20 November 2024, Wednesday
KSFE Galaxy Chits Banner 2

അനീതിക്കെതിരായ പേനയുടെ സമരമുഖങ്ങൾ

അജിത് കൊളാടി
June 25, 2023 11:25 am

സി എൻ ഗംഗാധരൻ എന്ന സത്യസന്ധനായ കമ്യൂണിസ്റ്റുകാരൻ എഴുതിയ ഇന്ത്യയുടെ നെഞ്ചു പിളർത്തിയ എട്ടു വർഷങ്ങൾ എന്ന പുസ്തകം കഴിഞ്ഞ ഒരു ദശകത്തിൽ രാജ്യത്തെ രാഷ്ട്രീയ സാമൂഹ്യ, മത, സാമ്പത്തിക, രംഗത്തുണ്ടായ സംഭവങ്ങളുടെ വസ്തുനിഷ്ഠമായ പഠനമാണ്. വാക്കുകൾക്ക് ശക്തിയുണ്ട്. അതിനേക്കാൾ ശക്തി മറ്റൊന്നിനില്ല. അക്ഷരങ്ങൾ മനുഷ്യനെ വലിയ ലോകത്തിലേക്ക് ആനയിക്കും. വാക്കുകളിലൂടെ സഞ്ചരിക്കുമ്പോൾ പുതിയ ലോകം കാണാനാകും. മനസും വലുതാകും. ചിന്തയുടെ ആവിഷ്കരണത്തിൽ ഉണ്ടായ പുരോഗതിയുടെ ഏറ്റവും വലിയ ചാലക ശക്തിയാണ് ഭാഷ. വളരെ സ്ഫുടവും ലളിതവുമായ ഭാഷയാണ് ഗംഗാധരന്റേത്. വാക്കുകളിലൂടെ ചിന്ത വളരുന്നതായി കാണാം. മനുഷ്യന്റെ ചിന്തയുടെ വളർച്ച സംസ്കാര ചരിത്രത്തിന്റെ വലിയൊരംശമാണ്. പുസ്തകത്തിൽ സൂക്ഷ്മമായ നിരീക്ഷണ പാടവം കാണാം. ഓരോ അധ്യായങ്ങളിലും കാര്യങ്ങൾ വിശദീകരിക്കുമ്പോൾ എത്ര മാത്രം സത്യസന്ധമായിട്ടാണ് അദ്ദേഹം വസ്തുതകൾ തുറന്നുകാട്ടുന്നത്.
“നമ്മുടെ അടുക്കളയിൽ തെരുവുകളിൽ, തൊഴിൽ ശാലകളിൽ, കൃഷിയിടങ്ങളിൽ വീട്ടമ്മമാരുടെ ദുസഹമായ ജീവിതം ജീവിച്ചു തീർക്കുകയാണ്”, “ആരുടെ അച്ചാ ദിൻ ആണ് വന്നത്? ”
“സ്വന്തമായി തുറമുഖങ്ങൾ, കപ്പലുകൾ, വിമാനത്താവളങ്ങൾ, വിമാനങ്ങൾ, കൽക്കരി ഖനികൾ, പ്രകൃതി വാതക ശേഖരങ്ങൾ തുടങ്ങി അദാനി വാഴ്ചയില്ലാത്ത രംഗമില്ലെന്നായി കഴിഞ്ഞ ദശകങ്ങൾ”, “ചരിത്രത്തിലെ ഏറ്റവും വലിയ നിക്ഷേപ സമാഹരണ തട്ടിപ്പിൽ കുടുങ്ങിയ കോർപ്പറേറ്റ് ഭീമൻ അദാനിയാണ്”, “ഭാവി ജീവിതം സുരക്ഷിതമാക്കാനായി കോടിക്കണക്കിന് പോളിസി ഉടമകൾ എൽഐസിയിൽ നിക്ഷേപിച്ച പണം നഷ്ടപ്പെട്ടാൽ ആരു നികത്തും? “, “ഹിറ്റ്ലറും മുസോളിനിയുമാണ് സംഘികളുടെ മാതൃക. അവരെ സംബന്ധിച്ച് ഭരണകൂടം മർദനോപകരണമാണ്”, “പൗരത്വം നിർണയിക്കാൻ മതം അടിസ്ഥാനമാക്കുന്നത് ആശങ്കപ്പെടുത്തുന്നു”, പോരാട്ട വീര്യമുള്ളവരാണ് കമ്യൂണിസ്റ്റുകാർ. രാജ്യത്തിന്റെ തന്നെ ജനാധിപത്യം അപകടത്തിലേക്ക് നീങ്ങുമ്പോൾ പാർട്ടി കൂടുതൽ കരുത്തുറ്റതാകണം”, “വീഴുന്നവരെ താങ്ങുന്നത് കമ്മ്യൂണിസ്റ്റുകാരാണെന്ന് ജനത്തിനറിയാം”, “കോർപ്പറേറ്റുകൾക്ക് മാത്രം ഇളവ്, ഇടത്തരക്കാർക്ക് ഒന്നുമില്ല”, “എന്തിനും ഏതിനുമുള്ള കച്ചവട കണ്ണ്, നിരോധിച്ച മരുന്നുകളുടെ വില്പന, കുതിച്ചുയരുന്ന മരുന്നുവില, മരുന്നു കമ്പനികളും ഡോക്ടർമാരുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് വൈദ്യശാസ്ത്ര രംഗത്തെ ധാർമ്മിത ഇല്ലാതാക്കി”, “പ്രാണവായുവിന്റെ പേരിലും ഇന്ത്യൻ ജനത ആധിപ്പിടിച്ച് കഴിയാൻ ഇടയാക്കിയത് ആര്? “, “ഇന്ത്യയിൽ ഭരണാധികാരികൾ ഭക്ഷ്യധാന്യവും ഒരു രാഷ്ട്രീയ ആയുധമാക്കുന്നു, ” “കോർപ്പറേറ്റുകൾക്ക് ഭീമമായ ഇളവുകൾ നൽകുന്ന മോദി സാധാരണക്കാരോട് പറയുന്നത് സബ്സിഡിയുടെ കാലം കഴിഞ്ഞെന്നാണ്”, “പരമ ദാരിദ്ര്യത്തിന്റെ നടുവിലുള്ള അതിസമ്പന്നരുടെ ഏതാനും തുരുത്തുകൾ കാണിച്ച് ഇന്ത്യ വികസിക്കുകയാണെന്ന് പറയാൻ മോദിക്കു മാത്രമേ സാധിക്കുകയുള്ളൂ” ഇങ്ങനെ വളരെ സൂക്ഷ്മമായ നിരീക്ഷണങ്ങൾ ഈ പുസ്തകത്തിന്റെ ഗാംഭീര്യം വർധിപ്പിക്കുന്നു. രാജ്യത്തെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ കൃത്യമായും സമഗ്രമായും പഠിക്കുന്നതിന്റെ ഫലമാണ് പ്രസ്തുത നിരീക്ഷണങ്ങൾ.
രണ്ടാം ഭാഗത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കളെ കുറിച്ചാണ്. വിശുദ്ധിയുടെയും സത്യസന്ധതയുടെയും പ്രതീകമായിരുന്ന പൂർവസൂരികളെ കുറിച്ച് ഗംഗാധരൻ സത്യസന്ധതയോടെ എഴുതി. മാനവികതയുടെ ആൾരൂപങ്ങളായിരുന്ന അവർ മാർക്സിസവും ഇന്ത്യൻ തത്വചിന്തയും ഗഹനമായി പഠിച്ചവരായിരുന്നു. പണ്ഡിത ശിരോമണികളായിരുന്നു അവർ. അവരുടെ ജീവിതം നിർമ്മലമായിരുന്നു. അധർമ്മത്തിനും അനീതിക്കും എതിരെ ശക്തമായ നിലപാട് എടുത്തവരായിരുന്നു എന്ന് ഗ്രന്ഥകർത്താവ് ഓർമ്മപ്പെടുത്തുന്നു. തികച്ചും മഹാന്മാരായ നേതാക്കൾ. പ്രിയപ്പെട്ട ലക്ഷക്കണക്കിനു സഖാക്കൾക്ക് മാതൃകയായിരുന്നു അവർ. ഇന്നത്തെ സമൂഹത്തിൻ മാതൃകകൾ തീരെ വിരളവുമാണ്. പൂർവസൂരികൾ അവരുടെ പ്രസ്ഥാനത്തിനെ എന്നും ആത്മാർത്ഥതയോടെ സ്നേഹിച്ചു, സഖാക്കളെ ആശയങ്ങളുടെ കവച കുണ്ഡലങ്ങൾ അണിയിക്കുക എന്നതായിരുന്നു അവരുടെ പ്രധാന പ്രവർത്തനം. ഇന്ന് ആശയപ്രബോധനവും തീരെ വിരളം. അവർ തങ്ങളുടെ ജീവിതം കൊണ്ട് സഖാക്കളെ പ്രചോദിപ്പിച്ചു, ആവേശ ഭരിതരാക്കി, പ്രതിജ്ഞാബദ്ധതയുള്ളവരാക്കി. അവർ രാഷ്ട്രീയ ബോധവും,സംഘടനാ ബോധവും സഖാക്കൾക്ക് പകർന്നു കൊടുത്തു. അവരുടെ ഗുണഗണങ്ങളെല്ലാം ഈ പുസ്തകത്തിൽ വരച്ചു കാട്ടുന്നു
ഈ പുസ്തകം വായിച്ചിരിക്കണം. ആശയ ദൃഢതയുള്ള, അനീതിയെ, അഴിമതിയെ, അധർമ്മത്തെ നഖശിഖാന്തം എതിർക്കുന്ന സത്യസന്ധനായ ഒരു കമ്മ്യൂണിസ്റ്റ്കാരൻ എഴുതിയ പുസ്തകമാണിത്. പ്രതിജ്ഞാബദ്ധതയുള്ള സമൂഹത്തിനേ ഫാസിസ്റ്റുകൾക്കെതിരെ അസന്ദിഗ്ധമായ പോരാട്ടം നടത്താൻ സാധിക്കൂ എന്ന് ഈ ഗ്രന്ഥകാരൻ ഉറപ്പിച്ചു പറയുന്നു. ഈ പുസ്തകം മാനവികതയെ ചേർത്തു പിടിക്കാനുള്ള ചാലകശക്തിയാകും.

ഇന്ത്യയുടെ നെഞ്ചുപിളര്‍ത്തിയ എട്ട് വര്‍ഷങ്ങള്‍
(ലേഖനം)
സി എന്‍ ഗംഗാധരന്‍
സുജിലി പബ്ലിക്കേഷന്‍സ്
വില: 180 രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.