26 December 2024, Thursday
KSFE Galaxy Chits Banner 2

കടുവയെ ചത്തനിലയിൽ കണ്ടെത്തിയ സംഭവത്തിലെ അന്വേഷണം: ജഡം ആദ്യം കണ്ട കർഷകൻ ജീവനൊടുക്കി

Janayugom Webdesk
ബത്തേരി
February 11, 2023 11:00 am

നെന്മേനി അമ്പുകുത്തി 19 പാടിപറമ്പിൽ സ്വകാര്യവ്യക്തിയുടെ ഭൂമിയിൽ കുരുക്കിൽപ്പെട്ട് ചത്ത കടുവയുടെ ജഡം ആദ്യം കണ്ട കര്‍ഷകന്‍ ജീവനൊടുക്കി. അമ്പുകുത്തി പാടിപറമ്പ് കുഴിവിള ഹരികുമാറിനെ(54) ആണ് വ്യാഴാഴ്ച പുലർച്ചെ വീട്ടിനുളളിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 

കടുവ ചത്തതുമായി ബന്ധപ്പെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥർ നിരന്തരം ഫോണിൽ വിളിച്ച് ചോദ്യം ചെയ്തതിൽ മനംനൊന്ത് ഹരികുമാർ ആത്മഹത്യ ചെയ്തെന്നാണ് ബന്ധുക്കളുടെ പരാതി. ഫെബ്രുവരി ഒന്നിനായിരുന്നു അമ്പുകുത്തി പാടിപറമ്പിന് സമീപത്തെ സ്വകാര്യതോട്ടത്തിൽ കടുവ കുരുക്കിൽപ്പെട്ട് ചത്തനിലയിൽ കാണപ്പെട്ടത്. പളളിയാൽ മുഹമ്മദ് എന്നയാളുടെ തോട്ടത്തിലായിരുന്നു കടുവയുടെ ജഡം കണ്ടത്. ജഡം ആദ്യം കണ്ടയാളെന്ന നിലയ്ക്കാണ് ഹരികുമാറിനെ വനംവകുപ്പ് ഉദ്യേ­ാഗസ്ഥർ ചോദ്യം ചെയ്തത്. വീടിനുസമീപത്തെ ജലനിധി പദ്ധതിയിൽ വെളളം പമ്പ് ‌ചെയ്യാനായി പോകുന്നതിനിടയിലാണ് ഹരികുമാർ കടുവ ചത്തുകിടക്കുന്ന നിലയിൽ കണ്ടത്. തുടർന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് ഇയാളുടെ വിവരങ്ങൾ ശേഖരിച്ചിരുന്നു.

കടുവയെ ചത്തനിലയിൽ കണ്ടെത്തി നാലുദിവസങ്ങൾക്ക് ശേഷം ഹരികുമാർ ജോലി ചെയ്യുന്ന സ്ഥലത്ത് വനംവകുപ്പ് ജീവനക്കാരെത്തി വിവരങ്ങൾ ചോദിച്ചിരുന്നു. പിന്നീട് ഫോണിൽ ബന്ധപ്പെട്ട് നിരന്തരം വിവരങ്ങള്‍ അന്വേഷിച്ചെന്നും ഇതില്‍ ഭയന്നും മനംനൊന്തുമാണ് ആത്മഹത്യ ചെയ്തതെന്നും ഹരികുമാറിന്റെ ഭാര്യ ഉഷ ആരോപിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ കുടുക്കുമെന്നും ഇനി ജീവിതമില്ലെന്നും ഹരികുമാർ പറഞ്ഞതായും ഉഷ പറയുന്നു. ബുധനാഴ്ച രാത്രിയും വനംവകുപ്പ് ഉദ്യേ­ാഗസ്ഥർ ഫോണിൽ വിളിച്ചിരുന്നതായും അവർ പറഞ്ഞു. തുടർന്ന് വ്യാഴാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് ഹരികുമാറിനെ കാണാതാകുന്നത്.

അന്വേഷണത്തിനൊടുവിലാണ് സമീപത്തുതന്നെയുള്ള ഇവരുടെ മറ്റൊരു വീട്ടിനുളളിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി. ചിഞ്ചു, ചിന്തു എന്നിവരാണ് ഹരികുമാറിന്റെ മക്കള്‍. ഹരികുമാറിന്റെ ആത്മഹത്യയിൽ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ഉത്തരവാദികള്‍ എന്നാരോപിച്ച് അമ്പുകുത്തി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടുകാർ സുൽത്താൻബത്തേരിയിൽ ദേശീയപാത ഉപരോധിച്ചു. എന്നാല്‍ കർഷകനെ മാനസികമായി പീഡിപ്പിച്ചുവെന്ന് പറയുന്നത് വാസ്തവവിരുദ്ധമാണെന്നും കടുവയുടെ ജഡം ആദ്യം കണ്ടെന്നയാൾ എന്നനിലയ്ക്ക് ഇയാളോട് വിവരങ്ങൾ ചോദിച്ചറിയുക മാത്രമാണുണ്ടായതെന്നുമാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വാദം.

ആരോപണങ്ങള്‍ അന്വേഷിക്കും: വനംമന്ത്രി

കല്പറ്റ: വയനാട്ടില്‍ കെണിയില്‍പ്പെട്ട് ചത്ത കടുവയെ സംബന്ധിച്ച് വനം വകുപ്പിന് ആദ്യമായി വിവരം നല്‍കി സഹായിച്ച ഹരികുമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വനം-വന്യജീവി വകുപ്പുമന്ത്രി എ കെ ശശീന്ദ്രന്‍ അനുശോചനം രേഖപ്പെടുത്തി. കടുവ ചത്ത സംഭവത്തില്‍ നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിട്ടി സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ ഭാഗമായി മരണപ്പെട്ട ഹരികുമാറില്‍ നിന്നും വിവരങ്ങള്‍ അന്വേഷിച്ചിരുന്നു. ഹരികുമാര്‍ ഈ കേസില്‍ പ്രതിയല്ല. വനംവകുപ്പിന് വിവരം നല്‍കിയ ഒരു പൗരന്‍ മാത്രമാണ്. ഹരികുമാര്‍ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ചില ഭാഗത്തുനിന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയരുന്നുണ്ട്.
ഈ ആരോപണം വനം വിജിലന്‍സ് അന്വേഷിക്കും. വിജിലന്‍സ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ നരേന്ദ്രബാബു ഐഎഫ്എസ് ആണ് അന്വേഷണം നടത്തുക. 

Eng­lish Sum­ma­ry: Inves­ti­ga­tion in the case of tiger found dead: The first farmer who saw the body took his own life

You may like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.