2 June 2024, Sunday

Related news

June 1, 2024
May 30, 2024
May 30, 2024
May 29, 2024
May 17, 2024
May 15, 2024
May 13, 2024
May 12, 2024
May 12, 2024
May 11, 2024

കനുഗോലുവിന് പിന്നില്‍ വേണുഗോപാലിന്റെ കുതന്ത്രം

കെ രംഗനാഥ്
തിരുവനന്തപുരം
October 9, 2023 3:06 pm

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ സുനില്‍ കനുഗോലുവിനെ കേരളത്തിലേക്ക് എഴുന്നള്ളിച്ചതിനു പിന്നില്‍ പാര്‍ട്ടിയുടെ സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണെന്ന് സംസ്ഥാന നേതൃത്വത്തില്‍ ഒരുവിഭാഗം. വേണുഗോപാലിന് ഇഷ്ടമില്ലാത്തവരെ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നിന്ന് മാറ്റിനിര്‍ത്തുക എന്ന തന്ത്രം കനുഗോലു വഴി നടപ്പാക്കാനാണ് നീക്കമെന്നും ആക്ഷേപമുണ്ട്. 

എ, ഐ ഗ്രൂപ്പുകളില്‍പ്പെടുന്നവരെയും കെപിസിസി പ്രസിഡന്റ് കെ സുധാകരനൊപ്പം നില്‍ക്കുന്നവരെയും ഒഴിവാക്കി തന്റെ ചൊല്‍പ്പടിക്ക് നില്‍ക്കുന്നവരെ സ്ഥാനാര്‍ത്ഥികളാക്കാനുള്ള തന്ത്രമാണ് വേണുഗോപാല്‍ പയറ്റുന്നതെന്ന് ഐ ഗ്രൂപ്പിന്റെ ഒരു ഉന്നത നേതാവ് പറഞ്ഞു. സംസ്ഥാന കോണ്‍ഗ്രസിനെ പാര്‍ട്ടി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ കനുഗോലു ഇകഴ്ത്തിക്കാട്ടിയതും ശ്രദ്ധേയം. ദുര്‍ബലമായ ഈ സംഘടനാസംവിധാനം മൂലം ഭരണവിരുദ്ധവികാരം പോലും മുതലാക്കാനാവില്ലെന്നായിരുന്നു കനുഗോലു മുന്നറിയിപ്പ് നല്‍കിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്ന് അകന്നുപോയ മുസ്ലിം, ക്രിസ്ത്യന്‍ വോട്ടുകള്‍ തിരികെപ്പിടിക്കാനുള്ള ഒരു യത്നവും സംഘടനാ നേതൃത്വം നടത്തുന്നില്ലെന്ന അദ്ദേഹത്തിന്റെ വിമര്‍ശനം സുധാകരനെതിരായ ഒളിയമ്പായാണ് കാണുന്നത്.

നിലവിലെ കോണ്‍ഗ്രസ് എംപിമാരില്‍ 12 പേരും രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പങ്കെടുത്തിരുന്നു. രാഹുല്‍ഗാന്ധി, ടി എന്‍ പ്രതാപന്‍, എം കെ രാഘവന്‍ എന്നിവരാണ് പങ്കെടുക്കാതിരുന്നത്‍. 14 തെരഞ്ഞെടുപ്പുകളില്‍ തന്ത്രം മെനഞ്ഞ കനുഗോലുവിന്റെ സ്ഥിരതയില്ലായ്മയും വിമര്‍ശനവിധേയമാണ്. 2014ല്‍ മോഡിയുടെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായിരുന്ന കനുഗോലു തമിഴ്‌നാട്ടില്‍ ആദ്യം അണ്ണാ ഡിഎംകെയുടെ തന്ത്രം മെനഞ്ഞു. പിന്നീട് ഡിഎംകെയുടെ തന്ത്രജ്ഞനായെത്തി. കര്‍ണാടകക്കാരനായ കനുഗോലു അവിടെ കോണ്‍ഗ്രസ് വിജയത്തിന്റെ ശില്പിയെന്ന നിലയിലാണ് പിന്നീട് പൊതുമണ്ഡലത്തിലെത്തുന്നത്. വരാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും കനുഗോലുതന്നെയാവും കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍. ബിഹാറില്‍ ആര്‍ജെഡിക്കും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദളിനും വേണ്ടി തന്ത്രങ്ങള്‍ മെനയുന്ന കനുഗോലു ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപി പാളയത്തിലേക്ക് ചുവടുമാറുമെന്ന റിപ്പോര്‍ട്ടുമുണ്ട്.

ഇതിനെല്ലാമിടയില്‍ കേരളത്തി­ല്‍ കനുഗോലുവിന്റെ തന്ത്രം സംശയാസ്പദമാണെന്നും കോണ്‍ഗ്രസ് നേതൃത്വത്തില്‍ നല്ലൊരു വിഭാഗം കരുതുന്നു. ഇതിനകം തന്നെ സംസ്ഥാനത്തെ ലോക്‌സഭാ സീറ്റുകളില്‍ അദ്ദേഹം വിശദമായ സര്‍വേ നടത്തിക്കഴിഞ്ഞു. ഈ സര്‍വേയിലൂടെയാണ് വേണുഗോപാലിന്റെ കുതന്ത്രങ്ങള്‍ കനുഗോലുവിലൂടെ പുറത്തുവരുന്നത്. ഇപ്പോഴത്തെ പട്ടികയില്‍ അത്ഭുതങ്ങളുണ്ടാകും വിധമുള്ള തിരുത്തലുകള്‍ വന്നേയ്ക്കാമെന്ന കനുഗോലുവിന്റെ പ്രസ്താവനയിലാണ് വേണുഗോപാലിന്റെ കുതന്ത്രങ്ങള്‍ ഒളിഞ്ഞിരിക്കുന്നത്. വേണുവിന്റെ സ്ഥാനാര്‍ത്ഥികളെ പടക്കളത്തിലിറക്കുക എന്നതാണ് തന്ത്രത്തിന്റെ കാതല്‍. ഈ അത്ഭുതത്തിലൂടെ ആലപ്പുഴ മണ്ഡലത്തില്‍ തനിക്ക് ഒരു സീറ്റ് ഉറപ്പിച്ചെടുക്കാനും വേണുഗോപാലിനു പദ്ധതിയുണ്ട്. ആലപ്പുഴയില്‍ കുറേ നാളുകളായി വേണുഗോപാലിന്റെ ഓഫിസ് പ്രവര്‍ത്തിക്കുന്നതും യാദൃച്ഛികമല്ല. 

Eng­lish Sum­ma­ry: Inter­nal issues in Congress

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.