30 March 2025, Sunday
KSFE Galaxy Chits Banner 2

അന്താരാഷ്ട്ര വനിതാ ദിനം; നൃത്തമാടിയ ശ്രുതിക്ക് മുന്നില്‍ കാലിലെ ട്യൂമറും തോറ്റു

നിഖില്‍ എസ് ബാലകൃഷ്ണന്‍
കൊച്ചി
March 8, 2023 11:20 am

പ്രതിസന്ധികളുണ്ടാകാത്ത ജീവിതമില്ല . അത്തരം പ്രതിസന്ധികളെ ഏത് രീതിയില്‍ അതിജീവിക്കുന്നു എന്നതിലാണ് കാര്യം. നൃത്തത്തിനെ ജീവന് തുല്യം സ്‌നേഹിച്ച കലാകാരിയുടെ കാലിന് ട്യൂമര്‍ ബാധിച്ചാല്‍ ഏത് രീതിയിലായിരിക്കും അതിനെ മറികടക്കുക. അത്തരമൊരു പ്രതിസന്ധിയിലൂടെ കടന്നുപോവുകയും വെല്ലുവിളികളെ സധൈര്യം നേരിടുകയും ചെയ്ത കലാമണ്ഡലം ശ്രുതിയുടെ ജീവിതം ഏവര്‍ക്കും മാതൃകയാണ്. കാലിനെ കവര്‍ന്നെടുത്ത ട്യൂമറിനെ അതിജീവിച്ച ശ്രുതി ഇന്നും നൃത്തലോകത്ത് സജീവമായി തുടരുമ്പോള്‍ അതിന് സാധിച്ചത് അവരുടെ മനോധൈര്യമാണെന്ന് പറയാതെ വയ്യ. വലത്തേ കാലിനെ ബാധിച്ച ട്യൂമറിന്റെ രൂപത്തിലാണ് നൃത്തത്തെ മാത്രം ഉപാസിക്കുന്ന കലാകാരിക്ക് വിധി വെല്ലുവിളി സൃഷ്ടിച്ചത്. ഒരു നര്‍ത്തകിക്ക് എല്ലാം അവരുടെ കാലുകളാണ്. അപ്പോള്‍ ആ കാലില്‍ തന്നെ മാരകരോഗം പിടിമുറുക്കിയപ്പോള്‍ തളരാതെ പിടിച്ചുനിന്ന ശ്രുതിയെ എങ്ങനെ മാതൃകയാക്കാതിരിക്കാനാകും. അതുകൊണ്ട് തന്നെ ഉറപ്പിച്ച് പറയാനാകും ഒരുകലാതലമുറയ്ക്ക് തന്നെ മാതൃകയാക്കാന്‍ പോകുന്ന ജീവിതാനുഭവങ്ങളിലൂടെയാണ് ശ്രുതി കടന്നുപോയത്. കണ്ണൂര്‍ പയ്യന്നൂര്‍ പടിയോട്ടുചാല്‍ സ്വദേശിനിയാണ് ശ്രുതി. ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ അവിചാരിതമായാണ് നൃത്തവേദിയിലേയ്ക്ക് എത്തിയത്. സ്‌കൂളിലെ വേദികളില്‍ നിന്ന് സമ്മാനങ്ങള്‍ വാരിക്കൂട്ടിയ ശ്രുതിക്ക് നൃത്തമാണ് തന്റെ വഴിയെന്ന തിരിച്ചറിവ് ഉണ്ടാകുന്ന എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ്.

കലോത്സവ വേദികളില്‍ നിന്ന് സമ്മാനം മേടിക്കാനുള്ള മോഹങ്ങള്‍ക്ക് അവധി നല്‍കി ശ്രുതി നൃത്തത്തെ ജീവതത്തോട് ചേര്‍ത്ത് നിര്‍ത്തി. കാലമണ്ഡലത്തിലെ നാല് വര്‍ഷത്തെ പഠനകാലമാണ് മികവുറ്റ നര്‍ത്തകി എന്ന രീതിയിലേക്കുള്ള പറിച്ച് നടലിന് തുടക്കം കുറിച്ചത്. പിന്നീട് പലനാടുകളിലായി പല ഗുരുക്കന്മാരുടെയും കീഴില്‍ നൃത്തപഠനം തുടര്‍ന്നു. ഭരതനാട്യത്തിനോടുള്ള കമ്പം ആ മേഖലയില്‍ തന്നെ ഉറപ്പിച്ച് നിര്‍ത്തി. ഇതേ വിഭാഗത്തില്‍ തന്നെ ബിരുദാന്തര ബിരുദവും അവര്‍ കരസ്ഥമാക്കി. ഇതിനിടിയിലാണ് കലാജീവിതവേദി ലണ്ടനിലേയ്ക്ക് ചുവടുമാറ്റുന്നത്. അവിടെ നൃത്തവിദ്യാലയം സ്ഥാപിച്ച് കുട്ടികള്‍ക്ക് നൃത്തത്തിന്റെ പ്രാഥമിക പാഠങ്ങള്‍ പകര്‍ന്ന് നല്‍കുന്നതിനിടയിലാണ് വലത് കാലിലെ മുട്ടില്‍ വേദന അനുഭവപ്പെടുന്നത്. സാധാരണ വേദനയാണെന്ന് കരുതി ആദ്യം അവഗണിച്ചു. പിന്നീട് നാട്ടിലെത്തി നടത്തിയ തുടര്‍ ചികിത്സയിലാണ് കാലിലെ മുട്ടില്‍ ട്യൂമര്‍ സ്ഥിരികരിക്കുന്നത്. വേദന കഠിനമാകുമെന്നും ഇനി നൃത്ത മേഖലയില്‍ സജീവമാകാന്‍ സാധിക്കില്ലെന്നും ഡോക്ടര്‍മാര്‍ വിധിയെഴുതി.

എന്നാല്‍ തളരാന്‍ കൂട്ടാക്കാതിരുന്ന ശ്രുതിക്ക് പിന്‍ബലമായുണ്ടായിരുന്നത് ഡാന്‍സിനോടുളള അടങ്ങാത്ത മോഹവും പ്രതിബദ്ധതയും മാത്രമായിരുന്നു. കാല് അനക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ ഡോക്ടര്‍മാരെ പോലും അത്ഭുതപ്പെടുത്തിയാണ് ശ്രുതി നൃത്തലോകത്ത് വീണ്ടും സജീവമായത്. ഒന്നും ചെയ്യാനാകാതെ ഇരുന്നെങ്കില്‍ രോഗം അതിന്റെ തനി സ്വരൂപം കാണിക്കുമായിരുന്നുവെന്ന് വിശ്വസിക്കുന്ന ശ്രുതി നൃത്തം ചെയ്യാനുള്ള അടങ്ങാത്ത ആഗ്രഹമാണ് രോഗശമനത്തിന് താല്‍ക്കാലികമായെങ്കിലും മരുന്നായതെന്ന് വിശ്വസിക്കുന്നുണ്ട്. നിലവില്‍ സിനിമാതാരം വിനീതിന്റെയും ഗായിക സിത്താരയുടെയും സ്ഥാപനങ്ങളില്‍ നൃത്താധ്യാപികയായി ജോലി ചെയ്യുന്ന ശ്രുതിക്ക് കേരളത്തില്‍ തന്നെ തുടരാനാണ് ഇഷ്ടം. ഒരുകൂട്ടം കലാപ്രതിഭകളെ വാര്‍ത്തെടുക്കാനുള്ള ലക്ഷ്യത്തിലൂടെ തളരാതെ മുന്നോട്ട പോകാന്‍ തനിക്ക് ഇനിയും സാധിക്കുമെന്നും ഈ കലാകാരി ഉറച്ചുവിശ്വസിക്കുന്നു. ‘മനസ്‌കൊണ്ട് ജീവിതത്തില്‍ തോറ്റുപോയെന്ന് കരുതരുത്. ചെറിയ കാര്യങ്ങളില്‍ പോലും സന്തോഷം കണ്ടെത്താന്‍ സാധിച്ചാല്‍ പിന്നെ എല്ലാം എളുപ്പമാണ്’- പ്രതിസന്ധിയില്‍ തളര്‍ന്ന് നില്‍ക്കുന്നവരോട് ശ്രുതിക്ക് പറയാനുള്ളത് ഇത്രമാത്രം.

Eng­lish Summary;International Wom­en’s Day; The leg tumor also lost in front of Shru­ti who became a dancer
You may also like this video

YouTube video player

TOP NEWS

March 30, 2025
March 30, 2025
March 29, 2025
March 29, 2025
March 29, 2025
March 29, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.