പൊലീസ് വേഷത്തിൽ ത്രില്ലടിപ്പിച്ച് ജയസൂര്യ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലര്‍ ജോൺ ലൂഥര്‍ പ്രേക്ഷക ഹൃദങ്ങളെ കീഴടക്കി മുന്നേറുകയാണ്. ജോൺ ലൂഥറിന്റെ സംവിധായകൻ അഭിജിത് ജോസഫ് തന്റെ സിനിമാനുഭവം പങ്കുവയ്ക്കുന്നു…
വയനാട്ടുകാരനായ ഞാൻ സുൽത്താൻബത്തേരിയിൽ നിന്നും എറണാക്കുളത്തേക്ക് മിക്കവാറും ബസ്സിലാണ് യാത്ര. താമരശ്ശേരി ചുരമിറങ്ങിയുള്ള യാത്രാവേളയിലാണ് ജോൺ ലൂഥറിന്റെ കഥ മനസ്സിൽ വരുന്നത്. അതുകൊണ്ട് തന്നെ അത്തരത്തിലുള്ള ഒരു സ്ഥലത്ത് തന്നെ പ്രേക്ഷകരോട് ഈ കഥ പറയണം എന്ന് തോന്നി. ഒറ്റപ്പെട്ട നാട്, കോടമഞ്ഞ്, മലകൾ ഇവകളുടെ ഫീൽ ഉൾപ്പെടുത്തണമെന്നും ചിത്രത്തിന്റെ കഥാപരമായി ഒരു ടെൻഷൻ ക്രിയേറ്റ് ചെയ്യാനുമെല്ലാം ഇത്തരം ഒരു സ്ഥലം വേണമെന്ന തോന്നലാണ് എന്നെ ദേവികുളത്തേക്ക് എത്തിക്കുന്നത്.
ഞാൻ ആദ്യം ഒരു കോമഡി കഥയുമായി ജയേട്ടനെ സമീപിച്ചിരുന്നു. അന്ന് പക്ഷേ അത് നടന്നില്ല. പിന്നീട് രണ്ടുവർഷത്തിന് ശേഷം ജോൺ ലൂഥറുമായി ജയേട്ടന്റെ അടുത്ത് എത്തുകയും കഥ കേട്ട ശേഷം അന്ന് തന്നെ അദ്ദേഹം ഒകെ പറയുകയുമായിരുന്നു. സത്യത്തിൽ ജയേട്ടനെ മനസ്സിൽ കണ്ടാണ് ഞാൻ ഈ തിരക്കഥ എഴുതിയിട്ടുള്ളത്.
ലാലേട്ടൻ ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായം അറിയിച്ചിരുന്നു. സത്യത്തിൽ എനിക്കും ടീമിനും അവാർഡ് ലഭിച്ചതിന് തുല്യമാണ് ലാലേട്ടന്റെ വാക്കുകൾ.
ലൂഥർ കണ്ട എല്ലാവരും പറഞ്ഞ കാര്യമാണ് ഛായഗ്രണം ഒരു രക്ഷയുമില്ലെന്ന്. അതിൽ തന്നെ അറിയാം അദ്ദേഹത്തിന്റെ കഴിവും ചിത്രത്തിനുവേണ്ടി അദ്ദേഹം നൽകിയ സംഭാവനകളും. ഒരോ സീനിലും ആ ഭംഗി അല്ലെങ്കിൽ ആ മൂഡ് നിലനിർത്താൻ ഒരു വിട്ടുവീഴ്ച്ചക്കും റോബിൻ തയ്യാറായില്ല. ഷൂട്ടിങ് സമയത്ത് വാഗമണ്ണിലെ തണുപ്പും മറ്റും കാരണം അദ്ദേഹത്തിന് പനിയായിരുന്നു. അതൊന്നും വകവയ്ക്കാതെ അദ്ദേഹം ചിത്രം പൂർത്തിയാക്കി.
പ്രേക്ഷകർ ഒരേ സ്വരത്തിൽ പറഞ്ഞ കാര്യമാണ് ജോൺ ലൂഥറിലെ പശ്ചാത്തല സംഗീതം.
റൊമാൻസും ഫീൽഗുഡ് സംഗീതങ്ങളുമാണ് ഷാനിക്ക ഏറ്റവും കൂടുതൽ ചെയ്തിട്ടുള്ളത്. അതിൽ നിന്നും ജോൺ ലൂഥറിൽ എത്തിയപ്പോൾ അദ്ദേഹത്തിന്റെ വലിയൊരു കഴിവ് ഇതിനായി ഉപയോഗിച്ചിട്ടുണ്ട്. അത് ചിത്രത്തിന്റെ ഒരോ ഭാഗങ്ങളിലും പ്രത്യേകിച്ച് ത്രില്ലിങ് ഭാഗങ്ങളിൽ വലിയൊരു മുതൽക്കൂട്ടായി. റൊമാൻസാവട്ടെ ത്രില്ലറാവട്ടെ ഏത് വിഭാഗത്തിലും ഷാനിക്ക മികവ് കാണിക്കും എന്നതിൽ തർക്കമില്ല. പ്രേക്ഷകരും ബിജിഎമ്മിനെ കുറിച്ച് നല്ല അഭിപ്രായങ്ങൾ എന്നെ അറിയിച്ചിരുന്നു.
സിദ്ദീഖ് ഇക്ക ജയേട്ടൻ കോമ്പിനേഷൻ സംവിധായകനെന്ന നിലയിൽ ഷൂട്ടിങ് സമയത്ത് തന്നെ ഞാൻ ശരിക്കും ആസ്വദിച്ചിരുന്നു. ആ ഒരു ഫീൽ പ്രേക്ഷകരിലേക്ക് എത്തിക്കാനും സാധിച്ചു എന്നാണ് എന്റെ വിശ്വാസം.
കോവിഡ് മഹാമാരികാലത്താണ് ഷൂട്ടിങ് നടക്കുന്നത്. കോവിഡ് സമയത്തെ കാര്യങ്ങൾ ശരിക്കും ടെൻഷൻ നിറഞ്ഞതായിരുന്നു. ടീം വർക്കായി ചെയ്യേണ്ട കാര്യമാണ് ഷൂട്ടിങ്. കോവിഡ് സമയത്തെ ഷൂട്ടിങ് ഓർക്കാൻ പോലും വയ്യ. എല്ലാ മുന്നൊരുക്കങ്ങളുമായി ഷൂട്ടിങ് സ്ഥലത്ത് എത്തുമ്പോഴാകും അറിയുക ഇവിടെ ഇന്ന് ഷൂട്ടിങ് നടക്കില്ല തൊട്ടപ്പറുത്ത് സി സോൺ ആണെന്നെല്ലാം. ഇതുകൂടാതെ മഴ, മണ്ണിടിച്ചിൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങളും ഷൂട്ടിങ് സമയത്ത് ഉണ്ടായിരുന്നു. ഇവയെല്ലാം മറികടന്ന് ഷൂട്ട് ചെയ്തത് വലിയൊരു അനുഭവമാണ്.
ആദ്യം എഡിറ്റിങ് മേഖലയിലാണ് എത്തുന്നത് സ്പോട്ട് എഡിറ്റർ, അസി. എഡിറ്റർ, അസോ. എഡിറ്റർ അതിന് ശേഷം സ്ക്രിപ്റ്റിംഗിലേക്ക് പ്രവേശിച്ചു. ഇപ്പോള്‍ സംവിധായകനിലേക്കും. ഒരുപാട് സന്തോഷം തോന്നുന്നു ഈ വേളയിൽ. ഷൂട്ടിങ് മേഖലയിലും ചിത്രത്തിലെ ഒരോ കാര്യങ്ങളിലും എഡിറ്ററായി പ്രവര്‍ത്തിച്ച പരിചയം എനിക്ക് വളരെ സഹായകരമായി. ഒരുപാട് തവണ രംഗങ്ങൾ എടുക്കേണ്ടിവന്നില്ല. ചിത്രത്തിലെ രംഗങ്ങളെല്ലാം വളരെ നന്നായി എടുക്കാൻ ആത്മവിശ്വാസം തന്നത് എഡിറ്റിങ് മേഖലയിലെ അനുഭവങ്ങൾ തന്നെയായിരുന്നു.
റിട്ട. അധ്യാപകരായ സുനിൽ, ഉഷ എന്നിവരാണ് എന്റെ മാതാപിതക്കാൾ. ഭാര്യ ചിന്റു തോമസ്. ജ്യേഷ്ഠന്‍ അമൽജിത്ത്, മൂന്ന് വയസ്സുള്ള മകൾ ജാക്ക്ലിൻ ഇസ ജോസഫ് ഇതാണെന്റെ കുടംബം. വീട്ടുകാരുടെ സപ്പോർട്ട് പറയാതിരിക്കാൻ കഴിയില്ല. 2013 ൽ പഠനം കഴിഞ്ഞ് 2022 ലാണ് എന്റെ പടം തിയേറ്ററുകളിൽ എത്തുന്നത്. ഞാൻ ഡൗൺ ആവുന്ന നിമിഷങ്ങളിലും എന്തിന് മഹാമാരി കാരണത്താൽ ഷൂട്ടിങ് മാറ്റി വയ്ക്കുമ്പോൾ അടക്കം കട്ടക്ക് കൂടെ നിന്നവരായിരുന്നു എന്റെ കുടംബം അത് എനിക്ക് കൂടുതൽ ഊർജ്ജം നൽകി.
പുതിയ പടം സസ്പെന്‍സായിത്തന്നെ ഇരിക്കട്ടെ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.