23 January 2026, Friday

ഭാരതീയ ന്യായ സംഹിത; പൊലീസിന് വന്‍ അധികാരം

Janayugom Webdesk
ന്യൂഡല്‍ഹി
August 12, 2023 11:35 pm

നിലവിലുള്ള ശിക്ഷാ നിയമങ്ങള്‍ക്ക് പകരം കൊണ്ടുവരുന്ന ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) ബില്‍, 2023 ല്‍ പൊലീസിന് വ്യവസ്ഥ ചെയ്തിരിക്കുന്നത് വന്‍ അധികാരങ്ങള്‍. പല കാര്യങ്ങളിലും പൗരസ്വാതന്ത്ര്യം കവരുന്ന വ്യവസ്ഥകളാണ് ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
വ്യവസ്ഥകള്‍ പ്രകാരം 15 ദിവസം മുതല്‍ 60 ദിവസമോ ചില അവസരങ്ങളില്‍ 90 ദിവസമോ ഒരു വ്യക്തിയെ പൊലീസ് കസ്റ്റഡിയില്‍ വയ്ക്കാനാകും. പുതിയ ബില്ലുകള്‍ നിലവില്‍ വരുമ്പോഴും തീവ്രവാദക്കുറ്റങ്ങള്‍ ചുമത്തുന്ന യുഎപിഎ, മക്കോക്ക എന്നിവ നിലനില്‍ക്കുകയും ചെയ്യും. രാജ്യദ്രോഹക്കുറ്റം ഒഴിവാക്കിയെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും ഇത് മറ്റൊരു പേരില്‍ അവതരിക്കുന്നുമുണ്ട്. ലൗ ജിഹാദ് പോലെ ആര്‍എസ്എസ് അജണ്ടകളും നിയമത്തില്‍ കുത്തിനിറച്ചിട്ടുണ്ട്. 

രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി പൊലീസ് അധികാരം നിര്‍ദയമായി ദുര്‍വിനിയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് മുൻ നിയമമന്ത്രിയും രാജ്യസഭാ എംപിയുമായ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. വിമര്‍ശകരെ നിശബ്ദരാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തിനെതിരായ കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ പുതിയവ കൂട്ടി ചേര്‍ത്തതെന്നും അദ്ദേഹം പറഞ്ഞു.
ഐപിസിക്ക് ബദലായി ഭാരതീയ ന്യായ സംഹിത 2023, സിആര്‍പിസിക്ക് പകരം ഭാരതീയ നാഗരിക് സുരക്ഷ 2023, ഇന്ത്യൻ തെളിവു നിയമം പുനഃക്രമീകരിച്ച് ഭാരതീയ സാക്ഷ്യ ബില്‍ 2023 എന്ന രീതിയിലുമാണ് അവതരിപ്പിച്ചിരിക്കുന്നത്. 

തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവുശിക്ഷ വ്യവസ്ഥ ചെയ്യുന്നു. 195(1) ഡി വകുപ്പനുസരിച്ച് രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ എന്നിവയെ ബാധിക്കുന്ന തരത്തില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ മൂന്ന് വര്‍ഷം വരെ തടവുശിക്ഷയോ പിഴയോ രണ്ടുമോ ലഭിക്കാമെന്ന് വ്യക്തമാക്കുന്നു. തെറ്റായ വാര്‍ത്തകളുടെ നിര്‍വചനം വസ്തുതാ പരിശോധന സമിതിയുടെ രൂപീകരണത്തോടെ സര്‍ക്കാരിന്റെ കൈകളിലേക്ക് മാറും.
സ്ത്രീകളെ തെറ്റായ വിവരങ്ങള്‍ നല്‍കി വിവാഹം ചെയ്യുകയോ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്യുകയോ ചെയ്യുന്നവർക്ക് 10 വർഷം വരെ തടവും പുതിയ നിയമത്തിലുണ്ട്. 

Eng­lish Sum­ma­ry: Indi­an Law Code; The police have a lot of power

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.