പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ യോഗാചാര്യർ കൃഷ്ണമാചാര്യ സൂര്യനമസ്കാരമെന്ന രീതി ജനങ്ങളുടെ ഹൃദയാരോഗ്യത്തിന് വേണ്ടി ആവിഷ്കരിച്ചപ്പോൾ രണ്ടും കയ്യും നീട്ടിയാണ് ലോകം ഇതിനെ സ്വീകരിച്ചത്. ഏതു മതക്കാർക്കും ചെയ്യാവുന്ന ലളിത വ്യായാമമായി ഇത് മാറിക്കൊണ്ടിരിക്കുകയാണ്. ചില മതങ്ങൾ ഇതിനെ വർണാധിപത്യത്തിന്റെ ഭാഗമാക്കാൻ നോക്കിയപ്പോഴാണ് തെറ്റിദ്ധാരണകൾ വളരാനിടയായത്. ഉത്തരേന്ത്യയിൽ ഇന്നും അവർണ ഹിന്ദുക്കൾക്കോ അഹിന്ദു വിഭാഗത്തിനോ യോഗ ചെയ്യുന്നതിൽ വിലക്കേർപ്പെടുത്തിയിരിക്കുന്നത് വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
പ്രത്യേക മന്ത്രോച്ചാരണത്തിലൂടെ സൂര്യനഭിമുഖമായി നിന്ന് വണങ്ങുന്നതാണ് സൂര്യനമസ്കാരമെന്ന് കരുതുന്നവരാണ് ഭൂരിഭാഗവും. എന്നാൽ മനുഷ്യനിൽ തന്നെയുള്ള സൂര്യ‑ചന്ദ്ര നാഡികളെ ഉത്തേജിപ്പിച്ച് ശരീരത്തിലെ താപനില സന്തുലിതമാക്കലാണ് സൂര്യ നമസ്കാരം എന്നതാണ് ശരി. പ്രാപഞ്ചിക രഹസ്യങ്ങള്‍ അജ്ഞാതമായകാലത്ത് സൂര്യനെ ഭയന്ന് അതിനെ ഭഗവാനായിക്കണ്ട്, ആരാധനയുടെ ഭാഗമായി ഇത് ചെയ്തവരുമുണ്ട്. എന്നാൽ ശാസ്ത്രീയമായി സൂര്യനമസ്കാരത്തെക്കുറിച്ച് വിശദീകരിക്കുന്ന ഗ്രന്ഥങ്ങളിൽ ശരീരത്തിൽ എങ്ങനെയാണ് ഓക്സിജനേഷന് ഇത് കാരണമാകുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്.
ഇരുകൈകളും നെഞ്ചോട് ചേർത്ത്, കൈകൾ കൂപ്പി നിൽക്കുന്ന ഇതിന്റെ ആദ്യഘട്ടം ഹിന്ദു മതപരമാണെന്ന തെറ്റിദ്ധാരണ ഇന്നും നിലനിൽക്കുകയാണ്. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ ചിന്തകൾ കുറയുമെന്ന് കണ്ടെത്തിയതിനാലാണ് വിദേശികൾ പോലും ഇങ്ങനെ വണങ്ങുന്നത്. പരസ്പര സ്നേഹത്തിന്റെ അടയാളമാണിത്. മതം ഇതിനെ തങ്ങളുടെ ആചാരമാക്കി മാറ്റിയപ്പോഴാണ് അന്യമതസ്പർധ ഉണ്ടായത്. സാവധാനം നിശ്വാസമെടുത്ത് പിറകാേട്ട് വളയുന്ന വ്യക്തിയുടെ ശ്വാസകാേശം ഓക്സിജനാൽ സമ്പന്നമാവുന്നതിനാലാണ് ആരോഗ്യമുണ്ടാവുന്നത്. ശ്വസന-രക്തചംക്രമണം ശക്തിപ്പെടാൻ ഇത്രയേറെ നല്ല വ്യായാമമില്ല. ഇങ്ങനെ കൂടുതൽ ഓക്സിജൻ രക്തത്തില്‍ കയറുന്നത് കൊണ്ടും കെട്ടിക്കിടക്കുന്ന കാർബൺ ഡയോക്സൈഡ് പുറംതള്ളുന്നതിനാലുമാണ് മാനസിക സമ്മർദം കുറയുന്നത്.
പിന്നീട് ശ്വാസം പുറത്തേക്കുവിട്ട് മുന്നോട്ട് കുനിയുന്ന വ്യക്തിയുടെ മസ്തിഷ്കം പോഷക രക്തം കൊണ്ട് നിറയുന്നു. ഒരു കാൽ പിറകിൽ വച്ച് ഓട്ടക്കാരനെ പോലെ നിൽക്കുമ്പോൾ പ്രത്യുല്പാദന വ്യവസ്ഥയാണ് ശക്തിപ്പെടുന്നത്. പിന്നീട് രണ്ടുകാലും പിറകോട്ട് കൊണ്ടുപോകുമ്പോൾ കാലിനും കൈകൾക്കും ശക്തി ഉണ്ടാകുന്നു. ഭൂമിയോട് പറ്റിക്കിടക്കുന്ന അഷ്ടാംഗ നമസ്കാരം എന്ന ക്രിയ ചെയ്യുമ്പോൾ മനുഷ്യന് എളിമയും ബഹുമാനവും വർധിക്കുന്നു. അവിടുന്ന് പാമ്പിനെപ്പോലെ ഫണം ഉയർത്തുമ്പോൾ വീണ്ടും ശ്വാസകോശ ഹൃദയബന്ധം ശക്തിപ്പെടുന്നു. പിന്നീട് പർവതം പോലെ അരക്കെട്ട് ഉയർത്തുന്ന ഘട്ടത്തിൽ നട്ടെല്ല് ശാന്തമാകാൻ ഇടയാകുന്നു. ഹൃദയത്തിന് ഭാരം കുറയുന്ന അവസ്ഥ ഉണ്ടാവുന്നതാണിത്.
ശരീരത്തിന്റെ വിവിധ വ്യവസ്ഥകളെ ശക്തമാക്കുകയും ശാന്തമാക്കുകയും ചെയ്യുന്ന ഒരു ശ്വസന വ്യായാമ രീതിയാണ് സൂര്യനമസ്കാരം. ചാതുർവർണ്യ വ്യവസ്ഥയിൽ ബ്രാഹ്മണന് മാത്രമേ ചെയ്യാവൂ. ശൂദ്രനും പിന്നാക്ക ജാതിക്കാരനും ചെയ്തുകൂടാ എന്ന സമനീതി നിഷേധമാണ് ഇന്നും ഉത്തരേന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്നത്. യഥാർത്ഥത്തിൽ സർവമത സ്വീകാര്യതയുള്ള വ്യായാമമുറയാണിത്. തിരക്കുപിടിച്ച ജീവിതത്തിൽ മനുഷ്യന്റെ മാനസിക സമ്മർദം കുറയ്ക്കുന്നതിന് ഇത്രയേറെ നല്ല മറ്റൊരു വ്യായാമമില്ല. നാല് തവണ സൂര്യനമസ്കാരം ചെയ്യുന്നത് അരമണിക്കൂർ നടക്കുന്നതിന് തുല്യമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇന്നും ആളുകൾ മണിക്കൂറുകളോളം നടക്കുന്നതായാണ് കണ്ടുവരുന്നത്.
നടത്തത്തിലൂടെ മൊത്തം ശരീരത്തിന് ഊർജം ലഭിക്കുമെന്നത് ശരി തന്നെയാണ്. എന്നാൽ സൂര്യനമസ്കാരത്തിലൂടെ ചില അവയവങ്ങളെ ശക്തിപ്പെടുത്തുകയും അതുമായി ബന്ധപ്പെട്ട രോഗം കുറയ്ക്കുകയും കൂടിയാണ് ചെയ്യുന്നത്. സംശയത്തോടെ കാര്യങ്ങളെ വീക്ഷിക്കുന്ന മനുഷ്യർ നല്ലതിനെ എന്നും തിരസ്കരിക്കുകയാണ് ചെയ്തിട്ടുള്ളത്. ഇന്ന് ലോകത്തിൽ അഞ്ചു കോടി ആളുകൾ ഇത്തരം വ്യായാമങ്ങളിലൂടെ തങ്ങളുടെ മാനസിക സമ്മർദവും മറ്റു രോഗങ്ങളും മാറ്റിവരുന്നുണ്ട്. അമേരിക്കയിൽ ചില ഫാക്ടറികളിൽ ഇടവേളകളിൽ കാര്യക്ഷമത വർധിപ്പിക്കുന്നതിന് വേണ്ടി സൂര്യനമസ്കാരമാണ് ചെയ്തുവരുന്നത്. നാസ ഇതിന് പ്രത്യേക പദ്ധതി ഉണ്ടാക്കിയിട്ടുണ്ട്. ഒമ്പതാമത് അന്തർദേശീയ യോഗാ ദിനം ആചരിക്കുമ്പോൾ സൂര്യനമസ്കാരം ഒരു ജനകീയ വ്യായാമ പദ്ധതിയായി ഗ്രാമഗ്രാമാന്തരങ്ങളിൽ എത്തിക്കുന്നതിന് നമുക്ക് കഴിയേണ്ടതുണ്ട്.
English Summary: International Day of Yoga
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.