3 December 2024, Tuesday
KSFE Galaxy Chits Banner 2

പരിധിവിട്ടു; വിലക്കയറ്റം 6.1 ശതമാനം,14 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍

പ്രത്യേക ലേഖകന്‍
ന്യൂഡല്‍ഹി
November 12, 2024 11:12 pm

സമ്പദ്ഘടനയ്ക്ക് വന്‍ വെല്ലുവിളിയായി രാജ്യത്ത് ചില്ലറവില പണപ്പെരുപ്പം 14 മാസത്തെ ഉയര്‍ന്ന നിലയില്‍. എണ്ണ, പച്ചക്കറി, ഭക്ഷ്യവസ്തുക്കളിലെ രൂക്ഷമായ വിലക്കയറ്റത്തിന്റെ ഭാഗമായി ഒക്ടോബറില്‍ ചില്ലറവില പണപ്പെരുപ്പം 6.21 ശതമാനമായി ഉയര്‍ന്നു. മുന്‍ മാസം ഇത് 5.49 ശതമാനമായിരുന്നു.ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം 10.87 ശതമാനമാണ്. സെപ്റ്റംബറില്‍ 9.24 ആയിരുന്നതാണ് രണ്ടക്കം കടന്നത്. ഇത് പത്തുവര്‍ഷത്തിനിടെ മൂന്നാമത്തെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പമാണ്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 6.61 ശതമാനമായിരുന്നു ഭക്ഷ്യവില പണപ്പെരുപ്പം. പച്ചക്കറി വില മുന്‍ മാസത്തെ 36 ശതമാനത്തില്‍ നിന്നും 42.2 ലേക്ക് കുതിച്ചുയര്‍ന്നു. 57 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഉരുളക്കിഴങ്ങിന്റെയും തക്കാളിയുടെയും വില നിയന്ത്രണവിധേയമായെങ്കിലും ഉള്ളി വില ഇപ്പോഴും പൊള്ളുകയാണ്. 

ചില്ലറവില പണപ്പെരുപ്പം രണ്ടിനും ആറിനും ഇടയില്‍ നിലനിര്‍ത്തണമെന്നാണ് റിസര്‍വ് ബാങ്കിന്റെ ലക്ഷ്യമെന്നിരിക്കെയാണ് 14 മാസത്തെ ഇടവേളയ്ക്കുശേഷം പരിധിവിട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 4.87 ശതമാനമായിരുന്ന നിരക്കാണ് ഈ വര്‍ഷം 6.21ലേക്ക് കുതിച്ചുയര്‍ന്നത്. ഭക്ഷ്യവിലക്കയറ്റമാണ് ചില്ലറവില പണപ്പെരുപ്പത്തിന് പ്രധാനകാരണമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. വിലക്കയറ്റം ഇതേരീതിയില്‍ തുടര്‍ന്നാല്‍ ജിഡിപി വളര്‍ച്ചയെ അടക്കം പ്രതികൂലമായി ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

വലിയ സംസ്ഥാനങ്ങളിലെ പണപ്പെരുപ്പം അതേ മാസത്തെ അഖിലേന്ത്യാ പണപ്പെരുപ്പ നിരക്കിനെ മറികടന്ന് തുടരുന്നതായും ദേശീയ സ്ഥിതിവിവര കണക്ക് ഓഫിസ് പുറത്തുവിട്ട രേഖകളില്‍ പറയുന്നു. ഒക്ടോബറില്‍ ഏറ്റവും ഉയർന്ന പണപ്പെരുപ്പ നിരക്ക് ഛത്തീസ്ഗഢിൽ 8.8 ശതമാനം രേഖപ്പെടുത്തി. ഡൽഹിയിലാണ് ഏറ്റവും താഴ്ന്ന പണപ്പെരുപ്പം (നാല് ശതമാനം) രേഖപ്പെടുത്തിയിരിക്കുന്നത്. ബിഹാർ 7.9 ശതമാനവും ഒഡിഷ 7.5 ശതമാനവും പണപ്പെരുപ്പം രേഖപ്പെടുത്തി. 

ഏഴ് സംസ്ഥാനങ്ങളില്‍ അവയുടെ വാർഷിക പണപ്പെരുപ്പം ഒരു വർഷത്തിൽ രണ്ട് ശതമാനത്തിലധികം കടന്നിരിക്കുന്നു. ഇത് സൂചിപ്പിക്കുന്നത് ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നു എന്നതാണെന്ന് എസ്ബിഐ റിസര്‍ച്ച് വിലയിരുത്തുന്നു. രാജ്യത്ത് ചില്ലറവില പണപ്പെരുപ്പം 5.81 ആകുമെന്നായിരുന്നു കഴിഞ്ഞ ദിവസം റോയിട്ടേഴ്സ് പോളിന്റെ പ്രവചനം. ചിലപ്പോള്‍ ആറ് ശതമാനം തൊട്ടേക്കുമെന്നും സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തിയിരുന്നു. എന്നാല്‍ ഇതെല്ലാം മറികടന്ന് 14 മാസത്തെ ഉയര്‍ന്ന നിലയിലേക്കാണ് പണപ്പെരുപ്പം കുതിച്ചുയര്‍ന്നത്. ഇക്കാരണത്താല്‍ അടുത്ത രണ്ട് ദ്വിമാസ പണനയ യോഗത്തിലും പലിശ നിരക്കുകള്‍ കുറയ്ക്കുന്ന കാര്യം പരിഗണനയ്ക്കെത്തിയേക്കില്ല. നിലവിലെ പലിശനിരക്ക് തന്നെ തുടരാനാണ് സാധ്യത. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.