പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി മഡ്ഡി ഡിസംബര്‍ 10ന് ആറ് ഭാഷകളില്‍ ഒരേസമയം റിലീസ് ചെയ്യുകയാണ്. ഇന്ത്യയിലെ ആദ്യത്തെ മഡ് റേസ് ചിത്രമെന്ന ടാഗ് ലൈനുമായി വരുന്ന ചിത്രം കെജിഎഫിന് സംഗീതമൊരുക്കിയ രവി ബസ്രൂറിന്റെ ആദ്യത്തെ മലയാള ചിത്രമാണ്.
ഹിന്ദി സിനിമയ്ക്ക് രാജ്യത്തിനകത്ത് മാത്രമല്ല, പാകിസ്ഥാനിലും ബംഗ്ലാദേശിലും ഉള്‍പ്പെടെ മാര്‍ക്കറ്റുണ്ട്. അതേസമയം ദക്ഷിണേന്ത്യന്‍ സിനിമകള്‍ നാലായി വിഭജിച്ച് കിടക്കുകയാണ്. അവയെ ഏകീകരിച്ച് ഇന്ത്യന്‍ സിനിമയായി ട്രീറ്റ് ചെയ്യുകയാണ് താന്‍ ചെയ്യുന്നത്. അപ്പോള്‍ മാത്രമേ ലോക സിനിമയോട് നമ്മുടെ സിനിമകള്‍ക്ക് മത്സരിക്കാന്‍ സാധിക്കൂ. തന്റെ ചിത്രങ്ങളെല്ലാം വലിയ ക്യാന്‍വാസിലാകുന്നതിനേക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രവി ബസ്രൂര്‍. സംഭാഷണ പ്രധാനമായ സിനിമയില്‍ പശ്ചാത്തല സംഗീതത്തിന് പരിമിധികളുണ്ട്, എന്നാല്‍ ടെക്നീഷ്യന്‍ എന്ന നിലയില്‍ മഡ്ഡി തനിക്ക് വര്‍ക്ക് ചെയ്യാനുള്ള സ്പേസ് നല്‍കുന്നു. ക്യാമറാമാനും എഡിറ്ററും തങ്ങളുടെ ജോലി ഭംഗിയായി ചെയ്തിട്ടുണ്ട്.
ദൃശ്യങ്ങള്‍ക്ക് പിന്തുണ നല്‍കുക മാത്രമാണ് സംഗീതം ചെയ്യുന്നത്. പൂര്‍ണമായും തിയറ്റര്‍ എക്സ്പീരിയന്‍സ് ആവശ്യപ്പെടുന്ന സിനിമയാണ് മഡ്ഡി. ഇതിനായി വെസ്റ്റേണ്‍ മാസ്റ്ററിംഗാണ് ചിത്രത്തിനായി സ്വീകരിച്ചിരിക്കുന്നത്, ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍ കൂടെയായ രവി ബസ്രൂര്‍ പറഞ്ഞു. ആദ്യ സിനിമ വ്യത്യസ്തയുള്ള ചിത്രമായിരിക്കണമെന്ന നിര്‍ബന്ധമാണ് മഡ്ഡ് റേസ് പോലൊരു പ്രമേയം സിനിമയാക്കാനുള്ള തീരുമാനത്തിന് പിന്നിലെന്ന് സംവിധായകന്‍ ഡോ. പ്രഗഭല്‍ പറഞ്ഞു. മഡ്ഡ് റേസിനുള്ള കൊറിയോഗ്രാഫി ഡിസൈന്‍ ചെയ്യുകയായിരുന്നു ഏറ്റവും വലയി ചലഞ്ച്. റഫറന്‍സിന് പോലും മറ്റൊരു സിനിമ ഈ പ്രമേയത്തിലില്ല. അഞ്ച് വര്‍ഷത്തോളം നീണ്ട റിസേര്‍ച്ചിന് ശേഷമാണ് ഇത്തരത്തിലൊരു സിനിമയിലേക്ക് എത്തിയതെന്നും പ്രഗഭല്‍ പറഞ്ഞു. കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് തിരക്കഥ ഒരുക്കിയത്. തിരക്കഥ പൂര്‍ത്തിയാക്കിയ ശേഷം ചില താരങ്ങള്‍ക്ക് വേണ്ടി ശ്രമിച്ചെങ്കിലും അവരിലേക്ക് എത്തിച്ചേരാന്‍ സാധിച്ചില്ല. പിന്നീടാണ് പുതുമുഖങ്ങളിലേക്ക് എത്തിയത്. രണ്ട് വര്‍ഷം മഡ് റേസിംഗില്‍ അവര്‍ക്ക് പരിശീലനം നല്‍കി.
അത്രത്തോളം സമയം സിനിമയ്ക്കായി മാറ്റി വയ്ക്കാന്‍ സാധിക്കുന്ന അഭിനേതാക്കളെയായിരുന്നു തനിക്ക് ആവശ്യം. ഇവര്‍ക്കൊപ്പം സിനിമയില്‍ അഭിനയിച്ചത് നാഷണല്‍ ലെവല്‍ റിയല്‍ മഡ്ഡ് റേസേഴ്സായിരുന്നു, സംവിധായകന്‍ പറഞ്ഞു. ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒന്നായിരുന്നു സിനിമയുടെ ചിത്രീകരണമെന്ന് ഛായാഗ്രഹകനായ കെ.ജി. രതീഷ് പറഞ്ഞു. ലൊക്കേഷന്‍ വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു. ദിവസം മൂന്ന് മണിക്കൂര്‍ വരെയേ ചിത്രീകരണം നടന്നിരുന്നുള്ളു. തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ എക്സ്പീരിയന്‍സാണ് ഈ ചിത്രമെന്നും അദ്ദേഹം പറഞ്ഞു. സ്പോര്‍ട്സ് ഡ്രാമ വിഭാഗത്തില്‍ നിരവധി സിനിമകള്‍ കായിക ഇനങ്ങളെ ആസ്പദമാക്കി ഇന്ത്യയിലെ വിവിധ ഭാഷകളില്‍ പുറത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍, 4x4 മഡ്ഡ് റേസ് പ്രമേയമാകുന്ന മുഴുനീള സിനിമ ഇന്ത്യന്‍ സിനിമയില്‍ ആദ്യമാണ്. സൂപ്പര്‍ താര സാന്നിദ്ധ്യമില്ലാത്ത ആദ്യ പാന്‍ ഇന്ത്യന്‍ മലയാള ചിത്രമെന്ന പ്രത്യേകതയും മഡ്ഡിയ്ക്കുണ്ട്. ഇംഗ്ലീഷ് ഉള്‍പ്പെടെ ആറ് ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. ചിത്രത്തിന്റെ ടീസറിനും ട്രെയിലറിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ടീസര്‍ 16 ദശലക്ഷം കാഴ്ചക്കാരെ നേടിയപ്പോള്‍ ട്രെയിലര്‍ കുറഞ്ഞ ദിവസം കൊണ്ട് ഒരു കോടിയിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു. ഐഎംഡിബി സര്‍വ്വേയില്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഇന്ത്യന്‍ സിനിമകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് മഡ്ഡി. ബോളിവുഡ് ചിത്രത്തെ ബഹുദൂരം പിന്നിലാക്കിയാണ് മഡ്ഡി ഈ നേട്ടം കൈവരിച്ചത്. പ്രധാന കഥാപാത്രങ്ങളായി എത്തുന്നവര്‍ പുതുമുഖങ്ങളെങ്കിലും ക്യാമറയ്ക്ക് പിന്നിലായി അണിനിരക്കുന്നത് ഇന്ത്യന്‍ സിനിമയില്‍ ശ്രദ്ധേയ സാന്നിദ്ധ്യങ്ങളായ ടെക്നീഷ്യന്മാരാണ്.
കെജിഎഫിലൂടെ ശ്രദ്ധേയനായ രവി ബസ്രൂര്‍ സംഗീത വിഭാഗം കൈകാര്യം ചെയ്യുമ്പോള്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ബോളിവുഡ് ക്യാമറാമാന്‍ കെ.ജി. രതീഷാണ്. രാക്ഷസന്‍ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയനായ സാന്‍ ലോകേഷാണ് മഡ്ഡിയുടെ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. അണിയറയിലെ പ്രഗത്ഭര്‍ക്ക് നേതൃത്വം നല്‍കുന്നത് നവാഗത സംവിധായകനായ ഡോ. പ്രഗഭല്‍ ആണ്. ഓഫ് റോഡ് മോട്ടോര്‍ സ്‌പോര്‍ട്ടിന്റെ ഒരു രൂപമാണ് മഡ് റേസിങ്ങ്. സാഹസിക ആക്ഷന്‍ ത്രില്ലറായാണ് സിനിമ വിഭാവനം ചെയ്തിരിക്കുന്നത്. ഇത് കാഴ്ചക്കാര്‍ക്ക് വ്യത്യസ്തമായ അനുഭവമായിരിക്കും. കായിക രംഗവുമായി വളരെക്കാലമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പ്രഗഭലിന്റെ അഞ്ച് വര്‍ഷത്തെ ഗവേഷണത്തിന്റെ ഫലം കൂടിയാണ് ഈ സിനിമ.ഓഫ് റോഡ് റേസിംഗില്‍ പ്രധാന അഭിനേതാക്കള്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിരുന്നു. ഡ്യൂപ്പുകളെ ഈ സിനിമയില്‍ ഉപയോഗിച്ചിട്ടില്ല. സാഹസികരും, സിനിമയ്ക്ക് ആവശ്യമായ സമയവും ഊര്‍ജ്ജവും നിക്ഷേപിക്കാന്‍ തയ്യാറുളളവരെയുമാണ് സിനിമയ്ക്കായ് കണ്ടെത്തിയത്. പ്രധാനകഥാപാത്രങ്ങള്‍ക്ക് പിന്നില്‍ യഥാര്‍ത്ഥ റേസര്‍മാരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.സിനിമകളില്‍ കണ്ട് പരിചയിക്കാത്ത സ്ഥലങ്ങള്‍ ഈ സിനിമയ്ക്കായി കണ്ടെത്തിയാണ് ചിത്രീകരിച്ചത്. അതുപോലെ മഡ്ഡ് റേസിലെ മൂന്ന് വ്യത്യസ്ത പാറ്റേണുകളും സിനിമയില്‍ കാണാം. മഡ് റേസിങ്ങിന് പ്രധാന്യം നല്‍കുന്നതിനൊപ്പം മഡ്ഡി കഥാപരമായും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ചിത്രമായിരിക്കും. പൂര്‍ണമായും സാങ്കേതി വിദഗ്ദരുടെ സിനിമയാണ്. അതിനാല്‍ തന്നെ തിയറ്റര്‍ കാഴ്ച സിനിമ ആവശ്യപ്പെടുന്നുണ്ട്. യുവന്‍ കൃഷ്ണ, റിദ്ദാന്‍ കൃഷ്ണ, അനുഷ സുരേഷ്, അമിത് ശിവദാസ് നായര്‍ എന്നിവര്‍ക്കൊപ്പം മലയാളത്തിലെ ശ്രദ്ധേയ താരങ്ങളായ ഹരീഷ് പേരടി, ഐ.എം.വിജയന്‍, രണ്‍ജി പണിക്കര്‍, സുനില്‍ സുഗത, ശോഭ മോഹന്‍, ഗിന്നസ് മനോജ് . തുടങ്ങിയവരും മഡ്ഡിയില്‍ അണിനിരക്കുന്നു.
English Summary: India’s first 4x4 mud race movie will be released on December 10
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.