27 December 2024, Friday
KSFE Galaxy Chits Banner 2

ചന്ദ്രയാനും ആദിത്യക്കും ശേഷം 8000 കോടി ബജറ്റില്‍ ഇനി ‘സമുദ്രയാൻ’; ‘മത്സ്യ 6000’ എന്ന സമുദ്രപേടകത്തിൽ യാത്ര

Janayugom Webdesk
September 22, 2023 4:41 pm

ചന്ദ്രയാനും ആദിത്യ എല്‍വണിനും ശേഷം സമുദ്ര രഹസ്യങ്ങള്‍ തേടിയുള്ള സമുദ്രയാൻ ദൗത്യവുമായി രാജ്യം. ആഴക്കടലിലെ രഹസ്യങ്ങള്‍ തേടിയുള്ള ഇന്ത്യയിലെ ആദ്യ ശാസ്ത്രീയ പര്യവേഷണ അന്തര്‍വാഹിനിയായ മത്സ്യ 6000 ന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലെത്തിയിരിക്കുകയാണ്. ഇന്ത്യയുടെ ആദ്യത്തെ ഒരു ആഴക്കടൽ ദൗത്യം ‘മത്സ്യ 6000’ എന്ന സമുദ്രപേടകത്തിൽ മുങ്ങിപ്പൊങ്ങിയെത്തുമ്പോള്‍ എന്തൊക്കെ അറിവുകളും വിലപ്പെട്ട നിധികളുമായിരിക്കും ലഭിക്കുക എന്ന് കണ്ടറിയാം. ഭൗമശാസ്ത്ര മന്ത്രാലയവും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയും (എൻഐഒടി ) ചേർന്നാണ് ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ദൗത്യമായ ‘സമുദ്രയാൻ’ രൂപീകരിച്ചിരിക്കുന്നത്. മധ്യ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ (Cen­tral Indi­an Ocean) 75,000 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള പ്രദേശമാണ് ഇന്റർനാഷണൽ സീബെഡ് അതോറിറ്റി ഇന്ത്യയ്ക്ക് ഗവേഷണം ചെയ്യാൻ അനുവദിച്ചിരിക്കുന്നത്. ഈ ഭാഗത്തെ കടലിൽ 6000 മീറ്റർ അല്ലെങ്കിൽ 6 കിലോമീറ്റർ ആഴത്തിൽ ഗവേഷണം നടത്താനാണു ഒരുക്കം. സമുദ്രവിഭവങ്ങളുടെ സുസ്ഥിരമായ വിനിയോഗത്തിനുള്ള സാങ്കേതികവിദ്യകൾ രൂപകൽപന ചെയ്യുകയും വികസിപ്പിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുകയാണ് സമുദ്രയാൻ പദ്ധതിയിലൂടെ ലക്ഷ്യം. അന്തർവാഹിനിയിൽ കടലിന്‍റെ ആറു കിലോമീറ്റർ അഴത്തിൽ മൂന്നു പേർക്ക് ശാസ്ത്രീയ പര്യവേക്ഷണം നടത്താൻ സാധിക്കും. 2024 ജനുവരി മുതൽ കടലിനടിയിൽ 500 മീറ്റർ ആഴത്തിൽ പരീക്ഷണം ആരംഭിക്കാനാണ് തീരുമാനം. 2026ഓടെ പര്യവേക്ഷണം തുടങ്ങാൻ സാധിച്ചേക്കും. കടലിൽ 6000 മീറ്റർ ആഴത്തിലേക്കാണ് പര്യവേക്ഷണ അന്തർവാഹിനി സഞ്ചരിക്കുക. ഇതിൽ 12 മണിക്കൂറാണ് മൂന്നു പേർ ചെലവഴിക്കേണ്ടത്. ഗവേഷണത്തിന് ആറു മണിക്കൂറും തിരികെ മടങ്ങുന്നതിന് മൂന്നു മണിക്കൂറും സമയം വേണം. സെക്കൻഡിൽ 30 മീറ്ററാണ് അന്തർവാഹിനിയുടെ കടലിനടിയിലേക്കുള്ള സഞ്ചാര വേഗത. സമുദ്രനിരപ്പിൽ അനുഭവപ്പെടുന്നതിനേക്കാൾ 600 മടങ്ങ് കൂടുതലായിരിക്കും കടലിനടിയിലെ മർദം. കൂടാതെ, സമുദ്രനിരപ്പുമായി താരതമ്യം ചെയ്യുമ്പോൾ താപനില 2 ഡിഗ്രി സെൽഷ്യസായി കുറയും. സമുദ്രയാന്‍ മിഷന്റെ 5 വർഷത്തെ ബജറ്റ് 8000 കോടി രൂപയാണ്,

ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് ചൊവ്വയിലെ റോവറിനെ നിയന്ത്രിക്കാൻ കഴിയും. എന്നാൽ, വെള്ളത്തിൽ 20 മീറ്ററിൽ താഴെയുള്ളത് നിയന്ത്രിക്കാനാവില്ല. വൈദ്യുത കാന്തിക തരംഗങ്ങൾ സഞ്ചരിക്കില്ല. ഇത്രയും ആഴത്തിൽ ആശയവിനിമയം നടത്താനുള്ള സംവിധാനങ്ങളില്ല. സാഹചര്യങ്ങൾക്ക് അനുസൃതമായി തീരുമാനങ്ങൾ കൈക്കൊള്ളാൻ പ്രാവീണ്യമുള്ള ഒരാളെ കണ്ടെത്തുന്നതാണ് വെല്ലുവിളിയെന്നുമാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. 22 എം.എം കനവും 2.1 മീറ്റർ വ്യാസവുമുള്ള ഉരുക്ക് കൊണ്ട് ഗോളാകൃതിയിൽ നിർമിച്ചതാണ് അന്തർവാഹിനി. പൈലറ്റും രണ്ട് ശാസ്ത്രജ്ഞരും ഉൾപ്പെടുന്നതാണ് യാത്രികർ. തെർമോപ്ലാസ്റ്റിക് കൊണ്ട് നിർമിച്ച വൃത്താകൃതിയിലുള്ള ജനാലകൾ വഴി കടലിന്‍റെ ഉൾവശം യാത്രികർക്ക് കാണാനാവും. ‘മത്സ്യ 6000’ന്‍റെ നിർമാണം പൂർത്തിയാകുന്നതോടെ യുഎസ്, റഷ്യ, ഫ്രാൻസ്, ജപ്പാൻ, ചൈന എന്നിവക്ക് ശേഷം മനുഷ്യന് പര്യവേക്ഷണം നടത്താനുള്ള അന്തർവാഹിനി വികസിപ്പിച്ച ലോകത്തിലെ ആറാമത്തെ രാജ്യമാകും ഇന്ത്യ.

Eng­lish summary;India’s first manned sub­mersible ‘Mat­sya 6000’ to explore secrets of deep sea

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.