15 February 2026, Sunday

Related news

February 15, 2026
February 14, 2026
February 11, 2026
February 11, 2026
February 6, 2026
February 1, 2026
February 1, 2026
January 28, 2026
January 27, 2026
January 24, 2026

യുഎസ് സാമ്പത്തിക ഉപരോധങ്ങൾ നീക്കം ചെയ്താല്‍ വിട്ടുവീഴ്ച ചെയ്യാം: ഇറാന്‍

Janayugom Webdesk
ടെഹ്റാന്‍
February 15, 2026 9:32 pm

അമേരിക്ക സാമ്പത്തിക ഉപരോധങ്ങൾ നീക്കം ചെയ്യാൻ തയ്യാറാണെങ്കിൽ ആണവ പദ്ധതിയിൽ വിട്ടുവീഴ്ചകൾ ചെയ്യാൻ സന്നദ്ധമാണെന്ന് ഇറാന്‍. ആണവ കരാറിനെക്കുറിച്ച് ചർച്ച ചെയ്യാമെങ്കിലും രാജ്യത്തിന്റെ മിസൈൽ പദ്ധതികളോ പ്രാദേശിക ഇടപെടലുകളോ ചർച്ചാവിഷയമാക്കില്ലെന്ന് വിദേശകാര്യ സഹമന്ത്രി മജീദ് തക്ത്-റവാഞ്ചി വ്യക്തമാക്കി. ഒമാന്റെ മധ്യസ്ഥതയിലായിരിക്കും കൂടിക്കാഴ്ച. തീരുമാനമെടുക്കേണ്ടത് അമേരിക്കയാണെന്നും കരാറിനോട് ആത്മാർത്ഥതയുണ്ടെങ്കിൽ ഉടമ്പടി സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു. 

സാമ്പത്തിക ഉപരോധം പിന്തവലിക്കുകയാണെങ്കില്‍ 60% വരെ സമ്പുഷ്ടീകരിച്ച യുറേനിയം നേർപ്പിക്കാൻ (ഡെെല്യൂട്ട് ) തയ്യാറാണെന്ന് ഇറാൻ സൂചിപ്പിച്ചു. എന്നാൽ ‘സീറോ എൻറിച്ച്‌മെന്റ്’ എന്ന അമേരിക്കയുടെ ആവശ്യം അംഗീകരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ആണവായുധം നിർമ്മിക്കുന്നതിന് ആവശ്യമായ 90% ശുദ്ധതയിലേക്ക് എളുപ്പത്തിൽ എത്താൻ സാധിക്കുന്ന ഘട്ടമാണ് 60% സമ്പുഷ്ടീകരണം. ഇത് കുറയ്ക്കാന്‍ തയ്യാറാണെന്ന് പറയുന്ന ഇറാന്റെ നിലപാട് വളരെ നിർണായകമായ ഒരു നയതന്ത്ര നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. 

യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള എല്ലാ സാങ്കേതിക വിദ്യകളും ഇറാൻ പൂർണമായും ഉപേക്ഷിക്കണമെന്നാണ് അമേരിക്കയുടെ ആവശ്യം. എന്നാൽ, സമാധാനപരമായ ആവശ്യങ്ങൾക്കായി (വൈദ്യുതി ഉൽപ്പാദനം, വൈദ്യശാസ്ത്രം) യുറേനിയം സമ്പുഷ്ടീകരിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് ഇറാന്‍ പറയുന്നു. കൈവശമുള്ള 60% യുറേനിയം നേർപ്പിക്കുക വഴി, പെട്ടെന്നൊരു ആണവായുധം നിർമ്മിക്കാനുള്ള സാധ്യത കുറയുന്നു. 

അമേരിക്കയും ഇറാനും തമ്മിലുള്ള ആണവ ചർച്ചകളുടെ അടുത്ത റൗണ്ട് ഈ ആഴ്ച ജനീവയിൽ നടക്കുമെന്ന് സ്വിറ്റ്സർലൻഡ് സർക്കാർ സ്ഥിരീകരിച്ചു. യുഎസ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫ്, ജാരെഡ് കുഷ്നർ എന്നിവരും ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയും ചർച്ചകളിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒമാന്റെ മധ്യസ്ഥതയിലാണ് പരോക്ഷ ചർച്ചകൾ നടക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar