ഓണത്തെപ്പറ്റിയുള്ള പഴയ സങ്കല്പങ്ങളൊക്കെ മാറിമറിയുകയാണ്. കാലം സമൂഹത്തില്‍ വരുത്തിയ മാറ്റങ്ങള്‍ ഓണത്തെയും ബാധിച്ചിരിക്കുന്നു. ഓണം വേറൊരു ലവലാണ്. ഇത് ഇസ്റ്റന്റ് ഓണം, ട്രെന്റി ഓണം. ഈ വർഷത്തെ ഓണത്തിനുമുണ്ട് പുതുമകളേറെ. അല്ലേലും എന്നും ഒരുപോലെ ആഘോഷിക്കാൻ പറ്റില്ലല്ലോ. കാലം മാറുമ്പോൾ ആഘോഷങ്ങളും മാറും. ഇക്കുറി മാറ്റങ്ങളുടെ പെരുമഴയാണ്. കാലാവസ്ഥ പോലും അങ്ങനെയത്രെ. പണ്ടത്തെ പോലെയല്ലല്ലോ ഇപ്പോൾ മഴയും ഇടിയും ഇട കലർന്ന ഒരു കോംബോ കാലാവസ്ഥ.
വീടും പരിസരവും വൃത്തിയാക്കി ഓണത്തപ്പനെ വരവേൽക്കാൻ ആകാംക്ഷയോടെയുള്ള കാത്തിരിപ്പുകൾ ഇന്നില്ല. രാവിലെ തന്നെ ഓണത്തപ്പൻ സ്റ്റാറ്റസ് വഴി വീട്ടിൽ ഏത്തും. എഐ കാലഘട്ടമായതുകൊണ്ട് ഇത്തവണയും മാവേലി എയറിൽ തന്നെ. എന്തായാലും പുതിയ രൂപത്തിലും ഭാവത്തിലും എത്തുന്ന മാവേലിയെ ബ്രോ, ഡ്യൂഡ്, മച്ചാൻ ഇങ്ങനെ ഒക്കെയാണ് വിളിക്കുന്നത്. മാവേലിക്കും വേണ്ടേ ഒരു ചേഞ്ച്. അങ്ങനെ മാവേലിയും ഫ്രീക്കാനായി. ഇൻസ്റ്റന്റ് കാലത്ത് ദേ മാവേലി വിപണിയിലുമെത്തി. വായു നിറച്ച കൊമ്പൻ മീശയും പെരുവയറും ഓലക്കുടയുമുള്ള മാവേലി ഏത് വലിപ്പത്തിലുള്ളതും കിട്ടും കീശയിൽ കാശുണ്ടായാൽ മാത്രം മതി. അല്ലേലും ഒരു സെൽഫി എടുത്തു സ്റ്റാറ്റസ് ഇട്ടാൽ തീർന്നല്ലോ മാവേലി പ്രേമം. അങ്ങനെ മാവേലിയുടെ കാര്യത്തിൽ തീരുമാനമായി. മലയാളിയോടാ കളി.
ഇനി അത്തപ്പൂ വേണം. രാവിലെ കുളിച്ച് ഓണക്കോടി ഉടുത്ത് പറമ്പുകൾ തോറും കയറി പൂക്കൾ ശേഖരിക്കണം. ഇടയ്ക്കിടയ്ക്ക് മഴ വില്ലനാകുന്നത് കൊണ്ട് പറമ്പുകൾ കൊതുകുകൾ കയ്യടക്കി അതിന്റെ ആക്രമണം സഹിച്ചു പൂക്കൾ ഇറുക്കണം, ഇറുത്ത പൂക്കൾ വൃത്തിയാക്കണം, ചാണകം മെഴുകണം പിന്നെ പൂക്കളം വരയ്ക്കണം ഹൊ… വല്ലാത്ത കഷ്ടപാട്. ഇനി പറമ്പൊന്നും ഇല്ലത്തവരാണെങ്കിലോ (അധികവും അത്തരക്കാർ തന്നെയല്ലേ) കടയിൽ പോകണം ഇരട്ടികാശ് കൊടുത്തു പൂവെവാങ്ങണം, കളമൊരുക്കണം, ഇനി മഴയെങ്ങാന്‍ പെയ്താലോ അത്തപ്പൂവിന്റെ കാര്യത്തിൽ തീരുമാനമായി. ഇത്രയും കഷ്ടപ്പെടാതെ പൂക്കളം ഒരുക്കണം അതല്ലേ സക്കീർ ഭായി ഹീറോയിസം. ഇൻസ്റ്റന്റ് കാലംഘട്ടമല്ലേ ഇതൊക്കെ നിസ്സാരം. നമ്മുടെ വിപണിയിൽ ഇൻസ്റ്റന്റ് അത്തപ്പൂക്കളവും റെഡി. 400 രൂപ മുതൽ തുടങ്ങുന്ന അത്തപ്പൂക്കള വിപണിയും സജീവമാണ്. വിവിധ നിറത്തിൽ വ്യത്യസ്ത രൂപത്തിൽ. വട്ടത്തിലും നീളത്തിലുമെല്ലാം കിട്ടും ഒർജിനലിനെ വെല്ലുന്ന പൂക്കളങ്ങൾ. അതിലും പുതുമയുണ്ടന്നേ. കുട്ടികൾക്ക് ഇഷ്ടമുള്ള കാർട്ടൂൺ കഥാപാത്രങ്ങളുടെ രൂപത്തിലും ഇത്തവണ പൂക്കളങ്ങൾ ഇറങ്ങിയിട്ടുണ്ട്. ഇപ്പോൾ പൂക്കളം വാങ്ങിയാൽ രണ്ടുമൂന്നു വർഷത്തേക്ക് കാശ് ലാഭം, സമയലാഭം, കഷ്ടപ്പാടും ഇല്ല. ഉപയോഗത്തിന് ശേഷം മടക്കി വയ്ക്കാം. ആകെ മൊത്തം ഒരു ലാഭത്തിളക്കം. അത്തപ്പൂക്കളം സ്മാർട്ട് പൂക്കളമായി.
സദ്യയില്ലാത്ത എന്താഘോഷം. പക്ഷേ സദ്യ ഉണ്ടാക്കുന്നത് അല്പം ബുദ്ധിമുട്ടാ. ചോറും പപ്പടോം ഒഴിച്ചുകറികളും രണ്ടുകൂട്ടം പായസവും പിന്നെ പത്തു പതിനഞ്ചു തൊടുകറികളും ഹമ്പോ വല്ലാത്ത പണി. വെളുപ്പിന് എഴുന്നേൽക്കണം ഇതെല്ലാം ഉണ്ടാകണം, കരിയും പുകയും ഏൽക്കണം… ഓർക്കാൻ കൂടി വയ്യ. പിന്നെ സദ്യ വിളമ്പാൻ ഇലയും വേണം. വാഴ ഇലയായാലും പേപ്പർ ഇലയായാലും കാശ് കൊടുക്കണം. എന്നുപറഞ്ഞ് സദ്യ ഒരുക്കാതിരിക്കാൻ പറ്റ്വോ? അതും ഇല്ല. അതിനും വഴിയുണ്ടെന്നേ. ഒരു റെഡി ടു ഈറ്റ് സദ്യ വാങ്ങിക്കാം. കഷ്ടപ്പാടൊന്നുല്ലാലോ പെട്ടി പൊട്ടിക്ക ചൂടുവെള്ളത്തിൽ ഇടുക പാക്കറ്റ് തുറക്കുക ഇലയിലേക്ക് സദ്യ വിളമ്പുക കൂടെ പായസവും. എത്ര നിസാരം. ഇനി ഇതിനോട് താല്പര്യമില്ലെങ്കിൽ ഓണ സദ്യ വിളമ്പാൻ നാട്ടിലെ ഒട്ടുമിക്ക പാചകവിദഗ്ധൻമാരും തങ്ങളുടെ കലവറ തുറന്നു കാത്തിരിപ്പുണ്ട്.
ഓണസദ്യ ഉണ്ട് കഴിഞ്ഞാൽ പായസത്തിന്റെ മത്തുമാറാൻ ഊഞ്ഞാലാടിയാലോ. അതിന് ഊഞ്ഞാലാരിടും? അതിന് പറ്റിയ മരങ്ങൾ വേണ്ടേ? വിഷമിക്കണ്ട ഇത്തവണ അതിനും പരിഹാരമുണ്ട്. റെഡിമെയ്ഡ് ഊഞ്ഞാലുകളും അവശ്യക്കാരെ കാത്ത് വിപണിയിലുണ്ട്. ചെല്ലുക, വാങ്ങുക, കെട്ടുക എന്നിട്ടെന്താ അങ്ങോട്ടാടുക അത്രതന്നെ. 80 കിലോ മുതൽ 120 കിലോവരെ താങ്ങാൻ കഴിയുന്ന 360 രൂപ മുതൽ 1400 രൂപവരെ വിലയുള്ള ഊഞ്ഞാലുകളാണ് വിപണിയിലുള്ളത്. മരത്തിലും ഫ്ലാറ്റുകളിലെ സിറ്റൗട്ടിലടക്കം കെട്ടാവുന്ന പാകത്തിലാണ് ഓരോന്നിന്റെയും നിർമാണം.
ഓണം ഫാഷനൊപ്പം
ഓണവും വിഷുവും പോലുള്ള പ്രാദേശിക ആഘോഷവേളയിലാണ് മലയാളി കസവു വസ്ത്രങ്ങളിലേക്കു കൈനീട്ടുന്നത്. പലപ്പോഴും പുതുതായെന്തുണ്ട് എന്ന പരാതിയും ഉയരാറുണ്ട്. കാലത്തിനനുസരിച്ച് കോലം മാറണം എന്നാണല്ലോ എന്നാല്‍ പഴമ കൈ വിടാനും പാടില്ല അതുകൊണ്ട് തന്നെ കസവില്‍ ചെയ്ത മോഡേണ്‍ വസ്ത്രങ്ങളാണ് ഇന്നത്തെ ട്രെന്റ്. പഴമയും പുതുമയും കലര്‍ന്ന വസ്ത്രങ്ങളാണ് ഓണം വിപണി കീഴടക്കിയത്. വാഴയിലയും ഉപ്പേരിയും ഓണത്തപ്പനും ഓലപ്പീപ്പിയും തലപ്പന്തുമെല്ലാം പ്രിന്റ് ചെയ്ത സാരികള്‍ വ്യത്യസ്തമാകുന്നു. ബാന്ദ്‌നി ഡിസൈൻ, ഡിജിറ്റൽ പ്രിന്റകൾ, മ്യൂറൽ പെയിന്റിങ് എന്നിവയിലുള്ള സാരികളും വിപണി കീഴടക്കുന്നുണ്ട്.
സാരികൾക്ക് മിക്കവരും തിരഞ്ഞെടുക്കുന്നത് കോൺട്രാസ്റ്റ് ബ്ലൗസുകളാണ്. അജ്റഖ്, മിറർവർക്ക്, പോൾക്ക ഡോട്ട്, ബ്രൊക്കെയ്ഡ്, കലംകാരി എന്നിങ്ങനെയുള്ളവർക്കുള്ള ബ്ലൗസുകളാണ് ഭൂരിഭാഗവും തിരഞ്ഞെടുക്കുന്നത്. കസവുവും വെള്ളയും സ്വർണവും നിറച്ച തുണിയില്‍ വരുന്ന വെയ്സ്റ്റ് കോട്ടും ഫ്ലേർഡ് പാന്റും. ലിസ് ഡിസൈനുകളിൽ ബട്ടണുള്ള ട്രംപെറ്റ് സ്ലീവ്, ഫ്ലേഡ് പാന്റ് ജമ്പ്‌സ്യൂട്ട്, പരമ്പരാഗത സൽവാർ കമീസ് മൈനസ് പാന്റീസിന്റെ ഒരു പുതിയ രൂപമായ കഫ്താൻ, കസവു മെറ്റീരിയൽ കേപ്പിനൊപ്പം ക്രോപ്പ് ടോപ്പിലും ധോത്തി പാവാടയിലുമുള്ള ത്രീ-പീസ് സെറ്റ്, സ്വർണ്ണത്തിൽ എംബ്രോയ്ഡറി അലങ്കാരങ്ങളുള്ള വെള്ളയോ ഓഫ്-വൈറ്റ് നിറത്തിലുള്ള കോ-ഓർഡ് സെറ്റ്, ഓഫ്-വൈറ്റ് ഫാബ്രിക്കിൽ സെറ്റ് ചെയ്ത ഷരാര ഇവയൊക്കെയാണ് ഓണം ഫാഷനിലെ താരങ്ങള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.