26 July 2024, Friday
KSFE Galaxy Chits Banner 2

പതിമൂന്നിന്റെ വിഷമം

പി സുനിൽകുമാർ
June 25, 2023 7:45 am

പതിമൂന്ന് ഒരു വിഷമം പിടിച്ച സംഖ്യയാണ് കൂടുതൽ പേർക്കും. എന്താവാം കാരണം. ലോകത്തെ പ്രമുഖമായ ചില മത വിഭാഗങ്ങൾക്കും പ്രമുഖ വ്യക്തികൾക്കും അങ്ങനെയൊരു വിശ്വാസം വരാൻ കാരണവുമുണ്ട്. ആ വിശ്വാസം വളർന്ന് വളർന്ന് അതൊരു ഫോബിയ തന്നെയായി മാറിയിട്ടുണ്ട് ലോകത്ത്. വിശ്വാസം അന്ധമാകുമ്പോൾ അത് മനുഷ്യനെ പേടിപ്പെടുത്തുക സ്വാഭാവികം. ആ പേടിക്ക് വിളിക്കുന്ന പേര് ട്രിസ്ക്ഇട്സ്കാഫോബിയ എന്നാണ്. അപകടം പിടിക്കാൻ സാധ്യതയുള്ള പലതിനും പതിമൂന്ന് കാരണമാകുമെന്ന് ലോകമാകെ വിശ്വസിക്കുന്ന രീതിയിലേക്ക് ഈ ചിന്താഗതി വളരുന്നു. അടിസ്ഥാന ന്യായീകരണങ്ങൾ പോലും നൽകാൻ കഴിയാത്ത യുക്തിഹീനമായ കാഴ്ചപ്പാട് എന്ന് യുക്തിവാദ ലോകം പറയുമ്പോഴും ചിലരൊക്കെ ഈ വിശ്വാസത്തിൽ നിലകൊള്ളുന്നു. ശാസ്ത്രലോകവും പതിമൂന്നിന് എതിരായ സാർവത്രിക നീക്കത്തെ എതിർക്കുന്നുണ്ട്. 

പതിമൂന്നിന്റെ നിറം കറുപ്പാണ്. സംഖ്യാശാസ്ത്രപ്രകാരം ഓരോ നമ്പറിനും ഒരു നിറമുണ്ടത്രേ. ശാസ്ത്രമാണോ അതെന്ന് അറിയില്ല. ചിലർ അങ്ങനെയാണല്ലോ. എന്തിനെയും ശാസ്ത്രമെന്ന് വിളിച്ചുകളയും. കറുപ്പ് ആശുഭ പ്രവൃത്തികളുടെ പ്രതീകമാണ്. മരണത്തിന്റെ നിറം.
ചില വലിയ കെട്ടിടങ്ങളിൽ പന്ത്രണ്ടാം നില കഴിഞ്ഞാൽ പിന്നെ വരുന്നത് പതിനാലാം നിലയാണ്. പതിമൂന്ന് എവിടെപ്പോയോ? ആലോചിച്ചു വിഷമിക്കേണ്ട അവർ ഒഴിവാക്കിയതാണ്. പതിമൂന്നാം നമ്പർ മുറിയില്ലാത്ത ഹോട്ടലുകൾ പല സ്ഥലത്തും ഉണ്ട്. ഉണ്ടായാലും അതിൽ ഒരു രാത്രി പോലും താമസിക്കാൻ മടിക്കുന്നവരും ഉണ്ട്. പതിമൂന്നാം നമ്പർ വീട്ടിൽ താമസിച്ചാൽ കടം കേറുമെന്ന് വിശ്വസിക്കുന്നവരും ധാരാളം. തിന്മയും ദൗർഭാഗ്യങ്ങളും പ്രതിനിധീകരിക്കുന്ന നമ്പറിൽ താമസിക്കാൻ ചിലർക്കെങ്കിലും പേടി തോന്നുക സ്വാഭാവികം. വാഹനങ്ങളുടെ നമ്പറിൽ 13 കാണാറുണ്ടോ എന്ന് പരിശോധിക്കണം.
ചില ഭരണാധികാരികൾ തങ്ങളുടെ വാഹനത്തിനോ പദവിക്കോ പതിമൂന്ന് വേണ്ടെന്ന് പറയുകയും ചെയ്യാറുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിൻസ്റ്റൻ ചർച്ചിൽ ഒരിക്കലും പതിമൂന്നാം നമ്പർ കാറിലോ, വിമാനത്തിലോ സീറ്റിലോ യാത്ര ചെയ്യാറില്ലായിരുന്നു. ലോകം കീഴടക്കാനിറങ്ങിയ നെപ്പോളിയൻ പതിമൂന്നാം നമ്പറിനെ ഭാഗ്യമില്ലാ നമ്പറായി കണ്ടിരുന്നുവത്രെ. കൊളംബസും അങ്ങനെതന്നെ ആയിരുന്നു എന്ന് പുസ്തകങ്ങൾ പറയുന്നു. ഹാജർ പുസ്തകത്തിൽ പതിമൂന്നാം സ്ഥാനത്തു നിന്ന് തന്റെ പേര് മാറ്റണമെന്ന് പറഞ്ഞ ഒരു സുഹൃത്തിനെയും കൂട്ടത്തിൽ ഓർക്കുന്നു.
പാശ്ചാത്യ നാടുകളിലെ ചില പ്രദേശങ്ങളിൽ ഒരു കാലത്ത് രൂപം കൊണ്ട ഈ ചിന്ത ക്രമേണ പ്രചാരം നേടി എല്ലാ രാജ്യങ്ങളിലും എത്തിപ്പെട്ടതാവാം. വർഷത്തിൽ 13 മാസം ഉണ്ടായിരുന്ന സെൽട്ടിക്ക് കലണ്ടർ തന്നെ മാറ്റാൻ ഈ വിശ്വാസം കാരണമായിട്ടുണ്ടത്രേ. 28 ദിവസങ്ങൾ വീതമുള്ള 13 മാസങ്ങളായിരുന്നു ആ കലണ്ടറിൽ. ആ കലണ്ടർ ഒഴിവാക്കി പന്ത്രണ്ടു മാസ കലണ്ടറിലേക്ക് അവരും മാറുകയായിരുന്നു.
ക്രിസ്തുവിന്റെ പതിമൂന്നാമത്തെ ശിഷ്യനായിരുന്നു യൂദാസ്. ക്രിസ്തുവിനെ ഒറ്റുകൊടുത്ത അനുയായി. ആ ചിന്തയിൽ നിന്നാകാം പടിഞ്ഞാറൻ രാജ്യങ്ങളിൽ
പതിമൂന്നിന് ഭ്രഷ്ട് കല്പിക്കപ്പെട്ടത്. എന്നാൽ ഹിബ്രൂവിൽ പതിമൂന്ന് ശക്തിയുടെ ചിഹ്നമാണ്. ജൂതമത വിശ്വാസപ്രകാരം പതിമൂന്ന് തത്വങ്ങളാണ് അവരെ നയിക്കുന്നത്. നമ്മുടെ നാട്ടിൽ പതിമൂന്നാം നില ഒഴിവാക്കി കെട്ടിടം പണിയുന്നവർ പോലും വാസ്തു നോക്കുമ്പോൾ 13 ഭാഗ്യഹീനമായി കാണാറില്ലത്രേ. എന്തൊരു വിപര്യയം? ടിബറ്റുകാർക്ക് പതിമൂന്ന് പരിശുദ്ധ അക്കമാണ്, ഭാഗ്യവും വരുമത്രെ. ബുദ്ധന്റെ അനുയായികൾക്ക് സ്വർഗത്തിന്റെ പതിമൂന്നാം അടര് പരിശുദ്ധമാണ് എന്ന വിശ്വാസമുള്ളവരാണ്. ചിന്തകനും എഴുത്തുകാരനും സയന്റിസ്റ്റും ആധുനിക അമേരിക്കയുടെ രൂപീകരണത്തിൽ മുഖ്യപങ്ക് വഹിച്ചയാളുമായ ബെഞ്ചമിൻ ഫ്രാങ്ക്ളിൻ മനുഷ്യലോകത്തിന് വേണ്ടി അവതരിപ്പിച്ചത് പതിമൂന്ന് സവിശേഷ ധാർമികഗുണങ്ങളാണ്. ബ്രസീലിലെ പൗരാണിക മനുഷ്യരായ കോപ്പറസ് വിഭാഗക്കാർക്ക് ദൈവത്തിന്റെ നമ്പരാണ് പതിമൂന്ന്.
ഇനിയുമുണ്ട് പതിമൂന്നിന് പറയാൻ ചിലത്. അമേരിക്കൻ പതാകയിൽ പതിമൂന്ന് ഖണ്ഡങ്ങളാണ് ഉള്ളത്. പതിമൂന്ന് രാജ്യങ്ങൾ ചേർന്ന് യുഎസ് രൂപം കൊള്ളുമ്പോൾ ഓരോ പ്രദേശത്തെയും പ്രതിനിധീകരിച്ചു കൊണ്ട് ചുവപ്പും വെള്ളയും ഇടവിട്ട് പതിമൂന്ന് രേഖകൾ നൽകിയതാണ്. വിൽറ്റ് ചെമ്പർലൈൻ, സ്റ്റീവ് നാഷ് തുടങ്ങിയ ബാസ്ക്കറ്റ് ബോൾ കളിക്കാരും ജർമ്മൻ ഫുട്ബോളർ മൈക്കൽ ബലക്കും പതിമൂന്നാം നമ്പർ ജേഴ്സിയണിഞ് ബോധപൂർവം കളിച്ചവരാണ്. ചിലപ്പോൾ തോറ്റു പലപ്പോഴും ജയിച്ചു.
ജീവിതത്തിൽ ഒരിക്കലെങ്കിലും നാം പതിമൂന്നിലൂടെ കടന്നുവന്നിട്ടുണ്ട് എന്ന് പതിനാലിന് മുകളിൽ പ്രായമുള്ള എല്ലാവരും ഓർക്കണം. ഒരു സംഖ്യയും ഒഴിവാക്കി ജീവിക്കാൻ നമുക്കാവില്ലെന്ന് തിരിച്ചറിയാം.
അപ്പോൾ ഒഴിച്ചു വിടാൻ പറ്റാത്ത ഒന്നാണ് പതിമൂന്ന് എന്ന സംഖ്യ എല്ലാവർക്കും. ജീവിതത്തിലെ തന്നെ എറ്റവും സുന്ദരകാലമായ കൗമാരം തുടങ്ങുന്നതും പതിമൂന്നിൽ ആണല്ലോ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.