28 January 2026, Wednesday

സ്ത്രീത്വത്തെ അപമാനിച്ചു; കെമാൽപാഷക്ക് ശൈലജയുടെ വക്കീൽ നോട്ടീസ്

Janayugom Webdesk
വടകര
April 25, 2024 7:58 pm

റിട്ട. ജസ്റ്റിസ് കെമാൽ പാഷക്കെതിരെ വക്കീൽ നോട്ടീസ് അയച്ച് വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയെന്ന് കാണിച്ചാണ് നോട്ടീസ് അയച്ചത്. പ്രസ്താവന നടത്തിയ യൂട്യൂബ് ചാനലിലൂടെ തന്നെ ഖേദപ്രകടനം നടത്തണമെന്നും ഇല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നുമാണ് നോട്ടീസിലുള്ളത്. അഡ്വ. കെ വിശ്വൻ മുഖേനയാണ് കെ കെ ശൈലജ നോട്ടീസ് അച്ചിരിക്കുന്നത്. ‘കെ കെ ശൈലജ പുലിവാൽ പിടിക്കും, ഷാഫി പറമ്പിലിന് ലക്ഷ്യം വെച്ചത് തിരിച്ചടിച്ചു’ എന്ന തലക്കെട്ടിൽ ദി പ്രൈം വിറ്റ്നസ് എന്ന യൂട്യൂബ് ചാനലിൽ ഏപ്രിൽ 23ന് പ്രസിദ്ധീകരിച്ച വീഡിയോക്കെതിരെയാണ് എൽഡിഎഫ് സ്ഥാനാർത്ഥി നോട്ടീസ് അയച്ചിരിക്കുന്നത്. 

ഈ വീഡിയോ കെ കെ ശൈലജയുടെ വാർത്താസമ്മേളനം മുഴുവൻ കാണാതെയും വിവിധ സ്റ്റേഷനുകളിൽ കെ കെ ശൈലജയെ വ്യക്തിപരമായി അധിക്ഷേപിച്ചതിന് രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകൾ പരിശോധിക്കാതെയുമാണ് ചെയ്തിട്ടുള്ളതെന്നും നോട്ടീസിൽ പറയുന്നു. കെ കെ ശൈലജക്കെതിരെ വ്യാജ വീഡിയോകളും മോർഫ് ചെയ്ത് ചിത്രങ്ങളും അശ്ലീല ചുവയുള്ള കമന്റുകളും പ്രചരിപ്പിച്ചതിന് വിവിധ സ്റ്റേഷനുകളിൽ കേസുകളുണ്ട്. ഈ വസ്തുതകൾ പരിശോധിക്കാതെയാണ് മുൻ ന്യായാധിപന്റെ പ്രസ്താവന. ഇത്തരം പ്രസ്താവനയിൽ ജസ്റ്റിസ് കെമാൽ പാഷയും പങ്കുചേർന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ഇത് യുഡിഎഫ് സ്ഥാനാർത്ഥിയെ സഹായിക്കാനാണെന്നും സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പിനെ ഇത്തരം പ്രസ്താവനകൾ സ്വാധീനിക്കുമെന്നും നോട്ടീസിൽ പറയുന്നു. 

Eng­lish Sum­ma­ry: insult­ed; Kemal­pashak Shaila­ja’s lawyer’s notice

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.