22 January 2026, Thursday

അന്താരാഷ്ട്ര നിക്ഷേപക സംഗമത്തിന് ഇന്ന് തുടക്കം നവകേരളം; വ്യവസായ കേരളം

പി രാജീവ്
വ്യവസായ, നിയമ, കയർ വകുപ്പ് മന്ത്രി
February 21, 2025 4:30 am

അസാധ്യമായി ഒന്നുമില്ലെന്ന് തെളിയിച്ചുകൊണ്ട് ഇൻഡസ്ട്രിയൽ റെവല്യൂഷൻ 4.0 ലക്ഷ്യസ്ഥാനമായി മാറാനുള്ള കുതിപ്പിലാണിന്ന് കേരളം. ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് റിഫോംസിലെ ഒന്നാം സ്ഥാനം കേരളത്തിന് ലഭിച്ചു. അമേരിക്കൻ സൊസൈറ്റി ഫോർ പബ്ലിക് അഡ്മിനിസ്ട്രേഷന്റെ 87 വർഷത്തെ ചരിത്രത്തിനിടയിൽ ഇന്ത്യയിൽ നിന്നുള്ള ഒരു പദ്ധതി നോവൽ ഇന്നൊവേഷൻ ഇൻ പബ്ലിക് അഡ്മിനിസ്ട്രേഷൻ അംഗീകാരം നേടി. അത് കേരളത്തിന്റെ ‘സംരംഭകവർഷം’ പദ്ധതിയാണ്. ഇതേ പദ്ധതി ഇന്ത്യയിലെ എംഎസ്എംഇ രംഗത്തെ ഏറ്റവും മികച്ചതായും പ്രധാനമന്ത്രി പങ്കെടുത്ത യോഗത്തിൽ അംഗീകരിക്കപ്പെട്ടു. സംസ്ഥാനത്ത് വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിനായി 2016ൽ അധികാരമേറ്റ മുന്‍ എല്‍ഡിഎഫ് സർക്കാർ കൈക്കൊണ്ട തീരുമാനങ്ങളും നടപടികളും കൂടുതൽ അർത്ഥപൂർണമായും ദൂരക്കാഴ്ചയോടെയും വികസിപ്പിക്കുകയാണ് ഞങ്ങൾ ചെയ്യുന്നത്. സംരംഭങ്ങൾ ആരംഭിക്കുന്നതിന് പല ഓഫിസുകൾ കയറേണ്ട സാഹചര്യം ഒഴിവാക്കി ഏകജാലക സംവിധാനം ഒരുക്കി കെ-സ്വിഫ്റ്റിന് തുടക്കം കുറിച്ചതുമുതൽ നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റങ്ങൾ വരുത്തി വ്യവസായ സൗഹൃദാന്തരീക്ഷത്തിന് ശക്തമായ അടിത്തറയിടാൻ സാധിച്ചു. ഇതിന്റെ തുടർച്ചയിൽ, ഈ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ പിന്തുണയോടെയും ചീഫ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ ഉദ്യോഗസ്ഥരുടെ പൂർണ പങ്കാളിത്തത്തോടെയുമാണ് ഒന്നാമത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന ബഹുമതിയിലേക്ക് നാം നടന്നുകയറിയത്. ഇതിനുശേഷം ദാവോസിലെ വേൾഡ് ഇക്കണോമിക് ഫോറത്തിലുൾപ്പെടെ കേരളത്തിന് പ്രശംസ ലഭിച്ചു. നൂതന സാങ്കേതിക വിദ്യ കൈകാര്യം ചെയ്യുന്ന ലോകത്തിലെ ഏറ്റവും മികച്ച ചില കമ്പനികൾ കേരളത്തിൽ പ്രവർത്തനം ആരംഭിച്ചു. കേരളത്തിലെത്തിയ എല്ലാവരും ഒരേ സ്വരത്തിൽ വ്യവസായ സൗഹൃദാന്തരീക്ഷത്തെ പുകഴ്ത്തുകയും കൂടുതൽ വലിയ ഓഫിസുകൾ ആരംഭിക്കുകയും ചെയ്തു. ഇങ്ങനെ കേരളം ലോക ശ്രദ്ധയാകർഷിക്കുന്ന ഘട്ടത്തിൽ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റും കടന്നുവരുന്നു.

ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്

പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആഗോള നിക്ഷേപക സംഗമമായ ‘ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് ഇന്നും നാളെയും കൊച്ചിയിൽ വച്ച് സംഘടിപ്പിക്കുകയാണ്. കേരള വ്യാവസായികരംഗത്ത് വിപ്ലവകരമായ വിധത്തിൽ വലിയ നിക്ഷേപങ്ങൾ ഈ പരിപാടിയിലൂടെ കടന്നുവരും. കേരള വ്യവസായനയം ലക്ഷ്യമിടുന്ന നൂതന വ്യവസായമേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് രാജ്യത്തിന്റെ തന്നെ ഇൻഡസ്ട്രിയൽ റെവല്യൂഷൻ 4.0 വ്യവസായങ്ങളുടെ ഹബ്ബായി മാറാനാണ് കേരളം ശ്രമിക്കുന്നത്. അമ്പതോളം മുന്നൊരുക്ക പരിപാടികൾ നിക്ഷേപ സംഗമത്തിന് മുമ്പായി സംഘടിപ്പിച്ചു. ചെന്നൈ, ബെംഗളൂരു, മുംബൈ, ഡൽഹി എന്നീ നഗരങ്ങളിലും ദുബായിയിലും ഇൻഡസ്ട്രിയൽ റോഡ്ഷോ സംഘടിപ്പിച്ചു. ഗ്ലോബൽ സമ്മിറ്റിന് മുന്നോടിയായി രാജ്യത്തെ ആദ്യ ഇന്റർനാഷണൽ ജെൻ എഐ കോൺക്ലേവ്, കേരളത്തിലെ ആദ്യ ഇന്റർനാഷണൽ റോബോട്ടിക്സ് റൗണ്ട് ടേബിൾ കോൺക്ലേവ് എന്നിവയ്ക്ക് പുറമെ പത്തിലധികം സെക്ടറൽ കോൺക്ലേവുകൾ പൂർത്തിയാക്കി. വിഴിഞ്ഞം തുറമുഖത്തിനായും മലബാർ മേഖലയ്ക്കായും പ്രത്യേക കോൺക്ലേവുകൾ സംഘടിപ്പിച്ചു. കേരളത്തിലെ സംരംഭകർ ഈ ഘട്ടത്തിൽ നമ്മുടെ നാടിന്റെ അംബാസിഡർമാരായി മാറി.

ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ്

352 പരിഷ്കാര പരിപാടികൾ പറഞ്ഞതിൽ 340 എണ്ണവും നടപ്പിലാക്കി കേരളം ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് റിഫോംസിൽ ഒന്നാമതെത്തി. ഒമ്പത് മേഖലകളിൽ ആദ്യസ്ഥാനവും കരസ്ഥമാക്കി. ആന്ധ്രാപ്രദേശിന് അഞ്ചിനങ്ങളിലും ഗുജറാത്തിന് മൂന്നിനങ്ങളിലുമാണ് ഒന്നാം സ്ഥാനം നേടാൻ സാധിച്ചത്. ടോപ്പ് അച്ചീവർ പട്ടികയിൽ ടോപ്പ് അച്ചീവർ സ്ഥാനം കരസ്ഥമാക്കിയ കേരളത്തിനുള്ള പുരസ്കാരം ഡൽഹിയിൽ വ്യവസായ വകുപ്പ് മന്ത്രിമാരുടെ യോഗത്തിൽ വച്ച് യൂണിയൻ മിനിസ്റ്റർ പീയൂഷ് ഗോയൽ കൈമാറി. പൂർണമായും സംരംഭകരുടെ വോട്ടിങ്ങിന്റെ അടിസ്ഥാനത്തിലാണ് ഈ നേട്ടമെന്നുള്ളത് സർക്കാരിൽ സംരംഭകർ അർപ്പിച്ചിട്ടുള്ള വിശ്വാസത്തിന്റെകൂടി തെളിവാണ്. 28-ാം റാങ്കിൽ നിന്ന് ഒന്നാം റാങ്കിലേക്ക് കേരളത്തെ സംരംഭകരെയാകെ ചേർത്തുപിടിച്ചുകൊണ്ട് നാം മുന്നോട്ടുപോകുകയാണ്. ഈ വർഷവും നിക്ഷേപ സൗഹൃദ സൂചികയിൽ യൂണിയൻ ഗവണ്‍മെന്റ് ആവശ്യപ്പെട്ട പരിഷ്കാരങ്ങളിൽ 99 ശതമാനവും കേരളം പൂർത്തിയാക്കി.

സംരംഭകർ സർക്കാരിനൊപ്പം

2021ല്‍ ഇപ്പോഴത്തെ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കൊണ്ടുവന്ന ആദ്യ പദ്ധതികളിലൊന്ന് 1,410 കോടി രൂപയുടെ എംഎസ്എംഇ പാക്കേജാണ്. ഇതിന് പിന്നാലെ ഫിക്കി, സിഐഐ, കെഎസ്എസ്ഐഎ, ട്രേഡ് യൂണിയനുകൾ എന്നിവരുമായി ചർച്ച നടത്തി. തുടർന്ന് ഇവരുടെ ആവശ്യങ്ങളിൽ നടപടികൾ കൈക്കൊണ്ടു. 50 കോടി രൂപ വരെയുള്ള റെഡ് കാറ്റഗറിയിലല്ലാത്ത നിക്ഷേപങ്ങൾക്ക് കെ-സ്വിഫ്റ്റ് വഴി ലഭിക്കുന്ന തത്വത്തിലുള്ള ധാരണാപത്രം വഴി 3.5 വർഷം പ്രവർത്തിക്കാനുള്ള നിയമം കൊണ്ടുവന്നു. 50 കോടിയിലധികം മൂലധന നിക്ഷേപമുള്ള വ്യവസായങ്ങൾക്ക് മതിയായ രേഖകൾ സഹിതം അപേക്ഷിച്ചാൽ ഏഴ് ദിവസത്തിനകം കോംപോസിറ്റ് ലൈസൻസ് നൽകാനുള്ള നിയമവും ഞങ്ങൾ പാസാക്കി. വ്യവസായശാലകളിലെ അനാവശ്യ നടപടികൾ ഒഴിവാക്കുന്നതിനും അഴിമതി തടയുന്നതിനുമായി കെ-സിസ് പോർട്ടലിലൂടെ അഞ്ച് വകുപ്പുകളെ സംയോജിപ്പിച്ച് ഏകീകൃതാ പരിശോധനാ സംവിധാനം ആവിഷ്കരിച്ചു. സംരംഭകരുടെ പരാതികൾ സമയബന്ധിതമായി പരിഹരിക്കുന്നതിന് ജില്ലാ-സംസ്ഥാന തലങ്ങളിൽ സിവിൽ കോടതി അധികാരത്തോടെ സ്റ്റാറ്റ്യൂട്ടറി സമിതികൾ രൂപീകരിച്ചു. സംരംഭകന് മതിയായ കാരണമില്ലാതെ സേവനം നൽകുന്നതിൽ ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ വീഴ്ചവരുത്തിയാൽ പിഴ ഈടാക്കാനും നടപടിക്ക് ശുപാർശ ചെയ്യാനും ഈ സമിതിക്ക് അധികാരം നൽകി. ഇൻവെസ്റ്റ് കേരള ഹെല്പ് ഡെസ്കും എംഎസ്എംഇ ക്ലിനിക്കുമൊക്കെ വഴി വലിയൊരു അളവിൽ പരാതികൾ പരിഹരിക്കാൻ സാധിച്ചതും സംരംഭകരുടെ ഫീഡ്ബാക്കിൽ പ്രതിഫലിച്ചിട്ടുണ്ട്.

വലിയ നിക്ഷേപങ്ങൾ

സംരംഭകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനൊപ്പം വലിയ നിക്ഷേപകരെ കേരളത്തിലേക്ക് ആകർഷിക്കുന്നതിനായി നടപ്പിലാക്കിയ മീറ്റ് ദി ഇൻവെസ്റ്റർ പരിപാടിയിലൂടെ പതിനായിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപം എത്തിക്കാൻ നമുക്ക് സാധിച്ചു. ഐബിഎം, എച്ച്സിഎൽ ടെക്, നോവ് ഐഎൻസി, സ്ട്രാഡ ഗ്ലോബൽ, ഡി-സ്പേസ്, സാഫ്രാൻ, ആക്സിയ ടെക്നോളജീസ്, സിന്തൈറ്റ്, അറ്റാച്ചി തുടങ്ങി 30ലധികം കമ്പനികൾ നിക്ഷേപം നടത്തി. ദാവോസിലെ വേൾഡ് ഇക്കണോമിക് ഫോറം അംഗീകരിച്ച പ്രധാന പദ്ധതികളിൽ ആദ്യത്തേത് 18,000 കോടി രൂപ പ്രതീക്ഷിക്കുന്ന കേരളത്തിന്റെ ഹൈഡ്രജൻ വാലിയാണ്. ഐബിഎമ്മിന്റെ ചരിത്രത്തിലാദ്യമായി ഒരേ നഗരത്തിൽ രണ്ട് വർഷത്തിനിടെ രണ്ട് പദ്ധതികൾ ആരംഭിച്ചത് നമ്മുടെ കേരളത്തിലാണ്.
എച്ച്സിഎൽ ടെക് കേരളത്തിൽ പ്രവർത്തനമാരംഭിച്ച് ഒരു മാസത്തിനുള്ളിൽ പുതിയ യൂണിറ്റ് ആരംഭിക്കാനുള്ള സന്നദ്ധത അറിയിച്ചു. ഐബിഎം, എച്ച്സിഎൽ ടെക്, മേഴ്സഡസ് ബെൻസ്, സ്ട്രാഡ ഗ്ലോബൽ, ഇൻഫോസിസ്, ഐബിഎസ്, അഡാനി ഗ്രൂപ്പ്, ഏൺസ്റ്റ് ആന്റ് യങ്ങ്, ടാറ്റ എൽക്സി, യുഎസ്‌ടി ഗ്ലോബൽ, അഡെസോ ഗ്ലോബൽ, അഗാപ്പെ, നോവ്, ഐഎൻസി, കോങ്ങ്സ്ബെർഗ്, ഡി-സ്പേസ്, ആക്സിയ ടെക്നോളജീസ്, സിസ്ട്രോം, സാഫ്രാൻ, സിന്തൈറ്റ്, മുരുഗപ്പ ഗ്രൂപ്പ്, ലുലു, ചോയിസ്, വികെസി, വിത്തൽ കാഷ്യൂസ്, പ്രസ്റ്റീജ് ഗ്രൂപ്പ്, അറ്റാച്ചി, ക്രേസ് ബിസ്കറ്റ്സ്, ബേക്കർടില്ലി-പിയേറിയൻ, ട്രാസ്ന തുടങ്ങിയ കമ്പനികളും വ്യവസായ ഗ്രൂപ്പുകളും കേരളത്തിന്റെ വ്യവസായ സൗഹൃദാന്തരീക്ഷത്തെ പ്രകീർത്തിച്ച് രംഗത്തുവന്നു.
കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിക്ക് അംഗീകാരം നേടിയെടുക്കാനും ഈ സർക്കാരിന് സാധിച്ചതിനാൽ ഈ സർക്കാരിന്റെ കാലയളവിൽ തന്നെ പരമാവധി പണി പൂർത്തിയാക്കാൻ ഞങ്ങൾ ശ്രമിക്കും.

സംരംഭക വർഷം

ദീർഘകാലത്തിന് ശേഷം കേരളത്തിന്റെ വ്യവസായമേഖലയ്ക്ക് ദേശീയ, അന്തർദേശീയ അംഗീകാരങ്ങൾ നേടിത്തന്ന പദ്ധതിയാണ് ‘സംരംഭകവർഷം’. പ്രധാനമന്ത്രി പങ്കെടുത്ത യോഗത്തിൽ രാജ്യത്തെ എംഎസ്എംഇ മേഖലയിലെ ഏറ്റവും മികച്ച പ്രാക്റ്റീസായും അമേരിക്കൻ സൊസൈറ്റി ഫോർ പബ്ലിക് അഡ്മിനിസ്ട്രേഷന്റെ നോവൽ ഇന്നൊവേഷൻ ഇൻ പബ്ലിക് അഡ്മിനിസ്ട്രേഷൻ അംഗീകാരവും നേടിയ പദ്ധതി. ഈ വർഷം മസൂറിയിലെ ഐഎഎസ് ട്രെയിനിങ്ങിലും കേരളത്തിന്റെ സംരംഭകവർഷം പദ്ധതി ഒരു പഠനവിഷയമാണ്. പ്രതിവർഷം 10,000 സംരംഭങ്ങൾ ആരംഭിച്ചിരുന്ന കേരളത്തിൽ ഫെബ്രുവരി 18 വരെയായി 3,45,000 സംരംഭങ്ങളും 22,135 കോടി രൂപയുടെ നിക്ഷേപവും 7,31,652 തൊഴിലും സംസ്ഥാനത്തുണ്ടായി. ഒരു ലക്ഷത്തിലധികം വനിതാ സംരംഭകർ പദ്ധതിയുടെ ഭാഗമായി എന്നതും അഭിമാനകരമായ നേട്ടമാണ്.

പുതിയ കേരളം

കേരളത്തിൽ വ്യവസായ നടത്തിപ്പിനായി ഓഫിസുകൾ കയറിയിറങ്ങേണ്ടിവരുന്ന അവസ്ഥ പഴങ്കഥയായി. ഏറ്റവും എളുപ്പത്തിൽ വ്യവസായം ആരംഭിക്കുന്നതിന് നിയമപരവും സാങ്കേതികവുമായ പിൻബലമൊരുക്കാൻ ഈ സർക്കാരിന് കഴിഞ്ഞു. ഉത്തരവാദിത്ത നിക്ഷേപം, ഉത്തരവാദിത്ത വ്യവസായം എന്ന നയം രാജ്യത്ത് ആദ്യമായി സ്വീകരിച്ചു. ഈ സർക്കാരിന്റെ കാലത്ത് കൊണ്ടുവന്ന ഉത്തരവാദിത്ത നിക്ഷേപ നയം പരിസ്ഥിതിക്ക് അനുയോജ്യമായതും താരതമ്യേന മലിനീകരണം കുറഞ്ഞതുമായ വ്യവസായങ്ങളുടെ കേന്ദ്രമാക്കി കേരളത്തെ മാറ്റിത്തീർക്കുകയാണ്. ഇതിനായി പുതിയ വ്യവസായ നയം കൊണ്ടുവന്നു. ലാന്‍ഡ് ലീസ് പോളിസിയിൽ മാറ്റം വരുത്തി. ലോജിസ്റ്റിക്സ് പാർക്ക് പോളിസി കൊണ്ടുവന്നു. എക്സ്പോർട് പോളിസി രൂപീകരിച്ചു. നിരവധി ഇൻസന്റീവുകളും സബ്സിഡികളും ഉൾപ്പെടുത്തി രൂപീകരിച്ചിട്ടുള്ള വ്യവസായനയം വ്യവസായലോകമാകെ മികച്ച പ്രതികരണത്തോടെ സ്വീകരിച്ചതും ഞങ്ങൾക്ക് പ്രതീക്ഷ നൽകുന്നുണ്ട്. ഇനി ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റാണ്. 2025 ഫെബ്രുവരി 21, 22 തീയതികളിൽ സംഘടിപ്പിക്കുന്ന സമ്മിറ്റിനായി 8 മാസം നീണ്ട മുന്നൊരുക്ക പരിപാടികൾ ഞങ്ങൾ സംഘടിപ്പിച്ചു. ഇത്ര വിപുലമായ മുന്നൊരുക്കം നടത്തിയ മറ്റൊരു നിക്ഷേപ സംഗമവും ഇതിന് മുമ്പ് നടന്നിട്ടില്ലെന്ന് ഞങ്ങൾക്കുറപ്പുണ്ട്. ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസിൽ ഒന്നാമതെത്തിയ കേരളത്തിലേക്ക്, ഏറ്റവും മികച്ച ടാലന്റ് പൂളുള്ള, ഏറ്റവും മികച്ച കാലാവസ്ഥയുള്ള, ഏറ്റവും മികച്ച കണക്റ്റിവിറ്റി സൗകര്യങ്ങളുള്ള കേരളം ലോകത്തിന് മുമ്പിൽ വാതിൽ തുറക്കുകയാണ്. ഈ രണ്ട് ദിവസങ്ങളിലായി കേരളം ലോകത്തെ അതിശയിപ്പിക്കും. കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്നതിനൊപ്പം നിക്ഷേപകരുടെയും സ്വന്തം നാടായി മാറും.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.