
സംസ്ഥാനത്തെ വനിതാ സംരംഭകർക്ക് വേണ്ടി വനിത വ്യവസായ പാർക്ക് സ്ഥാപിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കേരള വുമൺ എന്റർപ്രണേഴ്സ് കോൺക്ലേവ് 2025 ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഈ നീക്കത്തിലൂടെ സ്ത്രീ സംരംഭകരെ വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് എത്തിക്കുകയാണ് സർക്കാർ ലക്ഷ്യം. കഴിഞ്ഞ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി വലിയ തോതിൽ വനിതാ സംരംഭകർ മുന്നോട്ട് വരുന്നുണ്ടെന്നും, സംരംഭക വർഷത്തിന്റെ ഭാഗമായി രജിസ്റ്റർ ചെയ്തവരിൽ 31 ശതമാനം സ്ത്രീകളാണ് എന്നത് ഇതിന് ഉദാഹരണമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
1000 സംരംഭങ്ങളെ ശരാശരി നൂറ് കോടി രൂപ വിറ്റുവരവുള്ള സംരംഭങ്ങളാക്കി മാറ്റാൻ ലക്ഷ്യമിടുന്ന ‘മിഷൻ 1000’ പദ്ധതിയുമായി വ്യവസായ വകുപ്പ് മുന്നോട്ട് പോകുന്നതായി മന്ത്രി പറഞ്ഞു. ഇതിനോടകം 444 സംരംഭങ്ങളെ പദ്ധതിക്കായി തെരഞ്ഞെടുത്ത് കഴിഞ്ഞു. ഇതിനൊപ്പം തന്നെ പതിനായിരം സംരംഭങ്ങളെ ഒരു കോടി വിറ്റുവരവുള്ള സംരംഭങ്ങളാക്കി മാറ്റുന്നതിനായി ‘മിഷൻ 10000’ പദ്ധതിയും മുന്നോട്ട് വയ്ക്കുന്നതായി മന്ത്രി പറഞ്ഞു. സ്ത്രീ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സർക്കാർ സുപ്രധാനമായ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയിട്ടുണ്ട്. പഞ്ചായത്തുകളിലെ വീടുകളുടെ 50 ശതമാനം വരെ സംരംഭം തുടങ്ങാനുള്ള സൗകര്യം ഇതിലൂടെ ലഭിക്കും. ഒഴിഞ്ഞ്
കിടക്കുന്ന വീടുകളിൽ 100 ശതമാനം സംരംഭം തുടങ്ങാൻ കഴിയും. സംരംഭകർക്ക് വേണ്ട നൈപുണ്യ വികസനവും സർക്കാർ ഉറപ്പാക്കും. ഓൺലൈൻ വിപണി സജീവമാക്കാൻ ഇ കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാൻ സ്ത്രീ സംരംഭകരെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘സാങ്കേതിക വിദ്യാധിഷ്ഠിത ഉല്പാദനത്തിൽ വനിതകളുടെ പ്രാധാന്യം’ എന്ന വിഷയത്തിലും, കേന്ദ്ര‑സംസ്ഥാന സർക്കാരുകൾ വനിതാ സംരംഭകർക്ക് നൽകുന്ന പിന്തുണ പദ്ധതികളെക്കുറിച്ചും പ്രത്യേക പാനൽ ചർച്ചകളും കോൺക്ലേവിന്റെ ഭാഗമായി നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് അധ്യക്ഷത വഹിച്ചു. മന്ത്രി ആർ ബിന്ദു കോൺക്ലേവ് സന്ദർശിച്ച് സംരംഭകരുമായി ആശയ വിനിമയം നടത്തി. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എ പി എം മുഹമ്മദ് ഹനീഷ് മുഖ്യ പ്രഭാഷണം നടത്തി. വ്യവസായ വകുപ്പ് ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആനി ജ്യൂല തോമസ്, വ്യവസായ വകുപ്പ് ഡയറക്ടർ പി വിഷ്ണുരാജ്, കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടർ ആർ ഹരികൃഷ്ണൻ, ബിപിടി എക്സിക്യൂട്ടീവ് ചെയർമാൻ കെ അജിത്കുമാർ, ഫിക്കി പ്രതിനിധി ജ്യോതി ദീപക് അശ്വനി തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.