10 January 2026, Saturday

Related news

November 23, 2025
November 8, 2025
November 8, 2025
November 4, 2025
October 11, 2025
October 6, 2025
October 2, 2025
September 28, 2025
September 26, 2025
September 25, 2025

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം : ഇരു രാജ്യങ്ങളില്‍ നിന്നും ഇന്ത്യാക്കാരെ ഒഴിപ്പിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു

വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ ഇരുരാജ്യങ്ങളുമായി ബന്ധപ്പെട്ടു
Janayugom Webdesk
ന്യൂഡല്‍ഹി
June 17, 2025 12:01 pm

ഇറാന്‍— ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. ഇസ്രയേലിലെ ടെല്‍അവീവില്‍ നിന്ന് ജോര്‍ദാന്‍. ഈജിപ്ത് അതിര്‍ത്തി വഴി എത്തിക്കാനാണ് ശ്രമിക്കുന്നത്. അതേസമയം ഇറാനില്‍ നിന്ന് നൂറുപേരടങ്ങുന്ന ഇന്ത്യന്‍ സംഘം അര്‍മേനിയ വഴി അതിര്‍ത്തി കടന്നിട്ടുണ്ട്.കഴിഞ്ഞദിവസം ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലുണ്ടായ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു. ഇസ്രയേലിലെ വ്യോമപാത അടച്ച പശ്ചാത്തലത്തിലാണ് ജോര്‍ദാന്‍, ഈജിപ്ത് അതിര്‍ത്തികള്‍ വഴി ഇന്ത്യക്കാരെ ഒഴുപ്പിക്കാനുള്ള നീക്കം ആരംഭിച്ചത്.

ഇരുപത്തി അയ്യായിരത്തോളം ഇന്ത്യക്കാർ ഇസ്രയേലിലുണ്ട്. ടെല്‍ അവീവിലെ ഇന്ത്യന്‍ എംബസ്സി ഇസ്രയേലിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. വിഷയത്തിൽ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ ഇരുരാജ്യങ്ങളുമായി ബന്ധപ്പെടുന്നുണ്ട്. ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ ടെഹ്‌റാൻ വിടണമെന്ന നിർദേശത്തിന് പിന്നാലെ ഇന്ത്യൻ വിദ്യാർഥികളെ ഇറാനിൽ നിന്നും ഒഴിപ്പിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. ടെഹ്‌റാനിൽ വിവിധ സർവകലാശാലകളിലെ മെഡിക്കൽ വിദ്യാർഥികളെയാണ് ആദ്യഘട്ടത്തിൽ അർമേനിയൻ അതിർത്തിയിലെത്തിച്ചത്. ഇവിടെ നിന്നും വിമാനത്തിൽ ഇവരെ ഇന്ത്യയിലെത്തിക്കാനാണ് നീക്കം. യുഎഇ വഴിയും വിദ്യാർഥികളെ ഇന്ത്യയിലെത്തിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരെ ടെഹ്‌റാനിൽ നിന്നും ഒഴിപ്പിക്കുന്നതും ഇന്ത്യയിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് അർമേനിയൻ വിദേശകാര്യമന്ത്രിയുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ സംസാരിച്ചിരുന്നു. മൂവായിരത്തോളം വിദ്യാർഥികളുൾപ്പെടെ ഇരുപതിനായിരത്തോളം ഇന്ത്യക്കാർ ഇറാനിലുണ്ട്. ടെഹ്റാനിലെ ഇന്ത്യൻ എംബസി സുരക്ഷാ സാഹചര്യം നിരന്തരം നിരീക്ഷിക്കുകയും ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയെടുക്കുകയും ചെയ്യുന്നുണ്ടെന്നും എംബസിയുടെ സൗകര്യത്തോടെ വിദ്യാർഥികളെ ഇറാനിലെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുകയാണെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

ഇസ്രയേലിലെ ടെൽ അവീവിലും തുറമുഖനഗരമായ ഹൈഫയിലും പ്രദേശികസമയം തിങ്കളാഴ്ച പുലർച്ചെ നാലോടെ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ എട്ടുപേർ മരിച്ചു. നൂറോളം പേർക്ക് പരിക്കേറ്റു. ഇറാൻ റെവലൂഷണറി ഗാർഡ് കോറിന്റെ (ഐആർജിസി) രഹസ്യാന്വേഷണവിഭാഗമായ ഖുദ്‌സ് സേനയുടെ 10 കമാൻഡ് സെന്ററുകളിൽ ഇസ്രയേൽ ബോംബിട്ടു. ആക്രമണത്തിൽ രഹസ്യാന്വേഷണവിഭാഗം മേധാവി ബ്രിഗേഡിയൻ ജനറൽ മുഹമ്മദ് കസേമിയുൾപ്പെടെ നാല് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ചമുതൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ 224 പേർ മരിച്ചെന്ന് ഇറാൻ പറഞ്ഞു. 1400-ഓളം പേർക്ക് പരിക്കേറ്റു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.