27 December 2024, Friday
KSFE Galaxy Chits Banner 2

Related news

September 8, 2024
August 27, 2024
August 9, 2024
July 22, 2024
July 14, 2024
July 6, 2024
July 5, 2024
July 2, 2024
May 10, 2024
May 7, 2024

എന്താണ് ഇന്റെര്‍വെന്‍ഷണല്‍ റേഡിയോളജി?

ഡോ. പ്രവീൺ എ
December 30, 2023 8:24 pm

പൊതുജനങ്ങള്‍ക്കിടയില്‍ ഇന്റെര്‍വെന്‍ഷണല്‍ റേഡിയോളജിയെ പറ്റിയുള്ള അവബോധം പൊതുവേ കുറവാണ്. ഇതിന് പ്രധാന കാരണം ഇന്റെര്‍വെന്‍ഷണല്‍ റേഡിയോളജി താരതമ്യേനെ പുതിയ മെഡിക്കല്‍ സ്‌പെഷ്യലിറ്റി ആയതും, ചുരുക്കം വലിയ ആശുപത്രികളില്‍ മാത്രം ലഭ്യമായതിനാലുമാണ്. റേഡിയോളജി അഥവാ സ്‌കാനിങ് വിഭാഗം നമുക്കെല്ലാം സുപരിചിതമാണ്. രോഗനിര്‍ണയത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒരു മോഡേണ്‍ മെഡിസിന്‍ ശാഖയാണ് റേഡിയോളജി. ഇതില്‍ വിവിധ സ്‌കാനിങ് ഉപകരണങ്ങള്‍ (എക്‌സ്-റേ സി.റ്റി. സ്‌കാന്‍, എം.ആര്‍.ഐ. അള്‍ട്രാ സൗണ്ട് സ്‌കാനിംഗ്) ഉപയോഗിച്ച് രോഗാവസ്ഥയെ കുറിച്ച് പഠിക്കുന്നു. ഏതുതരത്തിലുള്ള രോഗമാണെന്നും അത് ഏത് അവയവത്തിലാണ്, അവയവത്തിന്റെ ഏത് ഭാഗത്താണെന്നും കൃത്യമായി നിര്‍ണയിക്കാന്‍ റേഡിയോളജി സംവിധാനങ്ങള്‍ സഹായിക്കുന്നു. ഇത്തരത്തില്‍ രോഗാവസ്ഥ എവിടെയാണെന്ന് മനസ്സിലാക്കിയാല്‍, അതേ സ്‌കാനിങ് ഉപകരണങ്ങളുടെ സഹായത്തോടെ ചെറിയ ഉപകരണങ്ങള്‍ രോഗം ഉള്ള ഭാഗത്തേക്ക് കൃത്യതയോടെ ചെറിയ സുഷിരങ്ങള്‍ വഴി കടത്തി ചികിത്സ നല്‍കുന്ന ചികിത്സാ വിഭാഗമാണ് ഇന്റെര്‍വെന്‍ഷണല്‍ റേഡിയോളജി.

എന്താണ് ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി ചികിത്സയുടെ സവിശേഷതകള്‍ / എങ്ങനെ മറ്റു സര്‍ജിക്കല്‍ ചികിത്സയില്‍ നിന്നും വ്യത്യസ്തമാകുന്നു?

ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി ചികിത്സയെ മറ്റു ചികിത്സയില്‍ നിന്നും വ്യത്യസ്തമാക്കുന്ന രണ്ട് പ്രധാന ഘടകങ്ങള്‍, ഒന്ന് അത് സ്‌കാനിങ് ഉപകരണങ്ങള്‍/ മെഡിക്കല്‍ ഇമേജനിങ്ങിന്റെ സഹായത്തോടെ ചെയ്യുന്നു എന്നതും, രണ്ട് ഇത് വളരെ ചെറിയ സുഷിരങ്ങള്‍ വഴി ചെയ്യുന്നു എന്നതുമാണ്. സാധാരണ സര്‍ജറികളില്‍ നിന്നും വ്യത്യസ്തമായി ചെറിയ സുഷിരങ്ങള്‍ വഴി ചെയ്യുന്നതിനാല്‍, വളരെ ചെറിയ മുറിവ് മാത്രമേ ഉണ്ടാവുകയുള്ളൂ. അതുകൊണ്ടുതന്നെ പൂര്‍ണ്ണ തോതിലുള്ള മയക്ക് (Anaes­the­sia) ഇല്ലാതെ ചികിത്സിക്കുന്ന ഭാഗം മരവിപ്പിച്ചാണ് ഇത് മിക്കവാറും ചെയ്യുന്നത്. ഇത് മൂലം ആശുപത്രി വാസം കുറവും സാധാരണ നിലയിലേക്ക് പെട്ടെന്ന് വരുവാനും സാധിക്കുന്നു.

ഏതെല്ലാം രോഗങ്ങള്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വഴി ചികിത്സിക്കാം?

തല മുതല്‍ പാദം വരെയുള്ള വിവിധതരം രോഗങ്ങള്‍ക്ക് ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി ചികിത്സ ലഭ്യമാണ്. കുറച്ചുകാലം മുമ്പ് വരെ ചുരുക്കം ചില രോഗങ്ങള്‍ മാത്രമേ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വഴി നല്ല രീതിയില്‍ ചികിത്സിക്കുവാന്‍ സാധിച്ചിരുന്നുള്ളൂ. എന്നാല്‍ ശാസ്ത്ര സാങ്കേതിക രീതിയുടെ പുരോഗതി മൂലം പല രോഗങ്ങള്‍ക്കും ഇന്ന് ഇത്തരം ചികിത്സ ലഭ്യമാണ്. പ്രധാനമായും രക്തക്കുഴലിനെ ബാധിക്കുന്ന വിവിധ രോഗങ്ങള്‍ക്കും, രക്തയോട്ടം കൂടിയ മുഴകള്‍ക്കും, ക്യാന്‍സര്‍ പോലുള്ള മുഴകള്‍ക്കും ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി ചികിത്സ ലഭ്യമായിട്ടുള്ളത്.

ശരീരത്തിലെ വിവിധ അവയവങ്ങളില്‍ ഉണ്ടാകുന്ന മുഴകള്‍ ഫൈബ്രോയിഡ് അഥവാ ഗര്‍ഭാശയമുഴ, കരളിലെയും തലയിലും കഴുത്തിലുമുള്ള രക്തരോട്ടം കൂടിയ മുഴകള്‍ എംബോളൈസേഷന്‍ (Emboli­sa­tion) എന്ന ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി ചികിത്സ വഴി നല്ല രീതിയില്‍ നിയന്ത്രിക്കുവാനും ഓപ്പറേഷന്‍ വേണ്ട സാഹചര്യത്തില്‍ അതിനു മുന്നോടിയായി രക്തസ്രാവം നിയന്ത്രിക്കുവാനും സാധിക്കുന്നു. ശ്വാസകോശത്തിലെയും തൈറോയിഡിലെയും മറ്റും മുഴകള്‍ നേരിട്ട് സൂചികടത്തി കരിച്ചു കളയുവാനും ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജില്‍ സാധ്യമാണ്.

വിവിധ അവയവങ്ങളില്‍ രക്തയോട്ടം തടസ്സപ്പെട്ട് ഉണ്ടാകുന്ന രോഗാവസ്ഥകള്‍: തലച്ചോറില്‍ Stroke അഥവാ മസ്തിഷ്‌കാഘാതം, കൈകാലുകളിലെ രക്തക്കുഴല്‍ തടസ്സപ്പെട്ടുണ്ടാകുന്ന ഉണങ്ങാത്ത മുറിവുകള്‍, നടക്കുവാന്‍ ബുദ്ധിമുട്ടുണ്ടാകുന്ന അവസ്ഥ എന്നിവയ്ക്ക് എന്നിവയ്ക്ക് thrombec­to­my, angio­plas­t­ing, stent­ing തുടങ്ങിയ ചികിത്സ വഴി നല്ല രീതിയില്‍ നിയന്ത്രിക്കുവാന്‍ സാധിക്കുന്നു.

അശുദ്ധ രക്തക്കുഴലിനെ (vein) ബാധിക്കുന്ന വെരിക്കോസ് വെയിന്‍ അസുഖത്തിന് ഓപ്പറേഷന്‍ ഇല്ലാതെ പിന്‍ ഹോള്‍ സുഷിരങ്ങള്‍ വഴി ചെയ്യുന്ന Laser Scle­rother­a­py, glue ther­a­py, Laser/RFA/Microwave abla­tion ചികിത്സയും സര്‍ജറിക്ക് തുല്യമായ രീതിയിലുള്ള രോഗമുക്തി വലിയ മുറിവുകളൊന്നും ഇല്ലാതെ തന്നെ നല്‍കുന്നു.

അപകടം മൂലം ജീവനു വരെ ഭീക്ഷണി ഉണ്ടാകുന്ന ആന്തരിക രക്ത സ്രാവത്തിനും ഓപ്പറേഷന്‍ ഒഴിവാക്കിയോ അല്ലെങ്കില്‍ ഓപ്പറേഷന്‍ സാധ്യമല്ലാത്ത സാഹചര്യങ്ങളിലും ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി ചികിത്സ നല്ല രീതിയില്‍ ഫലപ്രദമാണ്.

രോഗനിര്‍ണയത്തിന് കുത്തി പരിശോധന (Biop­sy) ആവശ്യമായ ഘട്ടങ്ങളില്‍ അത് വലിയ മുറിവില്ലാതെ ചെറിയ സൂചി വഴി സ്‌കാന്‍ ഉപയോഗിച്ച് കൃത്യതയോടെ ചെയ്യുവാന്‍ (Image guid­ed nee­dle biop­sy) ഇന്ന് മിക്ക സാഹചര്യങ്ങളിലും സാധിക്കുന്നു.

ഇത്തരം ചികിത്സകള്‍ക്കെല്ലാം വളരെ ചെറിയ മുറിവുകള്‍ (pin hole) മാത്രമുള്ളതിനാല്‍ ആശുപത്രി വാസം വളരെ കുറവും സാധാരണ ജീവിതത്തിലേക്ക് എളുപ്പം മടങ്ങുവാനും സാധിക്കുന്നു.

 

ഡോ. പ്രവീൺ എ
DNB (റേഡിയോ ഡയഗ്നോസിസ്) DM (ന്യൂറോ ഇമേജിംഗ് & ഇന്റർവെൻഷണൽ ന്യൂറോറഡിയോളജി)
സീനിയർ കൺസൾട്ടന്റ് — ന്യൂറോറഡിയോളജി & ഇന്റർവെൻഷണൽ റേഡിയോളജി
എസ്‌യുടി ആശുപത്രി, പട്ടം, തിരുവനന്തപുരം

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.