
നിക്ഷേപ തട്ടിപ്പ് കേസിൽ പ്രമുഖ ബോളിവുഡ് നടൻ ശ്രേയസ് തൽപഡെ ഉള്‍പ്പെടെ മറ്റ് 12 പേര്‍ക്കെതിരെ ഉത്തർപ്രദേശിലെ മൈൻപുരി ജില്ലയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഫെബ്രുവരി 10 ചൊവ്വാഴ്ച ഭോഗാവോൺ പൊലീസ് സ്റ്റേഷനിലാണ് കേസ് ഫയൽ ചെയ്തതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. മൊഹല്ല മിഷ്‌റാന സ്വദേശിയുടെ പരാതിയെത്തുടർന്നാണ് ഈ നടപടി. മുംബൈ ആസ്ഥാനമായുള്ള ഒരു ബാങ്ക് ശാഖയുടെ പേരിൽ നിക്ഷേപ പദ്ധതികൾ വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായും ശ്രേയസ് തൽപഡെയും സംഘവും ഗ്രാമവാസികളെ കബളിപ്പിച്ചതായും പരാതിയിൽ ആരോപിക്കുന്നു. കോടതി ഉത്തരവിനെത്തുടർന്ന് പൊലീസ് ഇപ്പോൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഈ ആരോപണങ്ങളോട് നടൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ബോളിവുഡിലും മറാത്തി സിനിമയിലും ഒരുപോലെ സജീവമായ നടനും സംവിധായകനും നിർമ്മാതാവുമാണ് ശ്രേയസ് തൽപഡെ. 2005ൽ പുറത്തിറങ്ങിയ ‘ഇക്ബാൽ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട അദ്ദേഹം ഡോർ, ഗോൾമാൽ പരമ്പര, ഓം ശാന്തി ഓം തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തനായി. അഹമ്മദ് ഖാൻ സംവിധാനം ചെയ്യുന്ന ‘വെൽക്കം ടു ദി ജംഗിൾ’ ആണ് ശ്രേയസിന്റെ വരാനിരിക്കുന്ന അടുത്ത ചിത്രം. അക്ഷയ് കുമാർ, സുനിൽ ഷെട്ടി, രവീണ ടണ്ടൻ തുടങ്ങി 30ലധികം പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം 2026 ജൂൺ 26ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് നിശ്ചയിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.