
ഇറാനിലെ രാജ്യവ്യാപകമായ പ്രക്ഷോഭത്തിനിടെ സുരക്ഷാ സേന കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാര്‍ ലെെംഗികമായി പീഡിക്കപ്പെട്ടതായി മനുഷ്യവകാശ സംഘടനയായ കുർദിസ്ഥാൻ ഹ്യൂമന്‍ റെെറ്റ്സ് നെറ്റ്‍വര്‍ക്ക് (കെഎച്ച്ആർഎൻ). ഇവരില്‍ 16വയസുള്ള ഒരു കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വളരെ ക്രൂരമായ രീതിയിലാണ് മര്‍ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തെന്ന് കുട്ടി കെഎച്ച്ആർഎൻ പ്രവര്‍ത്തകരോട് വെളിപ്പെടുത്തി. ഡിസംബർ അവസാനം പ്രതിഷേധങ്ങൾ ആരംഭിച്ചതിനുശേഷം അറസ്റ്റിലായ 20,000ത്തിലധികം പ്രതിഷേധക്കാരോടുള്ള പൊലീസിന്റെ പെരുമാറ്റത്തെക്കുറിച്ച് മനുഷ്യാവകാശ സംഘടനകള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
2022ലും രാജ്യവ്യാപകമായി നടന്ന ഹിജാബ് വിരുദ്ധ പ്രതിഷേധത്തിനിടെ തടവുകാർ പൊലീസിന്റെ ബലാത്സംഗം, മർദ്ദനം, പീഡനം എന്നിവ നേരിട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിലവിലെ പ്രതിഷേധങ്ങളില്‍ 5000ത്തിലധികം പേര്‍ മരിച്ചതായാണ് ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. 8,949 മരണങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്ന് യുഎസ് ആസ്ഥാനമായുള്ള ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസി അറിയിച്ചു. ജനുവരി 10 ന് വടക്കുപടിഞ്ഞാറൻ ഇറാനിൽ പ്രതിഷേധക്കാർക്കു നേരെ സൈന്യം വെടിയുതിർത്തതിനെ തുടർന്ന് ലങ്കാരുഡിൽ നിന്നുള്ള ഗർഭിണിയായ ഷോലെ സൊതൂദേയും അവരുടെ ഗർഭസ്ഥ ശിശുവും കൊല്ലപ്പെട്ടതായി നോർവേ ആസ്ഥാനമായുള്ള കുർദിഷ് മനുഷ്യാവകാശ സംഘടനയായ ഹെൻഗാവ് പറഞ്ഞു.
40 വയസ്സുള്ള സോറൻ ഫെയ്‌സിസാദെ, കസ്റ്റഡിയിൽ കഴിയുമ്പോൾ പീഡനത്തെ തുടർന്ന് മരിച്ചുവെന്ന് ഹെൻഗാവ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജനുവരി ഏഴിന് നടന്ന പ്രതിഷേധത്തിനിടെ ഫെയ്‌സിസാദെയെ കസ്റ്റഡിയിലെടുത്തതായും രണ്ട് ദിവസത്തിന് ശേഷം അദ്ദേഹത്തിന്റെ മരണവാർത്ത കുടുംബത്തെ അറിയിച്ചെന്നുമാണ് സംഘടന പറയുന്നത്. ആവർത്തിച്ചുള്ള അടി മൂലമുണ്ടായ പരിക്കുകളുടെ വ്യാപ്തി കാരണം അദ്ദേഹത്തിന്റെ മൃതദേഹം തിരിച്ചറിയാൻ പോലും കഴിഞ്ഞിരുന്നില്ല. അധികാരികളിൽ നിന്ന് മൃതദേഹം വീണ്ടെടുക്കാൻ കുടുംബത്തിന് വലിയൊരു തുക നൽകേണ്ടി വന്നുവെന്ന് ഹെൻഗാവ് കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.