15 November 2024, Friday
KSFE Galaxy Chits Banner 2

ബിജെപിക്ക് തിരിച്ചടിയായി ഇടക്കാല ജാമ്യം

Janayugom Webdesk
May 11, 2024 5:00 am

ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി രണ്ടംഗ ബെഞ്ചിന്റെ ഉത്തരവ് ലോക്‌സഭാ തെരഞ്ഞെടുപ്പുകാലത്തുടനീളം ഇന്ത്യ സഖ്യത്തിലെ പ്രമുഖ നേതാക്കളിൽ ഒരാളെ പ്രചരണത്തിൽ പങ്കെടുക്കുന്നതിൽ നിന്നും തടയാനുള്ള ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും കുത്സിത ശ്രമങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണ്. കെജ്‌രിവാൾ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് അന്വേഷണ ഏജൻസി എന്നതിലുപരി മോഡി സർക്കാരിന്റെ കേവലം ആജ്ഞാനുവർത്തി എന്ന നിലയിലേക്ക് അധഃപതിച്ച എൻഫോഴ്സ‌്മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് ഇക്കഴിഞ്ഞ മാർച്ച് 21ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഇടക്കാല ജാമ്യത്തിൽ പുറത്തിറങ്ങുന്ന കെജ്‌രിവാൾ പോളിങ്ങ് പ്രക്രിയ പൂർത്തിയായാലുടൻ, ജൂൺ രണ്ടിന് ജയിൽ അധികൃതർക്ക് കീഴടങ്ങണം. ജാമ്യത്തിൽ പുറത്തിറങ്ങിയാലും മുഖ്യമന്ത്രിയുടെ ഔദ്യോഗിക കൃത്യനിർവഹണത്തിൽനിന്നും നേരത്തെതന്നെ അദ്ദേഹത്തെ വാക്കാൽ സുപ്രീം കോടതി വിലക്കിയിട്ടുണ്ട്. എന്നാൽ, തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനത്തിൽ അദ്ദേഹത്തിന് സ്വതന്ത്രമായി പങ്കെടുക്കാനാവും എന്നാണ് സുപ്രീം കോടതിയുടെ ഉത്തരവിൽനിന്നും മനസിലാവുന്നത്. തെരഞ്ഞെടുപ്പ് പ്രചരണത്തിൽ കെജ്‌രിവാളിന്റെ സാന്നിധ്യം ഡൽഹിയിലും പഞ്ചാബിലും ഹരിയാനയിലുമടക്കം ഹിന്ദി ഹൃദയഭൂമിയില്‍ ആം ആദ്മി പാർട്ടിക്കും ഇന്ത്യ സഖ്യത്തിനും ഏറെ പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്വതന്ത്രനായിരുന്ന കെജ്‌രിവാളിനേക്കാളേറെ ജാമ്യത്തിൽ പുറത്തിറങ്ങിയ കെജ്‌രിവാൾ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ശക്തനായ പ്രതിയോഗി ആയിരിക്കും. കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിക്കുന്നതിനെതിരെ ഇഡി ഉന്നയിച്ച എല്ലാ തടസവാദങ്ങളും തള്ളിയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. അദ്ദേഹത്തെ തടവിൽസൂക്ഷിക്കാനുള്ള ശ്രമം മതിയായ തെളിവുകളുടെ അടിസ്ഥാനത്തിലല്ലെന്നും, മറിച്ച് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും കോടതിയെ ബോധ്യപ്പെടുത്താൻ പ്രതിഭാഗം അഭിഭാഷകർക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് ഇടക്കാല ജാമ്യം അനുവദിച്ചുള്ള ഉത്തരവ് വ്യക്തമാക്കുന്നത്.

ഡൽഹി എക്സൈസ് നയ രൂപീകരണവുമായി ബന്ധപ്പെട്ട കേസിൽ അഴിമതി ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ കാര്യക്ഷമമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി നിയമാനുസൃതം വിചാരണ നടത്തി മാതൃകാപരമായി ശിക്ഷിക്കണം എന്ന കാര്യത്തിൽ ആർക്കും വിയോജിപ്പ് ഉണ്ടാകേണ്ടതില്ല. വിവാദ നയം വിമർശനങ്ങൾ ഉയർന്നതിനെ തുടർന്ന് പിൻവലിക്കുകയും പഴയ നില പുനഃസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ രണ്ട് വർഷത്തിലേറെയായി തുടർന്നുവരുന്ന അന്വേഷണത്തിൽ ഡൽഹി ഉപമുഖ്യമന്ത്രി സിസോദിയ അടക്കം എതാനുംപേർ ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിൽ തുടരുന്നുണ്ടെങ്കിലും കേസിൽ ഉൾപ്പെട്ട് മാപ്പുസാക്ഷികളായി ഇഡി മാറ്റിയെടുത്ത ഏതാനും പേരുടെ മൊഴികളുടെ മാത്രം അടിസ്ഥാനത്തിലാണ് കെജ്‌രിവാൾ അടക്കമുള്ളവർക്കെതിരായ കേസ് ഇഴഞ്ഞുനീങ്ങുന്നത്. അഴിമതിപ്പണം കണ്ടെത്തുന്നതിനോ അത് ഇഡി ആരോപിക്കുംവിധം ചെലവഴിച്ചതിന്റെ തെളിവുകൾ ഹാജരാക്കുന്നതിലോ അവർ വിജയിച്ചിട്ടില്ല. കെജ്‌രിവാളിന്റെ ഔദ്യോഗിക വസതിയിലടക്കം നടത്തിയ പരിശോധനകളിൽ അഴിമതിയിലൂടെ ആർജിച്ച സ്വത്തുവകകളോ അതിനുള്ള തെളിവുകളോ കണ്ടെത്താൻ ഇഡിക്ക് കഴിഞ്ഞിട്ടില്ല. ഡൽഹി മുഖ്യമന്ത്രിക്കെതിരെ ഇഡി ഉന്നയിക്കുന്ന മുഖ്യ കുറ്റം, ചോദ്യം ചെയ്യലിന് ഒമ്പതുതവണ സമൻസ് അയച്ചിട്ടും ഹാജരായില്ല എന്നത് മാത്രമാണ്. ഇഡിയുടെ സമൻസുകളുടെ സാധുത ചോദ്യംചെയ്തും, സാക്ഷി അല്ലെങ്കിൽ പ്രതി എന്നിവയിൽ ഏതുനിലയിലാണ് തന്നെ ചോദ്യംചെയ്യുന്നത് എന്നാരാഞ്ഞുകൊണ്ടും കെജ്‌രിവാൾ നൽകിയ മറുപടികൾക്ക് വ്യക്തമായ ഉത്തരം നൽകാനും ഇഡിക്ക് കഴിഞ്ഞിട്ടില്ല. ഇവയൊന്നും കൂടാതെ എക്സൈസ് അഴിമതിയുടെ മുഖ്യസൂത്രധാരനാണ് കെജ്‌രിവാൾ എന്ന പല്ലവി ആവർത്തിക്കുക മാത്രമാണ് ഇഡി ചെയ്യുന്നത്. രണ്ട് വർഷത്തിൽ ഏറെയായി തുടർന്നുവരുന്ന കേസിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ പ്രമുഖ പ്രതിപക്ഷ പാർട്ടിയുടെ നേതാവും ഡൽഹി മുഖ്യമന്ത്രി പദവിയിലിരിക്കുന്നതുമായ ഒരാളെ പൊടുന്നനെ അറസ്റ്റ്ചെയ്ത് ജയിലിലടയ്ക്കുകയും അയാൾ തെരഞ്ഞെടുപ്പ് പ്രചരണ കാലയളവിൽ ജാമ്യത്തിലെങ്കിലും പുറത്തുവരുന്നത് തടയുകയുമെന്നത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. അത് പ്രതിപക്ഷത്തെ നിശബ്ദമാക്കുക എന്നത് മാത്രമാണ്. ആ ഗൂഢാലോചനയിൽ പങ്കുചേരാനാണ് പരമോന്നത കോടതി വിസമ്മതിച്ചിരിക്കുന്നത്.
വിമർശകരെയും പ്രതിപക്ഷത്തെയും നിശബ്ദരാക്കുക എന്നത് എക്കാലത്തും ഏകാധിപതികൾ അവലംബിച്ചുപോന്നിട്ടുള്ള പ്രവർത്തന ശൈലിയാണ്. തങ്ങൾക്ക് വികലമായ തെരഞ്ഞെടുപ്പ് സമ്പ്രദായത്തിന്റെ പിൻബലത്തിൽ ലഭിച്ച ഭൂരിപക്ഷവും, ഭരണഘടനാ സ്ഥാപനങ്ങളടക്കം ജനാധിപത്യപരമായും നിഷ്പക്ഷവും സുതാര്യവുമായും പ്രവർത്തിക്കേണ്ട സ്ഥാപനങ്ങളെയും പൊലീസടക്കം സുരക്ഷാ, അന്വേഷണ ഏജൻസികളെയും ഉപയോഗിച്ച് വിമർശകരെയും പ്രതിയോഗികളെയും നിശബ്ദരാക്കുകയും അടിച്ചമർത്തുകയും ചെയ്യുന്നതും അസാധാരണമല്ല. രാഹുൽ ഗാന്ധി, മഹുവ മൊയ്ത്ര എന്നിവരെ ലോക്‌സഭയിൽ നിന്നും പുറത്താക്കിയ നടപടിയും 150 അംഗങ്ങളെ പാർലമെന്റ് നടപടികളിൽനിന്നും സസ്പെൻഡ് ചെയ്തതും ഹേമന്ത് സൊരേൻ, കെജ്‌രിവാൾ തുടങ്ങിയവരുടെ അറസ്റ്റുമടക്കം സംഭവവികാസങ്ങൾ പൂർണ വളർച്ചയെത്തിയ സ്വേച്ഛാധിപത്യത്തിന്റെ നേർസാക്ഷ്യങ്ങളാണ്. അത്തരം ഒരു ഇരുണ്ടകാലത്ത് ജനങ്ങൾക്ക് അല്പമെങ്കിലും പ്രതീക്ഷനൽകാൻ നീതിന്യായ വ്യവസ്ഥയ്ക്ക് കഴിയുമെന്നാണ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് നമ്മെ ബോധ്യപ്പെടുത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.