ലോകത്തെ മികച്ച സുഗന്ധവ്യഞ്ജന മിശ്രിതങ്ങളില്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യയുടെ ഗരം മസാല. പ്രശസ്ത ട്രാവല്‍ ഗൈഡായ ടേസ്റ്റ് അറ്റ്ലസ് പുറത്തുവിട്ട മികച്ച 36 സുഗന്ധവ്യഞ്ജനങ്ങളുടെ ലിസ്റ്റിലാണ് ഗരം മസാല രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. ഒന്നാമത് ചിലിയിലെ നിന്നുള്ള മെര്‍ക്വയിനാണ്. ഒരു വിഭവത്തിന്റെ സ്വാദും ഗുണവും നിര്‍ണയിക്കുന്നതില്‍ മസാലകള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പുരാതന കാലം മുതലേ പാചകങ്ങളില്‍ സുഗന്ധവ്യഞ്ജനങ്ങള്‍ ഒഴിച്ചു കൂടാനാവാത്ത ഘടകമാണ്. ഒരു വിഭവത്തിന് രുചിയോ നിറമോ നല്‍കുന്ന സസ്യഭാഗങ്ങളായ കായ, വേര്, ഫലം, തൊലി തുടങ്ങിയവയെല്ലാം സുഗന്ധവ്യഞ്ജനത്തില്‍ ഉള്‍പ്പെടുന്നു. ചില സുഗന്ധവ്യഞ്ജനങ്ങള്‍ സംയോജിപ്പിച്ചുണ്ടാക്കുന്ന പ്രത്യേകതരം മസാലകള്‍ ഭക്ഷണത്തെ രുചികളുടെ മറ്റൊരു ലോകത്തിലേക്ക് കൊണ്ടുപോകും.
നീളമുള്ള മുളക് ഉപയോഗിച്ചാണ് ചിലിയന്‍ വിഭവമായ മെര്‍ക്വയിന്‍ ഉണ്ടാക്കുന്നത്. ഇത്തരം മുളക് വെയിലത്ത് ഉണക്കിയേശേഷം മരത്തടിയില്‍ തലകീഴായി കെട്ടിതൂക്കി അടിയില്‍ തീ കത്തിച്ച് പുക കൊള്ളിക്കണം. പിന്നീട് ഇത് വീണ്ടും വെയില്‍ കൊള്ളിക്കുകയും തരിതരിയായി പൊടിക്കുകയും ചെയ്യണം. ഇതിനു ശേഷം ചൂടാക്കിയെടുത്ത മല്ലിപ്പൊടിയും ഉപ്പുമായി സംയോജിപ്പിക്കണം. ഈ മസാലയില്‍ 70 ശതമാനം പൊടികളും 20 ശതമാനം ഉപ്പും അടങ്ങിയിരിക്കണം. കറുവപ്പട്ട, ജീരകം, ഏലക്കായ, ഗ്രാമ്പൂ, പെരുംജീരകം, ജാതിപത്രി, മല്ലി, ജാതിക്ക, കുരുമുളക് എന്നിവ പൊടിച്ചാണ് ഗരം മസാല തയ്യാറാക്കുന്നത്.
ഇന്ത്യന്‍ വിഭവങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത ചേരുവയാണ് ഗരം മസാല. രുചിക്കു പുറമെ നിരവധി ആരോഗ്യ ഗുണങ്ങളും ഗരം മസാല പ്രദാനം ചെയ്യുന്നുണ്ട്. ഗരം മസാലയിലെ ചേരുവകള്‍ ഫൈറ്റോ ന്യൂട്രിയന്റുകളാല്‍ സമ്പന്നമാണ്. ഇത് ശരീരത്തിലെ മെറ്റബോളിസം വര്‍ധിപ്പിക്കാന്‍ സഹായിക്കും. ആന്റി ഓക്സിഡെന്‍സിന്റെ കലവറയായതുകൊണ്ടു തന്നെ ഗരം മസാല ചര്‍മ്മ സംബന്ധമായ അസുഖങ്ങളെയും തടുക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.