3 March 2026, Tuesday

Related news

March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 2, 2026

പശ്ചിമേഷ്യയിൽ പുതിയ യുദ്ധതന്ത്രം; ഡാറ്റാ സെന്ററുകൾ നിശ്ചലമാക്കി ഇറാന്റെ ആക്രമണം

Janayugom Webdesk
ദുബായ്/മനാമ
March 3, 2026 8:52 pm

പശ്ചിമേഷ്യൻ യുദ്ധം സൈനിക താവളങ്ങളിൽ നിന്ന് ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളിലേക്ക് പടരുന്നു. യുഎഇയിലെയും ബഹ്‌റൈനിലെയും ആമസോൺ ഡാറ്റാ സെന്ററുകൾക്ക് നേരെ നടന്ന ഡ്രോൺ ആക്രമണങ്ങൾ മേഖലയിലെ സാമ്പത്തിക‑ഗതാഗത മേഖലകളെ പൂർണമായും തടസപ്പെടുത്തി. പരമ്പരാഗത യുദ്ധരീതികളിൽ നിന്ന് മാറി, ഒരു രാജ്യത്തിന്റെ ‘ഡിജിറ്റൽ നട്ടെല്ല്’ തകർക്കുന്ന പുതിയ തന്ത്രമാണ് ഇവിടെ അരങ്ങേറുന്നതെന്നാണ് വിലയിരുത്തല്‍.
ലോകത്തെ ഏറ്റവും വലിയ ക്ലൗഡ് സേവന ദാതാക്കളായ ആമസോൺ വെബ് സർവീസസി(എഡബ്ല്യുഎസ്) ന്റെ മൂന്ന് ഡേറ്റാ സെന്ററുകളാണ് ആക്രമിക്കപ്പെട്ടത്. ഞായറാഴ്ച നടന്ന ഡ്രോൺ ആക്രമണത്തിൽ യുഎഇയിലെ രണ്ട് കേന്ദ്രങ്ങൾക്ക് നാശനഷ്ടം സംഭവിച്ചു. ബഹ്‌റൈനിലെ ഡേറ്റാ സെന്ററിന് സമീപമുണ്ടായ സ്ഫോടനത്തിൽ കെട്ടിടത്തിന് കാര്യമായ തകരാറുകൾ സംഭവിച്ചു. നാശനഷ്ടങ്ങൾ വളരെ വലുതായതിനാൽ സേവനങ്ങൾ പൂർണ്ണമായി പുനസ്ഥാപിക്കാൻ ആഴ്ചകൾ എടുത്തേക്കാം.
ഡാറ്റാ സെന്ററിലുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് ഉണ്ടായ സാങ്കേതിക തകരാറുകൾ സാധാരണക്കാരന്റെ ജീവിതത്തെയും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും നേരിട്ട് ബാധിച്ചിട്ടുണ്ട്. വിമാനങ്ങളുടെ സമയക്രമം നിയന്ത്രിക്കുന്ന സിസ്റ്റങ്ങൾ തകരാറിലായതോടെ ദുബായ്, കുവൈത്ത് വിമാനത്താവളങ്ങളിൽ പതിനായിരക്കണക്കിന് യാത്രക്കാർ കുടുങ്ങി. വിമാന സർവീസുകൾ പലതും റദ്ദാക്കി. സാങ്കേതിക തകരാറുകൾ കാരണം യുഎഇ ഓഹരി വിപണി തുടർച്ചയായി രണ്ട് ദിവസം അടച്ചിട്ടു. ശതകോടിക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് ഇത് വഴി രേഖപ്പെടുത്തുന്നത്. ഓൺലൈൻ പണമിടപാടുകളും എടിഎം സേവനങ്ങളും പലയിടത്തും മുടങ്ങി. ബാങ്കുകളുടെ സെർവറുകൾ ഡേറ്റാ സെന്ററുകളെ ആശ്രയിക്കുന്നതിനാൽ ഇടപാടുകൾ നടത്താൻ കഴിയാത്ത അവസ്ഥയാണ്.
ആധുനിക കാലത്ത് സൈനിക നീക്കങ്ങളും സിവിൽ ഭരണസംവിധാനങ്ങളും പൂർണ്ണമായും ഡാറ്റയെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്.
റഡാറുകൾ, മിസൈൽ നിയന്ത്രണ സംവിധാനങ്ങൾ, സൈനിക ആശയവിനിമയം എന്നിവയെല്ലാം ഡിജിറ്റൽ ശൃംഖലയിലാണ്. ഇത് തകർക്കുന്നതിലൂടെ ശത്രുപക്ഷത്തിന്റെ സൈനിക നീക്കങ്ങളെ തളർത്താം. വൈദ്യുതി, ബാങ്കിങ്, ആശയവിനിമയം എന്നിവ തടസ്സപ്പെടുമ്പോൾ ജനങ്ങൾക്കിടയിൽ ഭീതിയും അസ്വസ്ഥതയും പടരും. ഇത് ഭരണകൂടത്തിന് മേൽ സമ്മർദ്ദം ചെലുത്താൻ സഹായിക്കും.
ആഗോള ടെക് ഹബ്ബായി മാറിക്കൊണ്ടിരുന്ന പശ്ചിമേഷ്യയ്ക്ക് ഈ നീക്കം വലിയ തിരിച്ചടിയാണ്. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ തുടങ്ങിയ കമ്പനികൾ ശതകോടിക്കണക്കിന് ഡോളറാണ് ഗൾഫ് രാജ്യങ്ങളിൽ നിക്ഷേപിക്കാൻ പദ്ധതിയിട്ടിരുന്നത്. 2026-ഓടെ സൗദിയിൽ മാത്രം 5.3 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് ആമസോൺ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഡേറ്റാ സെന്ററുകൾക്ക് നേരെയുള്ള ആക്രമണം ഇത്തരം വൻകിട നിക്ഷേപങ്ങളെയും സാങ്കേതിക വിപ്ലവത്തെയും പിന്നോട്ടടിച്ചേക്കാമെന്നും വിലയിരുത്തപ്പെടുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.