്ചുള്ള രാഷ്ട്രീയ മാമാങ്കമായിരുന്നു. അത് ഭരണഘടനയിലും ജനാധിപത്യത്തിലും മതനിരപേക്ഷതയിലും അധിഷ്ഠിതമായ തെരഞ്ഞെടുപ്പ് പ്രക്രിയക്കുതന്നെ അന്ത്യംകുറിക്കാനുള്ള ഗൂഢലക്ഷ്യത്തോടെയുള്ള നീക്കമാണ്. ബിജെപിയുടെ അത്തരം കുത്സിതനീക്കങ്ങളെ തത്വാധിഷ്ഠിതമായി ചെറുക്കുന്നതിനുപകരം മത്സരാധിഷ്ഠിത ഹിന്ദുത്വ രാഷ്ട്രീയത്തിൽ പങ്കാളികളാകാനാണ് കമ്മ്യൂണിസ്റ്റ്, ഇടതുപക്ഷ പാർട്ടികൾ ഒഴികെയുള്ള പ്രതിപക്ഷപാർട്ടികൾ ശ്രമിക്കുന്നത് എന്നത് ഖേദകരമാണ്. ഹിന്ദുത്വ വൈകാരിക തീവ്രതയെ മൃദുഹിന്ദുത്വംകൊണ്ട് നേരിടാമെന്ന അത്തരക്കാരുടെ കണക്കുകൂട്ടൽ അസ്ഥാനത്താണെന്ന് അനുഭവം ബോധ്യപ്പെടുത്തുന്നുണ്ട്. കഴിഞ്ഞദിവസം അയോധ്യയിൽ നടന്നത് മതവിശ്വാസത്തിൽ അധിഷ്ഠിതമായ പ്രാണപ്രതിഷ്ഠയല്ല. അത് മതേതര ജനാധിപത്യ ഇന്ത്യക്കുമേൽ ഹിന്ദുത്വ മതരാഷ്ട്രത്തെ പ്രതിഷ്ഠിക്കാനുള്ള തീവ്രയത്നത്തിന്റെ ഭാഗമാണ്. ജാഗ്രതയോടെയും നിശ്ചയദാർഢ്യത്തോടെയും ആ നീക്കത്തെ ചെറുത്തുതോല്പിക്കാൻ മതേതര ജനാധിപത്യ ശക്തികൾക്ക് കഴിഞ്ഞില്ലെങ്കിൽ ഇന്ത്യയെ കാത്തിരിക്കുന്നത് ഫാസിസ്റ്റ് വർഗീയതയുടെ ഇരുണ്ട നാളുകളായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.