
ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ ഈ വർഷത്തെ ഐപിഎല്ലിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പ്രഖ്യാപിച്ചു. ലേലത്തിൽ നിന്ന് തന്റെ പേര് ഒഴിവാക്കണമെന്ന് താരം ആവശ്യപ്പെട്ടതായി മാക്‌സ്‌വെൽ തന്നെയാണ് വെളിപ്പെടുത്തിയത്. 2019ന് ശേഷം ഇതാദ്യമായാണ് മാക്‌സ്‌വെൽ ഐപിഎല്ലിൽ നിന്ന് വിട്ടുനിൽക്കുന്നത്. മിനി ലേലത്തിനുള്ളവരുടെ പട്ടികയിൽ നിന്ന് മാക്‌സ്‌വെല്ലിന്റെ പേര് കാണാതായപ്പോഴേ ആരാധകർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ സീസണിൽ താരത്തിന് ശോഭിക്കാനായിരുന്നില്ല, കൂടാതെ സീസണിനിടെ പരിക്ക് കാരണം പുറത്താകുകയും ചെയ്തിരുന്നു. 13 സീസണുകളിലായി 2819 റൺസാണ് മാക്‌സ്‌വെൽ നേടിയിട്ടുള്ളത്. 2014ൽ പഞ്ചാബിനായി 552 റൺസ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും, കഴിഞ്ഞ 16 ഇന്നിങ്‌സുകളിൽ നിന്ന് ആകെ 100 റൺസ് മാത്രമാണ് താരത്തിന് നേടാനായത്. ഐപിഎല്ലിനുണ്ടാകില്ലെന്നും പകരം പാക് സൂപ്പർ ലീഗിലേക്ക് പോവുകയാണെന്ന് ഫാഫ് ഡു പ്ലെസിസും വ്യക്തമാക്കിയിരുന്നു.
അതേസമയം, ഡിസംബർ 16ന് അബുദാബിയിൽ നടക്കുന്ന മിനി ലേലത്തിൽ പങ്കെടുക്കുന്നതിനായി 1355 താരങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് ക്രിക്ബസ് റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ 1062 പേർ ഇന്ത്യൻ താരങ്ങളാണ്. മായങ്ക് അഗർവാൾ, കെ എസ് ഭരത്, രാഹുൽ ചഹർ, രവി ബിഷ്ണോയ്, ആകാശ് ദീപ്, ദീപക് ഹൂഡ, വെങ്കിടേഷ് അയ്യർ, സർഫറാസ് ഖാൻ, പൃഥ്വി ഷാ, ഉമേഷ് യാദവ് എന്നിവരാണ് ഇന്ത്യൻ താരങ്ങളിൽ പ്രമുഖർ. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ, ന്യൂസീലൻഡ്, ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ് എന്നിവിടങ്ങളിൽ നിന്നായി 293 വിദേശതാരങ്ങളും ലേലത്തിനുണ്ട്. കാമറൂൺ ഗ്രീൻ, മാത്യു ഷോട്ട്, സ്റ്റീവ് സ്മിത്ത് തുടങ്ങിയവരാണ് വിദേശതാരങ്ങളിലെ പ്രമുഖർ.
45 കളിക്കാരാണ് രണ്ട് കോടി അടിസ്ഥാന വിലയിലുള്ളത്. ഷാക്കിബ് അലി ഹസൻ ഒരു കോടിയാണ് അടിസ്ഥാന വിലയായി നിശ്ചയിച്ചത്. ന്യൂസീലൻഡിന്റെ ഇന്ത്യൻ വംശജനായ താരം ആദിത്യ അശോകിന് 75 ലക്ഷവും, ഇന്ത്യൻ വേരുകളുള്ള മലേഷ്യൻ താരം വിരൺദീപ് സിങിന് 30 ലക്ഷവുമാണ് അടിസ്ഥാന വില. 237.55 കോടി രൂപയാണ് ഐപിഎൽ ഫ്രാഞ്ചൈസികളുടെ കീശയിലുള്ളത്. ഇതിൽ കെകെആറിന് 64.30 കോടിയും ചെന്നൈ സൂപ്പർ കിങ്‌സിന് 43.40 കോടിയുമുണ്ട്. മറ്റുള്ളവർക്കെല്ലാമായി 129.85 കോടിയുമാണുള്ളത്. 77 സ്ലോട്ടുകളാണ് ലേലത്തിൽ ഓപ്പണാവുക. ഇതിൽ 31 എണ്ണം വിദേശതാരങ്ങൾക്കായുള്ളതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.