ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യ പാദ മത്സരത്തിൽ ജർമ്മൻ കരുത്തരായ ബയേണ്‍ മ്യൂണിക്കിനെ 2–1 ന് ഇന്റർ മിലാൻ കീഴടക്കി. 88-ാം മിനിറ്റിൽ ഡേവിഡ് ഫ്രാറ്റെസി നേടിയ ഗോളിലാണ് ഇറ്റാലിയന്‍ ടീമിന്റെ ജയം. മത്സരത്തിന്റെ ആദ്യ പകുതിയുടെ 38–ാം മിനിറ്റിൽ ലൗത്താരോ മാർട്ടിനസിന്റെ ഗോളില്‍ ഇന്റർ മിലാൻ മുന്നേറ്റം തുടങ്ങിയിരുന്നു. എന്നാല്‍ 85–ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ തോമസ് മുള്ളറിലൂടെ ബയേണ്‍ സമനില പിടിച്ചു. സന്തോഷം മൂന്ന് മിനിറ്റ് മാത്രമേ നീണ്ടുനിന്നുള്ളൂ. ഫ്രാറ്റെസി ഇന്റര്‍ മിലാന് രക്ഷകനായി അവതരിച്ചതോടെ ആദ്യ പാദത്തില്‍ ഇന്റര്‍ മിലാന്‍ മുന്നിലെത്തി.
2021 ന് ശേഷം ചാമ്പ്യൻസ് ലീഗിലെ ബയേണിന്റെ ആദ്യ ഹോം തോല്‍വിയാണ് നേരിട്ടത്. ഗോൾകീപ്പർ മാനുവൽ ന്യൂയർ, അറ്റാക്കിങ് മിഡ്ഫീൽഡർ ജമാൽ മുസിയാല, മൂന്ന് ഡിഫന്‍ഡര്‍മാര്‍ എന്നിവരുൾപ്പെടെ നിരവധി പ്രധാന താരങ്ങളില്ലാതെ ഇറങ്ങിയ ബയേണിന് പതിവ് മികവ് പുറത്തെടുക്കാനായില്ല. ഇന്ററിന്റെ ശക്തമായ പ്രതിരോധവും മത്സരത്തില്‍ നിർണായകമായി. മത്സരത്തിന്റെ ഭൂരിഭാഗം സമയത്തും പന്ത് കൈവശം വച്ച് കളിച്ചത് ബയേണ്‍ മ്യൂണിക്ക് ആയിരുന്നെങ്കിലും ഇന്ററിന്റെ ചിട്ടയായ പ്രതിരോധത്തെ ഭേദിക്കാൻ പാടുപെട്ടു. ഈ സീസണിൽ ഇതുവരെ 11 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ മാത്രമാണ് ഇറ്റാലിയന്‍ ക്ലബ്ബ് വഴങ്ങിയിരിക്കുന്നത്. അടുത്ത ആഴ്ച സാൻ സിറോയില്‍ നടക്കുന്ന രണ്ടാം പാദ മത്സരം ഇക്കാരണത്താല്‍ ബയേണ്‍ മ്യൂണിക്കിന് കടുത്ത വെല്ലുവിളിയാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.