
ഐപിഎൽ താരലേലത്തിൽ രണ്ട് ആഭ്യന്തര താരങ്ങളെ സ്വന്തമാക്കാൻ ചെന്നൈ സൂപ്പർ കിങ്‌സ് ചെലവഴിച്ചത് 28.40 കോടി രൂപ. യുവതാരങ്ങളായ പ്രശാന്ത് വീർ, കാർത്തിക് ശർമ എന്നിവർക്കായി 14.20 കോടി രൂപ വീതമാണ് സി എസ് കെ മുടക്കിയത്. അൺക്യാപ്ഡ് (രാജ്യാന്തര മത്സരം കളിക്കാത്ത) താരങ്ങളുടെ ലേല ചരിത്രത്തിലെ റെക്കോർഡ് തുകയാണിത്. ഉത്തർപ്രദേശ് ഓൾറൗണ്ടറായ പ്രശാന്ത് വീറിൻ്റെ അടിസ്ഥാനവില 30 ലക്ഷം രൂപ മാത്രമായിരുന്നു. എന്നാൽ ലേലം തുടങ്ങിയ ഉടൻ വിവിധ ഫ്രാഞ്ചൈസികൾ രംഗത്തെത്തിയതോടെ വില കുത്തനെ ഉയർന്നു. സൺറൈസേഴ്‌സ് ഹൈദരാബാദാണ് ചെന്നൈക്ക് ശക്തമായ വെല്ലുവിളി ഉയർത്തിയത്. രവീന്ദ്ര ജഡേജ ടീം വിട്ട ഒഴിവിലേക്കാണ് പ്രശാന്ത് വീറിനെ എത്തിച്ചതെന്നാണ് റിപ്പോർട്ടുകൾ.
ഇടംകൈയ്യൻ ബാറ്ററായ 20കാരനായ താരം സ്പിൻ ബൗളിങ്ങിലും മികവ് തെളിയിച്ചിട്ടുണ്ട്. ഇതുവരെ കളിച്ച 12 ടി20 മത്സരങ്ങളിൽ നിന്ന് 167.16 സ്‌ട്രൈക്ക് റേറ്റിൽ 112 റൺസും 12 വിക്കറ്റും താരം സ്വന്തമാക്കിയിട്ടുണ്ട്. യുപി ടി20 ലീഗിൽ നോയ്ഡ സൂപ്പർ കിങ്‌സിനായുള്ള പ്രകടനവും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ഫോമുമാണ് താരത്തെ ശ്രദ്ധേയനാക്കിയത്.
ലോവർ ഓർഡറിൽ ബാറ്റ് ചെയ്യുന്ന വിക്കറ്റ് കീപ്പർ ബാറ്ററാണ് 19കാരനായ രാജസ്ഥാൻ താരം കാർത്തിക് ശർമ. 30 ലക്ഷം അടിസ്ഥാന വിലയിൽ തുടങ്ങിയ താരത്തിൻ്റെ ലേലത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും ലഖ്‌നൗ സൂപ്പർ ജയന്റ്‌സുമാണ് ആദ്യം ബിഡ് വെച്ചത്. ലേലം 5 കോടി പിന്നിട്ട ശേഷമാണ് ചെന്നൈ സൂപ്പർ കിങ്‌സ് രംഗപ്രവേശം ചെയ്തത്. നടന്നുവരുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി ലീഗ് ഘട്ടത്തിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 133 റൺസാണ് കാർത്തിക് നേടിയത്. മിനിറ്റുകളുടെ വ്യത്യാസത്തിൽ സി എസ് കെ രണ്ടാമത്തെ അൺക്യാപ്ഡ് താരത്തെയും റെക്കോർഡ് തുകക്ക് സ്വന്തമാക്കി, തങ്ങളുടെ ബാറ്റിംഗ് നിരയ്ക്ക് യുവത്വം നൽകാനുള്ള ശ്രമമാണ് ഇതിലൂടെ നടത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.