ഉക്രെയ്നില് സംഘര്‍ഷം രൂക്ഷമായ കര്‍കീവില്‍ നിന്ന് ഇന്ത്യന്‍ എംബസിയുടെ അടിയന്തര നിര്‍ദേശത്തെത്തുടര്‍ന്ന് പലായനം ചെയ്ത ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഭക്ഷണവും കുടിവെള്ളവുമില്ലാതെ ദുരിതത്തില്‍. പടിഞ്ഞാറന്‍ അതിര്‍ത്തിയിലെത്തിയ വിദ്യാര്‍ത്ഥികള്‍ അതിര്‍ത്തി കടക്കാനുള്ള സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് വിലപിക്കുകയാണ്.
ഏറ്റുമുട്ടല്‍ ശക്തമായതിനെത്തുടര്‍ന്ന് കര്‍കീവില്‍ സുരക്ഷിതമല്ലെന്നും അടിയന്തരമായി രക്ഷപ്പെടണമെന്നും ഇന്ത്യന്‍ എംബസി അറിയിപ്പ് നല്‍കിയതോടെയാണ് വിദ്യാര്‍ത്ഥികളുടെ സംഘം ഉക്രെയ്ന്റെ പടിഞ്ഞാറന്‍ മേഖലയായ പിസോചിനിലെത്തിയത്. ആയിരത്തോളം വിദ്യാര്‍ത്ഥികളാണ് ഇവിടെയുള്ളതെന്നാണ് വിവരം.
മൈനസ് ഡിഗ്രി കാലാവസ്ഥയിലും കനത്ത മഞ്ഞുവീഴ്ചയിലും രണ്ട് ദിവസമായി ഭക്ഷണം പോലുമില്ലാതെയാണ് തങ്ങള്‍ കഴിയുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ലിവിവിലേക്ക് ബസ് ലഭിക്കാന്‍ അഞ്ഞൂറ് മുതല്‍ എഴുന്നൂറ് ഡോളര്‍ വരെയാണ് കോണ്‍ട്രാക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്. അതിര്‍ത്തിക്ക് അടുത്തുള്ള നഗരമാണ് ലിവിവ്. എംബസിയില്‍ നിന്ന് ഇതുവരെ ഒരു പ്രതികരണവും ലഭിച്ചില്ലെന്നും അവര്‍ പറയുന്നു.
“ബസില്‍ യാത്ര ചെയ്യുന്നത് അപകടമാണെന്നും ട്രെയിനില്‍ പോകണമെന്നും നേരത്തെ നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് എംബസിയുമായി ബന്ധപ്പെട്ടപ്പോള്‍, പുറത്തിറങ്ങുന്നത് അപകടമാണെന്നും അവിടെത്തന്നെ നില്‍ക്കണമെന്നുമാണ് മറുപടി ലഭിച്ചത്. വൈരുദ്ധ്യമുള്ള വിവരങ്ങളാണ് ലഭിക്കുന്നത്. ഒന്നും മനസിലാകുന്നില്ല.” വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കുന്നു.
ശക്തമായ ഏറ്റുമുട്ടല്‍ നടക്കുന്ന കീവിലും കര്‍കീവിലും സുമിയിലും സ്ഥിതി ഗുരുതരമാണെന്ന് നേരത്തെ എംബസി അറിയിച്ചിരുന്നു. സുമിയില്‍ ട്രെയിനുകളും ബസുകളും സര്‍വീസ് നടത്തുന്നില്ലെന്നും നഗരത്തിന് പുറത്ത് റോഡുകളും പാലങ്ങളും തകര്ക്കപ്പെട്ടിരിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
അയല്‍രാജ്യങ്ങളില്‍ നിന്ന് ഓപ്പറേഷന് ഗംഗയുടെ ഭാഗമായി വിമാനങ്ങള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ടെങ്കിലും ഉക്രെയ്നിലുള്ള വിദ്യാര്‍ത്ഥികള്‍ എങ്ങനെ അതിര്‍ത്തി വരെ എത്തിച്ചേരുമെന്നുള്ളതാണ് ഇപ്പോള്‍ ആശങ്കയുണ്ടാക്കുന്ന പ്രധാന ചോദ്യമായി അവശേഷിക്കുന്നത്.
english summary; Indian students in trouble
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.